മുങ്ങിയ കപ്പലിലെ ഇന്ധനം ചോർന്നു
Monday, May 26, 2025 4:23 AM IST
കൊച്ചി: കൊച്ചിയില്‍ നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലെ ഇന്ധനമായ എണ്ണയും കടലില്‍ ചോര്‍ന്നു. കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ മണിക്കൂറില്‍ മൂന്നു കിലോമീറ്റര്‍ വേഗതയിലാണ് ഒഴുകി നടക്കുന്നത്.
കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാന്‍ ഉള്ള പൊടി എണ്ണപാടയ്ക്കു മേല്‍ തളിച്ചു. ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നേരിട്ടാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിലാണ് കണ്ടെയ്നര്‍ എത്താന്‍ കൂടുതല്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കുന്നു. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താമെന്നതിനാല്‍ കേരള തീരം പൂര്‍ണമായും ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.