മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ ഏഴിന്
Tuesday, May 27, 2025 9:08 PM IST
കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. അറഫ നോമ്പ് ജൂൺ ആറിനമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപിച്ചത്. ദുൽഹിജ്ജ ഒമ്പതാം ദിവസം മുതൽ 13-ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു.
ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹിജ്ജ ഒമ്പതു മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈറ്റിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റര്‍ നേരത്തെ അറിയിച്ചിരുന്നു.