ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അവനെ ഭയമായിരുന്നു. തന്മൂലം അവയെല്ലാം അവനിൽനിന്ന് അകന്നുനിന്നു. അതിന്റെ ഫലമായി അവനു വലിയ ഏകാന്തത അനുഭവപ്പെട്ടു. ആരും കൂട്ടിനില്ലാത്ത അവസ്ഥ.
അങ്ങനെയാണ് ഈ ഒറ്റയാൻ ആരെയെങ്കിലും കൂട്ടുകൂടാൻ കിട്ടുമോ എന്നറിയാൻ ഇറങ്ങിത്തിരിച്ചത്. യാത്രയ്ക്കിടെ അവൻ ആദ്യം കണ്ടുമുട്ടിയത് അഴകുള്ള ഒരു പുള്ളിമാനെ ആയിരുന്നു. പുള്ളിമാനോട് ഒറ്റയാൻ ചോദിച്ചു: “നീ എന്നോടു കൂട്ടുകൂടു മോ?’’ ഒറ്റയാന്റെ ചോദ്യം കേട്ട് പുള്ളിമാൻ അന്തിച്ചുപോയി.
“നിങ്ങൾ അതിഭീമൻ!”പുള്ളിമാൻ പറഞ്ഞു. “ഞാനോ വളരെ ചെറുതും. നമുക്കെങ്ങനെ കൂട്ടുകൂടാൻ സാധിക്കും? എന്നോടു ക്ഷമിക്കണം. മറ്റു പുള്ളിമാൻമാരോടൊപ്പം തുള്ളിച്ചാടി നടക്കാനാണ് എനിക്കിഷ്ടം.’’
കൊന്പനാന ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല. എങ്കിലും, അവൻ ശാന്തനായി പറഞ്ഞു. “നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട.’’ അവൻ പിന്നീടു കണ്ടത് ഒരു കുരങ്ങനെയായിരുന്നു. “നീ എന്നോടു കൂട്ടുകൂടുമോ?’’ അവൻ കുരങ്ങനോടു ചോദിച്ചു.
“ഞാൻ നിന്നോടു കൂട്ടുകൂടാം,” കുരങ്ങൻ പറഞ്ഞു.’’എന്നാൽ, അതിന് ഒരു വ്യവസ്ഥയുണ്ട്. നീയും എന്നെപ്പോലെ മരം ചാടണം. അതു നിനക്കു സാധിച്ചാൽ അപ്പോൾ ഞാൻ നിന്നെ കൂട്ടുകാരനാക്കാം.” ഉടനെ കൊന്പനാന ചോദിച്ചു: “എനിക്കെങ്ങനെ മരം ചാടാനാകും? അത് എന്റെ ശരീരപ്രകൃതിക്കു സാധിക്കുന്നതല്ലല്ലോ.’’
“എന്നാൽ, നമുക്കു തമ്മിൽ കൂട്ടുവേണ്ട,”കുരങ്ങൻ പറഞ്ഞു “നിനക്കു കൂട്ടുകൂടാൻ നിനക്കു പറ്റിയ തരക്കാരെ കണ്ടുപിടിക്കുന്നതാണു നല്ലത്.’’
കൊന്പൻ പിന്നീടു കണ്ടത് ഒരു ജിറാഫിനെയായിരുന്നു. “എന്നോടു കൂട്ടുകൂടാൻ നിനക്കു സമ്മതമാണോ?’’ കൊന്പൻ ചോദിച്ചു. ഉടനെ ജിറാഫ് പറഞ്ഞു: “ഞാൻ എങ്ങനെയാണു നിന്നോടു കൂട്ടുകൂടുക? നീ ജിറാഫുകളുടെ ഗണത്തിൽപ്പെട്ടവനല്ലല്ലോ.” ജിറാഫിന്റെ കാര്യത്തിൽ കൊന്പനു വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ജിറാഫും അവനെ നിരാശപ്പെടുത്തി.
