"ഭയമായിരുന്നു എനിക്ക്'
Sunday, November 17, 2019 2:37 AM IST
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴിയുന്ന റഷ്യയിലെ തെരുവുകൾ, ചൂതാട്ട കേന്ദ്രങ്ങൾ....ദൈവമേ..!
പെരുന്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ ആദ്യത്തെ ആറ് അധ്യായങ്ങളുടെ കൈയെഴുത്തുപ്രതി എന്റെ കൈയിലിരുന്ന് ഇളകിക്കൊണ്ടിരുന്നു. കോട്ടയത്ത് രാത്രിയിലും നല്ല ചൂടുണ്ട്. മഞ്ഞിലൂടെ നടക്കുന്ന ദസ്തയേവ്സ്കിയാണെങ്കിൽ എന്റെ കൈയിലിരിക്കുന്നു. എന്തായാലും വരയ്ക്കണം. നന്നായിത്തന്നെ.
ഒരു സങ്കീർത്തനംപോലെ എന്ന നോവൽ ആദ്യം വായിച്ച രണ്ടുപേരിൽ ഒരാളാണു ഞാൻ. ദീപിക വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ വായിച്ചിട്ട് ആവശ്യമായ ചിത്രം വരയ്ക്കാനാണ് വാർഷികപ്പതിപ്പിന്റെ എഡിറ്ററായിരുന്ന തേക്കിൻകാട് ജോസഫ് അതെന്നെ ഏല്പിച്ചത്. ആദ്യം രണ്ടു കഥകൾക്കു ചിത്രം വരയ്ക്കാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. പിന്നീട് ഈ നോവൽ വന്നപ്പോൾ കഥയവിടെ നില്ക്കട്ടെ, ഈ നോവലിന്റെ ചിത്രം വരച്ചിട്ടുമതി ബാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വായിച്ച നിമിഷം തോന്നി അതൊരു ഉജ്വല സൃഷ്ടിയാണെന്ന്. ഒപ്പം വലിയൊരു ഉത്തരവാദിത്വമാണെന്ന ബോധ്യവുമുണ്ടായി.
ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സാങ്കേതികവിദ്യ അന്നില്ലല്ലോ. സോവിയറ്റ് നാട് പോലുള്ള പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ നോക്കി റഷ്യയെ പരിചയപ്പെടാൻ ശ്രമിച്ചു. എന്നിട്ടും തൃപ്തിയായില്ല. പെരുന്പടവത്തിന്റെ കഥകൾക്കുവേണ്ടി മുന്പും വരച്ചിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരുന്നു. മഞ്ഞായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിനിടെ എന്റെ സുഹൃത്തായിരുന്ന മറ്റൊരു കഥാകാരൻ തങ്കച്ചൻ മരിയാപുരവുമായും ഇക്കാര്യം സംസാരിച്ചു. പിന്നെ ചില റഷ്യൻ പശ്ചാത്തലമുള്ള പുസ്തകങ്ങളും നോക്കി. കാത്തിരുന്നിട്ടു കാര്യമില്ല. വരച്ചുതുടങ്ങി.
പുലർച്ചെ നാലിന് എഴുന്നേറ്റിരുന്നാണ് ഇതത്രയും ചെയ്തത്. അപ്പോൾ നിശബ്ദതയും നേരിയൊരു തണുപ്പും ഏകാന്തതയും കിട്ടും. എന്റെ വീടിനു പുറത്ത് കോട്ടയം ഉറങ്ങിക്കിടന്നപ്പോൾ മനസിലും കടലാസിലും റഷ്യ ഉണർന്നു. മഞ്ഞിന്റെ അനുഭവം ഉണ്ടാകാൻ മാർക്കർ ഉപയോഗിച്ച് ഡോട്ടുകളിട്ടാണ് വരച്ചത്. ഒറ്റ തവണയേ വരയ്ക്കാനാവു. മാർക്കറായതുകൊണ്ട് വൈറ്റ്നെർ ഉപയോഗിച്ച് തിരുത്തൽ പറ്റില്ല. വൈറ്റ്നറിനു മുകളിൽ ഒരുതരം നീല നിഴൽ ഉണ്ടാകും.
വലിയ ഷീറ്റിലാണ് വരച്ചത്. പക്ഷേ, ലേ-ഔട്ട് ചെയ്തവർ ചിത്രം പ്രസിദ്ധീകരണത്തിനു പറ്റിയവിധത്തിൽ കട്ട് ചെയ്തുകളഞ്ഞു. പൂർണരൂപം ഇല്ലാതായി. പുസ്തകത്തിനുവേണ്ടി ചിത്രങ്ങൾ തപ്പിയപ്പോഴാണ് അതറിഞ്ഞത്. ഇന്നും ഒരു സങ്കീർത്തനംപോലെ എന്ന പുസ്തകത്തിന്റെ ചിത്രങ്ങൾ അതുതന്നെയാണ്. ആദ്യമൊക്കെ കവർചിത്രവും അതായിരുന്നു. അതിന്റെ ഒറിജിനൽ നോവലിസ്റ്റിന്റെയോ പ്രസാധകന്റെയോ പക്കൽ ഉണ്ടാവാം.
നോവൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ വലിയ പ്രതികരണമായിരുന്നു. ജോസഫിന്റെ വരയാണ് നോവലിനെ രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എനിക്കറിയാം അത് അദ്ദേഹത്തിന്റെ വിനയംകൊണ്ടാണെന്നും ആ മഹത്തായ നോവൽകാരണമാണ് എന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതെന്നും ഞാനും പറഞ്ഞു. അതാണല്ലോ ശരിയും. അതിനുശേഷവും പെരുന്പടവവുമായി വലിയ സൗഹൃദമാണ്. ഞങ്ങൾ കൂടിക്കാണാറുണ്ട്.
1982 വരെ ദീപികയിൽ കാർട്ടൂണിസ്റ്റായിരുന്ന ഞാൻ പിന്നീട് ഫ്രീലാൻസ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്പോഴായിരുന്നു ഒരു സങ്കീർത്തനം പോലെ എന്ന നോവലിനുവേണ്ടി വരച്ചത്. വർഷമെത്ര കടന്നുപോയി. ഒരു തണുത്ത റഷ്യൻ പ്രഭാതംപോലെ ഇന്നും വരയുടെ ആ ദിവസങ്ങൾ ഞാനോർക്കുന്നു.
ടി.എ. ജോസഫ്