യുഡിഎഫ് നയങ്ങളോട് അന്‍വര്‍ യോജിക്കണം; സ്ഥാനാര്‍ഥിയെ തള്ളിപ്പറയേണ്ട: സണ്ണി ജോസഫ്
Wednesday, May 28, 2025 12:32 PM IST
തിരുവനന്തപുരം: പി.വി.അന്‍വറിന്റെ നിലപാടില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നണി സ്ഥാനാര്‍ഥിയെ തള്ളിപ്പറയരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാര്‍ട്ടിയും എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കും. താനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ആര്യാടന് ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേയ്ക്ക് എത്തിയത്. എഐസിസി പരിശോധിച്ച ശേഷം ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തി.
അതിനെയാണ് അന്‍വര്‍ എതിര്‍ത്തത്. യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഹൈക്കമാൻഡിന്റെ തീരുമാനം എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫിന്റെ നയങ്ങളോട് അന്‍വര്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. യുഡിഎഫ് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണിത്. അന്‍വറിന്റെ ആരോപണങ്ങള്‍ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.