അപ്പോഴാണ് അകലെ ഒരിടത്തായി ഒരു കാട്ടുപോത്ത് പുല്ല് മേയുന്നതു കണ്ടത്. അവൻ വേഗം കാട്ടുപോത്തിന്റെ നേരേ വച്ചുപിടിച്ചു. കൊന്പൻ നടന്നുവരുന്നതുകണ്ടപ്പോൾ കാട്ടുപോത്ത് തലയുയർത്തി നോക്കി. കാട്ടുപോത്തിനെ സമീപിച്ച് കൊന്പൻ ചോദിച്ചു: “എന്നോടു കൂട്ടുകൂടാൻ നിനക്ക് സമ്മതമാ ണോ?’’
“എന്നോടു കൂട്ടുകൂടാനാണോ ഭാവം?’’ കാട്ടുപോത്ത് പറഞ്ഞു. “താൻ പോയി വേറേ പണി നോക്ക്. ആരോടും കൂട്ടുകൂടാൻ എനിക്കു സമയമില്ല.’’ കാട്ടുപോത്ത് തന്നെ നിരാശപ്പെടുത്തുകയില്ലെന്നായിരുന്നു കൊന്പൻ വിചാരിച്ചത്. തന്നെപ്പോലെ വലിപ്പമില്ലെങ്കിലും നിറത്തിലെ സാമ്യം അവനു പ്രതീക്ഷ നൽകിയിരുന്നു.
പിന്നീട് കൊന്പൻ കണ്ടത് ഒരു കരടിയെ ആയിരുന്നു. കൊന്പൻ കരടിയോടു ചോദിച്ചു: “സുഹൃത്തേ, നിങ്ങൾ എന്നോടു കൂട്ടുകൂടുമോ?’’ഉടനെ കരടി പറഞ്ഞു: “എനിക്ക് ആരുടെയും കൂട്ടുവേണ്ട. ഒറ്റയ്ക്കു നടക്കുന്നതാണ് എനിക്കിഷ്ടം’’.
കൊന്പൻ പിന്നെയും വലുതും ചെറുതുമായ മൃഗങ്ങളോട് കൂട്ടുകൂടാൻ നോക്കി. പക്ഷേ, ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തന്മൂലം, കൊന്പൻ വിഷാദിച്ചു നടക്കുന്പോഴാണ് കൊന്പന്റെ എതിർദിശയിലേക്ക് കാട്ടുമൃഗങ്ങളുടെ ഒരു കൂട്ടം ഭയന്നോടുന്നതു കണ്ടത്. “എന്താണ് കാര്യം?’’ കൊന്പൻ അവരോടു ചോദിച്ചു.
“ഞങ്ങളെ പിടിക്കാൻ ഒരു കടുവ പിന്നാലെ വരുന്നുണ്ട്,’’അവർ വിളിച്ചു പറഞ്ഞു. അവർ ഇതു പറഞ്ഞു നിമിഷങ്ങൾക്കുള്ളിൽ ഒരു കടുവ അതുവഴി പാഞ്ഞുവന്നു. കടുവയുടെ വഴി തടഞ്ഞിട്ട് കൊന്പൻ പറഞ്ഞു. “ഇവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരെ ഉപദ്രവിക്കാൻ പാടില്ല.’’
അപ്പോൾ കടുവ ചോദിച്ചു: “നീ ആരാ എന്നോടു കല്പിക്കാൻ? കാട്ടിലെ രാജാവോ? ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും!’ ഇതു പറഞ്ഞുതീരുംമുന്പ് കൊന്പനാന തന്റെ തുന്പിക്കൈകൊണ്ട് കടുവയെ വാരിയെടുത്ത് ദൂരെ എറിഞ്ഞു. അകലെപ്പോയി വീണ കടുവ ജീവനുംകൊണ്ട് അവിടം വിട്ടോടി.
ഇതു കണ്ടപ്പോൾ കൂട്ടുകൂടാൻ വിസമ്മതിച്ച പുള്ളിമാനും കുരങ്ങനും ജിറാഫും കാട്ടുപോത്തും കരടിയുമൊക്കെ കൊന്പന്റെ അടുത്തുചെന്നു പറഞ്ഞു: “ഞങ്ങളോടു ക്ഷമിക്കണം. ഞങ്ങൾക്കു തെറ്റിപ്പോയി. ഞങ്ങൾക്കെല്ലാവർക്കും കൂട്ടുകൂടാൻ പറ്റിയ തരക്കാരനാണ് അങ്ങ്. ഞങ്ങളെല്ലാവരും ഇന്നു മുതൽ അങ്ങയുടെ കൂട്ടുകാരാണ്.’’
