ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മരിപ്പിക്കുന്ന പ്രതീകങ്ങൾ രാജ്ഭവനിലുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ സാധാരണ ദിവസങ്ങളിൽ രാജ്ഭവനിൽ പ്രവേശനത്തിന് അനുമതിയുള്ളൂ. പക്ഷേ, രണ്ടു മാസത്തിനുശേഷം ഈ ചരിത്രമന്ദിരം പൂർണമായി സന്ദർശകർക്കു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
അധികാരത്തിന്റെ ഇടനാഴികളിലൂടെ കടന്നുപോയ അനവധി തലമുറകളുടെ കഥകൾ പറയാനുണ്ട് കോൽക്കത്ത രാജ്ഭവന്. കേരളീയർക്കാവട്ടെ മലയാളിയായ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ ഒൗദ്യോഗിക വസതിയെന്ന നിലയിൽ ഈ മന്ദിരത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയാൻ കൗതുകം കൂടുകയും ചെയ്യും.
കോൽക്കത്തയിലെ റെഡ്റോഡും മൈതാനവും കടന്നുചെല്ലുന്പോഴേ നൂറ്റാണ്ടുകളുടെ ചരിത്രം പേറി തലയെടുപ്പോടെ നിൽക്കുന്ന രാജ്ഭവൻ കാണാം. പ്രൗഢഗംഭീരമായ കമാനവും കവാടവും കടന്നുചെല്ലുന്പോൾ ഒട്ടേറെക്കാലം വരെ ഗവണ്മെന്റ് ഹൗസ് എന്നറിയപ്പെട്ടിരുന്ന രാജ്ഭവൻ അതിന്റെ പ്രതാപം നമ്മുടെ മുന്നിലേക്ക് നീട്ടിവയ്ക്കും. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിമാർ, ഗവർണർ ജനറൽമാർ എന്നിവരുടെ ഒൗദ്യോഗിക വസതിയായിരുന്നു ഈ മന്ദിരം.
ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് രാജ്ഭവൻ ഈ ദിവസങ്ങളിൽ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. കോൽക്കത്തയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണ് രാജ്ഭവൻ. 1803ലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. കഴ്സണ് പ്രഭുവിന്റെ കൊട്ടാരമായിരുന്ന ഡെർബിഷെയറിലെ കിഡിൽസ്റ്റണ് ഹാളിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മാളികകളുടെ തനതുമാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടം ഇംഗ്ലീഷ് അക്ഷരം എച്ച് മാതൃകയിലാണ്. നിയോക്ലാസിക്കൽ, ബാറോക്ക് ശൈലികൾ കൂടിച്ചേരുന്പോൾ പഴമയുടെ പ്രൗഢഗേഹമായി ഈ മാളിക മാറുന്നു.
ബ്രിട്ടീഷ്കാലത്ത് സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ആസ്ഥാനം ഇവിടെയായിരുന്നു. ഇതിനു പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ട്. നിർബന്ധമായും ഇതിനുള്ളിൽ കാണേണ്ടതും അറിയേണ്ടതുമായ അഞ്ചു സ്ഥലങ്ങളെക്കുറിച്ച് ചുരുക്കി പറയാം.
രാജ്ഭവൻ ആദ്യമായി നിർമിക്കുന്പോൾ ഉദ്യാനമില്ലായിരുന്നു. മന്ദിരത്തിന്റെ നിർമാണം പൂർത്തിയായി അര നൂറ്റാണ്ട് പിന്നിട്ടശേഷമാണ് മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. ഓക്ക്ലാൻഡ് പ്രഭുവിന്റെ സഹോദരി എമിലി ഈഡനാണ് ഈ വളപ്പിൽ ആദ്യമായി ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നത്. ഇപ്പോൾ വിശാലമായ പൂന്തോട്ടം പുറത്തുനിന്നു നോക്കുന്നവരിൽനിന്ന് രാജ്ഭവനെ മറച്ചു പിടിക്കാൻ മാത്രം വലുതായിരിക്കുന്നു.
വടക്കേ ഗേറ്റിനോട് ചേർന്നുള്ള പടിക്കെട്ടുകളുടെ ചുവട്ടിൽ വലിയൊരു പീരങ്കി കാണാം. 1839-1842 കാലത്തെ കറുപ്പുയുദ്ധത്തിൽ ഉപയോഗിച്ച പീരങ്കികളിലൊന്നാണിത്. നാങ്കിംഗിൽനിന്ന് എലൻബെറോ പ്രഭുവാണ് ഈ പീരങ്കി കോൽക്കത്തയിലെത്തിച്ചത്. കാർഷികമേഖലയെ പൂർണമായി വ്യവസായവത്കരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതീകംകൂടിയാണ് ഈ പീരങ്കി.
