കോണ്‍ഗ്രസ് തീരുമാനം പറയട്ടെ; മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് പി.വി.അന്‍വര്‍
Tuesday, May 27, 2025 1:25 PM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് മേല്‍ സമ്മര്‍ദം തുടര്‍ന്ന് പി.വി.അന്‍വര്‍. തൃണമൂലിന്റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെ. താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. ലീഗിനെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി. പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്.
ഇക്കാര്യത്തില്‍ ഇനി തീരുമാനം പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇതുവരെ വിളിച്ചില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നും തൃണമൂലിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എ.സുകു അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ കണ്ടത്.