ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക (1883-1924). ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അക്കാലത്ത് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയ എന്ന കൊച്ചുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പ്രാഗ്.
ജർമൻഭാഷ സംസാരിക്കുന്ന യഹൂദരായിരുന്നു കാഫ്കയുടെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ രചനകളെല്ലാം ജർമൻ ഭാഷയിലുമായിരുന്നു. "ദ ട്രയൽ’, "ദ കാസിൽ’ എന്നീ നോവലുകളും "ദ മെറ്റാമോർഫോസിസ്’ എന്ന നോവലെറ്റും അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്.
നിയമബിരുദധാരിയായിരുന്ന കാഫ്ക ഒരു ഇൻഷുറൻസ് കന്പനിയിലെ ജീവനക്കാരനായിരുന്നു. എങ്കിലും എഴുതാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അദ്ദേഹം എഴുതിയ കൃതികളിൽ തൊണ്ണൂറു ശതമാനവും പ്രസിദ്ധീകരിക്കാതെ കത്തിച്ചുകളയുകയാണ് അദ്ദേഹം ചെയ്തത്. കാരണം, അവയൊന്നും പ്രസിദ്ധീകരണയോഗ്യമായി അദ്ദേഹം കണ്ടില്ല.
കാഫ്ക പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ഒരു ചെറുകഥയാണ് "പൊസൈഡണ്.’ ഈ കഥയെക്കുറിച്ച് പരാമർശിക്കുന്നതിനുമുൻപ് ഈ കഥയ്ക്ക് ആധാരമായ പൊസൈഡണ് എന്ന ഗ്രീക്കുദേവനെക്കുറിച്ച് അല്പമൊന്നു സൂചിപ്പിക്കട്ടെ.
ഗ്രീക്ക് പുരാണമനുസരിച്ച് കടലിന്റെയും കൊടുങ്കാറ്റിന്റെയും ഭൂകന്പങ്ങളുടെയും കുതിരകളുടെയും ദേവനാണു പൊസൈഡണ്. പുരാതന ഗ്രീക്കുകാരുടെ പ്രധാനദേവനായ സീയൂസിന്റെയും മരിച്ചവരുടെ ദേവനായി പാതാളത്തിൽ വാഴുന്ന ഹെയ്ഡ്സിന്റെയും സഹോദരനാണു പൊസൈഡണ്. സീയൂസ് പ്രധാന ദേവനായിരിക്കുന്നതുകൊണ്ട്, കടലിന്റെയും കൊടുങ്കാറ്റിന്റെയും ഭൂകന്പത്തിന്റെയുമൊക്കെയുള്ള കണക്കുകൾ പൊസൈഡണ് കൃത്യസമയങ്ങളിൽ സീയൂസിനെ ആശ്രയിക്കേണ്ടതുണ്ട്.
ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽനിന്നാണ് കാഫ്ക കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ഈ കഥയനുസരിച്ച് ഒരു കോർപറേറ്റ് എക്സിക്യൂട്ടീവിനെപ്പോലെയാണു പൊസൈഡണ് ജോലിചെയ്യുന്നത്. തന്മൂലം, പേപ്പർവർക്കിനല്ലാതെ മറ്റൊന്നിനും സമയമില്ല. വിശ്രമിക്കണമെന്നും വിനോദസഞ്ചാരം ചെയ്യണമെന്നുമൊക്കെ ആഗ്രഹമുണ്ടെങ്കിലും അതിനൊന്നും സമയം കിട്ടാറില്ലത്രെ. അത്രമാത്രം ജോലിത്തിരക്കാണത്രെ ഓഫീസിൽ.
അങ്ങനെയെങ്കിൽ, ജോലിയുടെ കുറെഭാഗം മറ്റുള്ളവരെ ഏല്പിക്കാൻ പാടില്ലേ? പൊസൈഡണെ സംബന്ധിച്ചിടത്തോളം അതു നടക്കില്ല. കാരണം, അദ്ദേഹം കരുതുന്നതനുസരിച്ച്, തന്നെപ്പോലെ നന്നായി ജോലി ചെയ്യാനറിയാവുന്നവർ ആരുമില്ല. ഇനി ആർക്കെങ്കിലും ജോലിചെയ്യാൻ അറിയാമെങ്കിൽത്തന്നെ അതു വിശ്വസ്താപൂർവം ചെയ്യാനുള്ള സന്മനസ് അവർക്കില്ലപോലും. അപ്പോൾപ്പിന്നെ മറ്റുള്ളവരെ എങ്ങനെ തന്റെ ചുമതല ഏല്പിക്കാനാവും?
ഇങ്ങനെ എടുപ്പതു ജോലി വിശ്രമമില്ലാതെ ചെയ്യുന്നതുകൊണ്ട് പൊസൈഡണു സന്തോഷമുണ്ടോ? അല്പംപോലുമില്ല. തന്റെ ജോലിയായതുകൊണ്ട് അതു ചെയ്യുന്നുവെന്നു മാത്രം. അങ്ങനെയെങ്കിൽ ഈ ജോലിയിൽനിന്നു മാറി വേറെ ഒന്നു ചെയ്തുകൂടേ? പക്ഷേ, അപ്പോഴും പ്രശ്നം. തന്റെ കഴിവിനും താൽപര്യത്തിനും ഇണങ്ങുന്ന ജോലി ഉണ്ടെങ്കിലല്ലേ ചെയ്യാൻ സാധിക്കൂ. നിർഭാഗ്യവശാൽ അങ്ങനെയൊന്ന് ഇല്ലതാനും.
