സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
Wednesday, May 28, 2025 6:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നിറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. രണ്ട് ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നു. മലങ്കര ഡാമിന്റ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.