ചരക്ക് കപ്പൽ മുങ്ങിയ സംഭവം; സംസ്ഥാന സർക്കാർ കേസെടുത്തേക്കും
Wednesday, May 28, 2025 5:28 PM IST
തിരുവനന്തപുരം: കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ.
കേരള തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരത്തുവരെയുളള കപ്പൽ അപകടങ്ങൾക്ക് ഇത്തരത്തിൽ കേസ് എടുക്കാമെന്നാണ് മാരിടൈം നിയമവിദഗ്ധരും നൽകിയ ഉപദേശം. കപ്പൽ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേർത്ത് കോസ്റ്റൽ പോലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.
കപ്പൽ കമ്പനിയായ എംഎസ്സി, ക്യാപ്റ്റൻ, പ്രധാന എഞ്ചിനീയർമാർ എന്നിവരെ പ്രതിചേർത്ത് കേസെടുക്കാനാണ് ആലോചന. കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിൽ 12 എണ്ണം കാൽസ്യം കാർബേഡാണ്. ഇതില്‍ അഞ്ചെണ്ണം വെള്ളത്തിൽ വീണെങ്കിലും ഇതുവരെ തീരത്ത് അടുത്തിട്ടില്ല. കപ്പൽ മുങ്ങിയതിന് കാരണം സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.