ഇഷ്ടമില്ലാത്ത ജോലി രാവും പകലും ചെയ്തിട്ടും അസൂയാലുക്കൾ പറയുന്നത് എന്താണ്? താൻ ജോലി ചെയ്യുന്നില്ലത്രെ. എപ്പോഴും ചുറ്റിയടിച്ചു ജീവിതം ആസ്വദിക്കുകയാണത്രെ. ഇതു കേൾക്കുന്പോൾ പൊസൈഡണ് ദേവന്റെ ഹൃദയം വേദനിക്കും. ഈ അപവാദ പ്രചരണമെല്ലാം സഹിച്ച് ആത്മാർഥമായി ജോലിചെയ്തു കണക്കു ബോധിപ്പിക്കാൻ സീയൂസ് ദേവന്റെ അടുക്കലെത്തുന്പോൾ അവിടെനിന്നെങ്കിലും ആശ്വാസം ലഭിക്കാറുണ്ടോ? അതുമില്ല. നേരെമറിച്ച്, അവിടെനിന്നു മടങ്ങുന്പോൾ ഉള്ളിൽ ദേഷ്യം തിളച്ചുമറിയുകയാണു പതിവ്.
ഇനി എന്നാണ് ഈ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കുമൊക്കെ ശമനമുണ്ടാകുക? എന്നാണ് ജീവിതം അല്പം ആസ്വദിക്കാൻ സാധിക്കുക? അതിനു ലോകാവസാനംവരെ കാത്തിരിക്കണമെന്നാണു പൊസൈഡണ് ദേവൻ കരുതുന്നത്. പൊസൈഡണിന്റെ ഈ കാത്തിരിപ്പോടെയാണു ചെറുകഥ അവസാനിക്കുന്നത്.
പ്രഥമ വീക്ഷണത്തിൽ, ഇതു കോർപറേറ്റ് ലോകത്തെ വിവരിക്കുന്ന കഥയായി തോന്നാം. അത് ഒരു പരിധിവരെ ശരിയുമാണ്. കാരണം, കോർപറേറ്റ് ജീവനക്കാരെപ്പോലെ, പൊസൈഡണ് ദേവനും മുഴുവൻ സമയവും കണക്കെഴുത്തും റിപ്പോർട്ടവതരണവുമാണല്ലോ.
എന്നാൽ, ഈ സാധാരണക്കാരായ നമ്മെക്കൂടി പരാമർശിക്കുന്ന ഒരു കഥയാണ്. നമുക്കു മാത്രമെ ജോലി നന്നായി ചെയ്യാനറിയാവൂ, മറ്റുള്ളവർക്കൊന്നും അറിയില്ല എന്നു കരുതുന്നവരാണോ നമ്മൾ? ജോലിയിൽ മറ്റുള്ളവരുടെ സഹായം തേടാൻ വിസമ്മതിക്കുന്നവരാണോ നമ്മൾ? രാവും പകലും ജോലിയും ബിസിനസുമൊക്കെ ചെയ്തു സമൂഹത്തിലെയും കുടുംബങ്ങളിലെയുമൊക്കെ നമ്മുടെ കടമകൾ വിസ്മരിക്കുന്നവരാണോ നമ്മൾ? ശാരീരികവും മാനസികവുമായ ആരോഗ്യം വിസ്മരിച്ചു ജോലിക്ക് അടികളായിരിക്കുന്നവരാണോ നമ്മൾ? എങ്കിൽ, പൊസൈഡണിനെക്കുറിച്ചുള്ള കഥ നമ്മുടെയും കഥകൂടിയാണ്.
ഈഗോയുടെ തടവുകാരനാണ് പൊസൈഡണ്. അതായത്, തന്നെപ്പറ്റി തനിക്കുള്ള ബോധത്തിൽമാത്രം നിലയുറപ്പിച്ചു പ്രവർത്തിക്കുന്നയാൾ. ഈ ദേവന്റെ ബോധമനസിൽ മറ്റുള്ളവർക്കു കാര്യമായ സ്ഥാനമൊന്നുമില്ല. എല്ലാം സ്വന്തം വീക്ഷണവും താല്പര്യമനുസരിച്ചു മാത്രം പ്രവർത്തിക്കാനേ സാധിക്കൂ. അതാണു കാഫ്ക എഴുതിയ കഥയനുസരിച്ച് പൊസൈഡണിനു സംഭവിച്ചത്.
പൊസൈഡണിന്റെ സ്വഭാവപ്രത്യേകതകളൊന്നും നമ്മിൽ ഇല്ലെന്നു നാം കരുതിയേക്കാം. അതു കുറെയൊക്കെ ശരിയുമായിരിക്കാം. എങ്കിലും ചിലപ്പോഴെങ്കിലും നാം ഈഗോയുടെ പിടിയിലായിപ്പോകുന്നില്ലേ എന്നു സംശയിക്കണം. കാരണം, നമ്മുടെ പ്രവർത്തനരീതികൾ പലപ്പോഴും അത്തരത്തിലുള്ളതല്ലെന്നു നമുക്കു പറയാനാവുമോ?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