വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
Saturday, April 26, 2025 8:40 PM IST
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാട്ടങ്ങൾ കാണണമെങ്കിൽ തൃശൂരിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം തേടി പോയാൽ മതി. തൃശൂർ നഗരത്തിൽനിന്ന് ഇരുപതു കിലോമീറ്ററോളം അകലെയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഒറ്റ യാത്രയിൽ കാണമെന്നതാണ് ഇതിന്റെ ആകർഷണം.
പക്ഷേ, അത്ര എളുപ്പത്തിൽ പ്രധാന വെള്ളച്ചാട്ടത്തിനു സമീപമെത്താൻ കഴിയില്ല. നാലു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. എന്നാൽ, സാഹസികത ഇഷ്ടമെങ്കിൽ ഈ യാത്ര നിങ്ങളെ ബോറടിപ്പിക്കില്ല.
കാരണം പോകുന്ന വഴികളിലെല്ലാം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം. പ്രധാന വെള്ളച്ചാട്ടത്തിലേക്കു യാത്ര ദുഷ്കരമായതിനാൽ കുടുംബമായി എത്തുന്ന പലരും ഈ ചെറു വെള്ളച്ചാട്ടങ്ങൾ കണ്ടു തൃപ്തി അടയുകയാണ് പതിവ്. ഓലക്കയം, ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടങ്ങൾ ഈ പാതയിലുണ്ട്.
നാട്ടുകാർ കുത്ത് എന്നു വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം കാടിനു നടുവിൽ നിൽക്കുന്ന അപ്സരസിനെപ്പോലെ തോന്നിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കെട്ടിൽ നിന്നാൽ കാടും വെള്ളച്ചാട്ടവും ഇരുവശത്തുമായി കാണാം. വെള്ളം താഴേക്കു ചാടുന്ന ഭാഗത്തും സഞ്ചാരികൾക്ക് എത്താൻ കഴിയും.
സീസൺ: മരോട്ടിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ്. മാർച്ച് മുതൽ മേയ് വരെ വെള്ളച്ചാട്ടങ്ങൾ വരണ്ടു പോകും.
അതേസമയം, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ അത്ര ഉചിതമല്ല. അതുപോലെ വേനൽക്കാലത്ത് ഇലഞ്ഞിപ്പാറയിൽ കാട്ടാനക്കൂട്ടം വരാൻ സാധ്യതയുള്ളതിനാൽ സംഘമായി ഇവിടേക്കു പോകുന്നതാണ് സുരക്ഷിതം.