ആശുപത്രിയിൽ തീപിടിച്ചുവെന്ന പ്രചാരണം; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
Monday, May 26, 2025 6:07 AM IST
ഷാജഹാൻപുർ: ഗ്യാസ് ചോർന്ന് തീപിടിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് യുപിയിലെ ആശുപത്രിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധിപേർക്കു പരിക്കേറ്റു. ഷാജഹാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
അഭ്യൂഹത്തെത്തുടർന്ന് രോഗികളെ ജീവനക്കാർ ഒഴിപ്പിക്കുകവരെ ചെയ്തു. തിക്കിലും തിരക്കിലും രോഗികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം അധികൃതർ ഇക്കാര്യം നിഷേധിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഗ്യാസ് ചോർന്നുവെന്ന് ഏതാനും പേർ പറഞ്ഞത് ആളുകൾ ഏറ്റെടുക്കുകയായിരുന്നു. ഓപ്പറേഷൻ തീയറ്ററിലെ വാതിൽ തുറന്നതോടെ ഫോർമാലിൻ ലായനിയുടെ ഗന്ധം പടർന്നത് ഗ്യാസ് ചോർച്ചയാണെന്നു തെറ്റിദ്ധരിച്ചതാകാം കാരണമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജേഷ് കുമാർ പ്രതികരിച്ചു.