‘ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ സ്വരാജിനെ മത്സരിപ്പിക്ക്’: വെല്ലുവിളിച്ച് രാഹുൽ
Wednesday, May 28, 2025 12:06 PM IST
കോഴിക്കോട്: നിലമ്പൂരിൽ മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ മണ്ഡലത്തിൽ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ.
സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൽ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചു.
സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയാറാകുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതുതന്നെ ഒതുക്കാനാണ് എന്നു പറഞ്ഞ് മാറിനില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂഡിലും ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയഭീതി കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.