രാജ്ഭവന്റെ അകത്തളങ്ങൾ വളരെ വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമേ സന്ദർശകർക്കു മുന്നിൽ വാതിൽ തുറക്കാറുള്ളൂ. അതും ഒന്നാം നില മാത്രം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാൾ റൂം തുറക്കാറുള്ളത്.
മുൻപ് സന്ദർശകരെ സ്വീകരിച്ചിരുന്ന മഞ്ഞയണിഞ്ഞ വിശാലമായ ഹാളും ഡൈനിംഗ് ഹാളും ഭരണപരമായ തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച കൗണ്സിൽ ചേംബറുമെല്ലാം പല തലമുറകൾ കൈവശം വച്ചനുഭവിച്ച അധികാരങ്ങളുടെ കഥകൾ പറയും.
രാജ്ഭവനുള്ളിൽ ത്രോണ് റൂം എന്ന മുറിക്കും ചെറുതല്ലാത്ത ഒരു ചരിത്രം പറയാനുണ്ട്. ടിപ്പു സുൽത്താന്റെ പരാജയത്തിനും മരണത്തിനും ശേഷം അദ്ദേഹത്തിന്റെ കിരീടം കൊണ്ടുവന്നു സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
എന്നാൽ, ടിപ്പു പതിവായി ഉപയോഗിച്ചിരുന്ന രാജകീയ കിരീടമായിരുന്നില്ല ഇതെന്നും ശ്രീരംഗപട്ടണത്തെ യുദ്ധത്തിൽ അണിഞ്ഞിരുന്ന മറ്റൊരു കിരീടമായിരുന്നു ഇതെന്നും ചില ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. ടിപ്പു ആനപ്പുറത്തു കയാറാൻ ഉപയോഗിച്ചിരുന്ന സ്വർണപാളികൾ പതിപ്പിച്ച ഒരു പീഢവും ഇവിടെയുണ്ട്.
ഇതിനൊക്കെ പുറമേ പ്രശസ്തരായ നിരവധി കലാകാരൻമാരുടെ സൃഷ്ടികളും രാജ്ഭവനെ വർണാഭമാക്കുന്നു. കൊളോണിയൽ കാലത്തിനും മുൻപേയുള്ള ചിത്രരചനകളും ഇവിടെയുണ്ട്. ജെമിനി റോയ് വരച്ച ഗാന്ധിജിയുടെ എണ്ണച്ഛായാ ചിത്രവും ബികാഷ് ഭട്ടാചാര്യ വരച്ച ഇന്ദിരാഗാന്ധിയുടെ ചിത്രവുണ്ട്. ഏറ്റവും ഒടുവിലായി ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എത്തിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഛായാചിത്രവും രാജ്ഭവന്റെ കലാശേഖരത്തിലേക്കെത്തി.
പശ്ചിമബംഗാളിന്റെ, പ്രത്യേകിച്ച് മഹാനഗരത്തിന്റെ ചരിത്രാവശേഷിപ്പുകളിൽ പലതും അതേപടി സൂക്ഷിച്ചിട്ടുണ്ട്. കോൽക്കത്തയിൽ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലിഫ്റ്റ് ഇക്കൂട്ടത്തിൽ പെടുന്നു. ബേർഡ് കേജ് ലിഫ്റ്റ് എന്നറിയപ്പെട്ടിരുന്ന ഇത് ഒരു തരത്തിലുള്ള കേടുപാടുകളുമില്ലാതെ സൂക്ഷിച്ചിരിക്കുന്നു.
കോൽക്കത്തയിൽ ആദ്യമായി വൈദ്യുതീകരിച്ച കെട്ടിടം രാജ്ഭവനാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പറയുന്ന നിരവധി ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മരിപ്പിക്കുന്ന പ്രതീകങ്ങൾ രാജ്ഭവനിലുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ സാധാരണ ദിവസങ്ങളിൽ രാജ്ഭവനിൽ പ്രവേശനത്തിന് അനുമതിയുള്ളൂ. പക്ഷേ, രണ്ടു മാസത്തിനുശേഷം ഈ ചരിത്രമന്ദിരം പൂർണമായി സന്ദർശകർക്കു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
സെബി മാത്യു