റൺമലയ്ക്കു മുന്നിൽ കെകെആർ വീണു; വൻ വിജയവുമായി സൺറൈസേഴ്സ്
Sunday, May 25, 2025 11:50 PM IST
ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വൻ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. കെകെആറിനെ 110 റൺസിന് തകർത്താണ് പാറ്റ് കമ്മിൻസും സംഘവും ഈ സീസണോട് വിടപറയുന്നത്.
സ്കോർ: ഹൈദരാബാദ് 278/3 കോൽക്കത്ത 168 (18.4). ഹൈദരാബാദ് ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത 168 റൺസ് നേടിയപ്പോഴേയ്ക്ക് എല്ലാവരും പുറത്തായി. 37 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് ടോപ് സ്കോറര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും (39 പന്തിൽ 105) ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുടെയും (76) കരുത്തിലാണ് 278/3 എന്ന പടുകൂറ്റൻ സ്കോർ ഉയർത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കെകെആറിനായി ഓപ്പണര്‍മാരായ സുനിൽ നരെയ്ൻ - ക്വിന്റൺ ഡി കോക്ക് സഖ്യം 3.3 ഓവറിൽ 37 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 17 പന്തിൽ 31 റൺസ് നേടിയ നരെയ്നെ ജയദേവ് ഉനദ്കട്ട് ക്ലീൻ ബൗൾഡാക്കി.
മൂന്നാമനായി ക്രീസിലെത്തിയ നായകൻ അജിങ്ക്യ രഹാനെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 15 റൺസ് നേടിയ രഹാനെയെയും ഉനദ്കട്ട് മടക്കിയയച്ചു. ഒമ്പതു റൺസുമായി ഡി കോക്കും പുറത്തായതോടെ പിന്നീട് വന്നവരെല്ലാം നിലയുറപ്പിക്കാനാകാതെ മടങ്ങുന്ന കാഴ്ചയാണ് കാണാനായത്.
എട്ടാം വിക്കറ്റിൽ മനീഷ് പാണ്ഡെ - നിതീഷ് റാണ സഖ്യം 21 പന്തിൽ 50 റൺസിന്റെ കൂട്ടുകെട്ട് കോൽക്കത്തയുടെ തോൽവി ഭാരം കുറച്ചു. സൺറൈസേഴ്സ് ഹൈദരാബാദിനായി ജയദേവ് ഉനദ്കട്ടും ഇഷാൻ മാലിംഗയും ഹർഷ് ദുബെയും മൂന്നുവിക്കറ്റുകൾ വീതം വീഴ്ത്തി. ഹെന്റിച്ച് ക്ലാസനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.