നിലമ്പൂരില്‍ ജയം ഉറപ്പ്, അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല: ആര്യാടന് ഷൗക്കത്ത്
Tuesday, May 27, 2025 9:16 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത്. വന്യജീവി പ്രശ്നവും വികസന മുരടിപ്പും അടക്കമുള്ളവ മണ്ഡലത്തിൽ ചർച്ചയാകും. ആദിവാസി മേഖലയിലെ ആളുകളോട് സർക്കാരിന് കടുത്ത അവഗണനയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ല. അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. അൻവറിന്റെ ചോദ്യത്തിനുള്ള മറുപടി പാർട്ടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലമ്പൂർ യുഡിഎഫിന്റെ തട്ടകമാണ്.
ഇവിടെ ഉണ്ടായ എല്ലാ വികസനവും തന്റെ പിതാവ് കൊണ്ടുവന്നതാണ്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.