കുട്ടികൾക്കുള്ള ഒരു നുറുങ്ങുകഥയാണിത്. എന്നാൽ, മുതിർന്നവർക്കും ഈ കഥ നല്ല ഗുണപാഠം നൽകുന്നുണ്ട്. കൊന്പനാന കൂട്ടുകാരെ കണ്ടുപിടിക്കാൻ നടന്നപ്പോൾ മറ്റു മൃഗങ്ങൾ കണ്ടത് അവന്റെ വിവിധ കുറവുകളായിരുന്നു. അവനു വലിപ്പം കൂടുതൽ, അല്ലെങ്കിൽ തങ്ങളെപ്പോലെയുള്ള കഴിവുകൾ ഇല്ല, അതുമല്ലെങ്കിൽ തങ്ങളുടെ തരത്തിൽപ്പെട്ടവനല്ല എന്നൊക്കെയായിരുന്നു പരാതി.'
എന്നാൽ, കൊന്പനാനയ്ക്കും കൂട്ടുകാരെ ആവശ്യമുണ്ടെന്നതും അവനു തങ്ങളെ സഹായിക്കാൻ സാധിക്കുമെന്നതുമൊക്കെ ആ മൃഗങ്ങൾ മറന്നുപോയി. തന്മൂലമാണ്, അവർ അവന്റെ സുഹൃത്തുക്കളാകാൻ വിസമ്മതിച്ചത്. സുഹൃത്തുക്കളാകാൻ വിസമ്മതിച്ചവരോട് കൊന്പനു വേണമെങ്കിൽ പ്രതികാരം ചെയ്യാമായിരുന്നു. എന്നാൽ, അവൻ അങ്ങനെ ചെയ്തില്ല. അവരെ ആത്മാർഥമായി അവൻ സഹായിച്ചു. അങ്ങനെ, മറ്റുള്ളവരുടെ കൂട്ടുകാരനാകാൻ താൻ മറ്റാരെക്കാളും യോഗ്യനാണെന്നു തെളിയിക്കുകയും ചെയ്തു.
കൂട്ടുകാരെ തെരഞ്ഞെടുക്കുന്പോൾ നാം തീർച്ചയായും ശ്രദ്ധിക്കണം. എങ്കിലേ മോശമായ കൂട്ടുകെട്ടുകളിൽ നാം ഉൾപ്പെടാതിരിക്കൂ. അതുപോലെ, നമ്മുടെ കൂട്ടുകാരെല്ലാവരും സൽസ്വഭാവികളാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമുക്ക് സുഹൃത്തുക്കൾ ആവശ്യമുള്ളതുപോലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾ ആവശ്യമുണ്ട് എന്നതാണ്. അവർക്കു വേണ്ടതാകട്ടെ നല്ല ആത്മാർഥ സുഹൃത്തുക്കളാണുതാനും.
അങ്ങനെയുള്ള നല്ല സുഹൃത്തുക്കളാണോ നമ്മൾ എന്നു സ്വയം ചോദിക്കണം. എന്നു മാത്രമല്ല, നാം അങ്ങനെയാണെന്നു ഉറപ്പുവരുത്തുകയും വേണം. എങ്കിൽ മാത്രമേ, നല്ല സുഹൃത്തുക്കളെ ലഭിക്കാൻ നമുക്ക് അർഹതയുണ്ടാകൂ. നല്ല സുഹൃത്തുക്കൾ മറ്റുള്ളവരെ അവരായിരിക്കുന്ന രീതിയിൽ സ്നേഹിക്കുകയും അവർ എങ്ങനെ കൂടുതൽ മെച്ചപ്പെടണോ അതിന് അവരെ സഹായിക്കുകയും ചെയ്യും എന്ന് ആരോ എഴുതിയിട്ടുണ്ട്. നമുക്കത് മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