യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മക്കൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല
Sunday, May 25, 2025 11:28 PM IST
കൽപ്പറ്റ: മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലുണ്ടായ സംഭവത്തിൽ ഇടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇവർ വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണം കണ്ട് പേടിച്ച് കുട്ടി എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 14 വയസുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.