ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താന്‍ കോട്ടയെപ്പറ്റി കേൾക്കാം. ഇതോടൊപ്പം കരളലിയിക്കുന്ന തകര്‍ച്ചയുടെ കഥയും...
ഇന്ത്യയിലെ സുന്ദരഭൂമിയായ കാഷ്മീരില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍ നിരവധി. അവയിലൊന്നാണ് ചിക്താന്‍ കോട്ട. ലഡാക്കിലെ പ്രശസ്തമായ കാര്‍ഗില്‍ ജില്ലയിലാണ് ദുരൂഹതകള്‍ നിറഞ്ഞ ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ മറ്റു പല കോട്ടകളെയും പോലെതന്നെ പ്രൗഢോജ്വലമായ ഒരു ഭൂതകാല ചരിത്രം ചിക്താന്‍ കോട്ടയ്ക്കും പറയാനുണ്ട്.
ഒൻപതു നിലകൾ
കാര്‍ഗില്‍ പട്ടണത്തില്‍നിന്നു ഹിമാലയത്തിന്റെ ഉള്‍നാടുകളിലൂടെ ഏതാനും മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ കോട്ടയിലെത്താം.16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ദുരൂഹ കോട്ടയ്ക്ക് ഒമ്പതു നിലകളാണുള്ളത്. എന്നാല്‍, ഇന്ന് അവ നാശത്തിന്റെ വക്കിലാണ്. എങ്കിലും മഞ്ഞിന്റെ തലപ്പാവണിഞ്ഞ പര്‍വതങ്ങളുടെ കാഴ്ച കാണാൻ കോട്ടയിലേക്കു നിരവധി സഞ്ചാരികളാണെത്തുന്നത്. ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താന്‍ കോട്ടയെപ്പറ്റി കേൾക്കാം. ഇതോടൊപ്പം കരളലിയിക്കുന്ന തകര്‍ച്ചയുടെ കഥയും മനംകവരുന്ന ഈ കോട്ടയ്ക്കു പറയാനുണ്ട്.
ഈ വിജനപ്രദേശത്ത് എങ്ങനെ ഇങ്ങനെയൊരു കോട്ട ഉയർന്നു? ഉത്തരംതേടി നമ്മള് കുറെയധികം പിന്നിലേക്കു സഞ്ചരിക്കണം. കൃത്യമായി പറഞ്ഞാല്‍ എട്ടാം നൂറ്റാണ്ടിലേക്ക്. ബാള്‍ട്ടിസ്ഥാനിലെ രാജകുമാരനായ താഹ്താ ഖാനിലൂടെയാണ് ഈ നാടിന്റെ ചരിത്രം ആരംഭിക്കുന്നത്. ഒരു സുരക്ഷിതകേന്ദ്രത്തിനായുള്ള തെരച്ചില്‍ താഹ്താ ഖാനെ കൊണ്ടെത്തിച്ചത് ഈ വിജനപ്രദേശത്തായിരുന്നു. അവിടെ അദ്ദേഹം ഒരു ചെറിയ കൊട്ടാരം തീര്‍ത്തു. എന്നാല്‍, ചിക്താന്‍ കോട്ടയുടെ പിറവിക്കായി പിന്നെയും എട്ടു നൂറ്റാണ്ട് വേണ്ടിവന്നു. 16-ാം നൂറ്റാണ്ടില്‍ ഒരു ബാള്‍ട്ടിസ്ഥാന്‍ ശില്പിയാണ് പ്രദേശത്തു കോട്ട പണിതുയര്‍ത്തിയത്. പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകാലം വിവിധ രാജാധികാരികള്‍ ഈ കോട്ടയെ അവരുടെ വാസകേന്ദ്രമാക്കി.
മണലും ചുണ്ണാന്പുകല്ലും
വാസ്തുവിദ്യാ വിദഗ്ധനും മരപ്പണിക്കാരനുമായ ശിന്ഖന് ചന്ദന്‍ എന്ന ശില്പിയാണ് ഈ അദ്ഭുത നിര്മതിയുടെ പിന്നിലെ കരം. മണലും ചുണ്ണാമ്പുകല്ലും കരിങ്കല്ലുമടങ്ങുന്ന പ്രകൃതിദത്ത വസ്തുക്കളാണ് കോട്ടയുടെ നിര്മാണത്തിനുപയോഗിച്ചത്. സീലിംഗിന്റെ നിര്‍മാണത്തിനും വാതിലിനും ജനാലയ്ക്കും ഫ്രെയിം പിടിപ്പിക്കാനും തടി ഉപയോഗിച്ചു. കോട്ടയ്ക്കുള്ളില്‍ കറങ്ങുന്ന മുറി വരെയുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
തകർച്ചയുടെ കാലം
ഒരു കാലത്തു പ്രദേശത്തെ ജനങ്ങളുടെ ഐക്യത്തിന്റെയും കരുത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്നു ഇത്. നാശത്തിലേക്കു നീങ്ങുന്ന ഈ കോട്ട കാണുമ്പോള്‍ ആരുടെയും മനസിൽ ഒരു വിങ്ങലുണ്ടാകും.19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കോട്ടയുടെ പതനം ആരംഭിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ തകർച്ച വേഗത്തിലായി. ഇന്നു പുറംമതിലിന്റെ വലിയൊരു ഭാഗവും തകര്‍ന്നു വീണിരിക്കുന്നു. എങ്കിലും ചിക്താന്‍ പ്രദേശത്തിന്റെ ആസ്ഥാനം ഇന്നും ഈ കോട്ടതന്നെയാണ്. പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും പഠിക്കാന്‍ ചിക്താന്‍ കോട്ടയോളം നല്ലൊരു പാഠപുസ്തകം വേറെയില്ല.
അജിത് ജി. നായർ