ചരക്ക് കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു; കളക്ടർ ഉൾപ്പടെ സ്ഥലത്ത്
Monday, May 26, 2025 1:21 AM IST
കൊല്ലം: കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറയഴീക്കൽ തീരത്താണ് കണ്ടെയ്നർ അടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽഭിത്തിയിൽ ഇടിച്ച നിലയിലാണ്. കൊല്ലം കളക്ടർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.
കൊച്ചിയിൽനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അറബിക്കടലിൽ മുങ്ങിത്താഴ്ന്നിരുന്നു. നൂറു കണക്കിന് കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കപ്പൽ മുങ്ങാൻ തുടങ്ങിയതോടെ കപ്പലിൽ തുടരുകയായിരുന്ന മൂന്ന് ജീവനക്കാരെ നേവിയുടെ ഐഎൻഎസ് സുജാത അപകടകരമായ സാഹചര്യത്തിൽനിന്ന് അടിയന്തിരമായി രക്ഷപ്പെടുത്തിയിരുന്നു.