Kerala
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: സമഗ്ര കടാശ്വാസ പദ്ധതിക്ക് 31.25 കോടി കൂടി വകയിരുത്തി
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള സമഗ്ര കടാശ്വാസ പദ്ധതി നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 31.25 കോടി രൂപ കൂടി വകയിരുത്തി.
പദ്ധതിക്ക് നേരത്തേ 18.75 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു അനുവദിച്ചിരുന്നു. ഇതടക്കം 50 കോടി രൂപയാണ് പദ്ധതിക്ക് ഉപയോഗപ്പെടുത്തുക. ജില്ലാ കളക്ടര്‍ പ്രപ്പോസലുകള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു തുക അനുവദിക്കും.
ഇതിനാവശ്യമായ നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകള്‍ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുമെന്നതില്‍ വ്യക്തതവരുത്തിയ സര്‍ക്കാര്‍ ദുരന്തബാധിതരെ നിര്‍വചിച്ചിട്ടുണ്ട്. വായ്പകള്‍ ഏറ്റെടുക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
*സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ക്ക് കടാശ്വാസ പദ്ധതി ബാധകം
ദുരന്തബാധിതരായ വ്യക്തികള്‍, കുടുംബങ്ങള്‍, സംരംഭകര്‍ എന്നിവരുടെ 2024 ജൂലൈ 30 വരെയുള്ളയുള്ള വായ്പയും അത് തീര്‍പ്പാക്കുന്ന തീയതി വരെയുള്ള പലിശ അടക്കം ബാധ്യതകളും കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പടുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ദേശസാത്കൃത ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് ഉള്‍പ്പടെ നോണ്‍ ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ കമ്പനികള്‍, സഹകരണ സംഘങ്ങള്‍, ഹൗസിംഗ് ബോര്‍ഡ്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎആര്‍ഡി ബാങ്ക്, കെഎസ്ബിസിഡിസി, എസ്‌സി-എസ്ടി ഡവല്‌മെന്റ് കോര്‍പറേഷന്‍, സര്‍ക്കാര്‍ അംഗീകൃത ചിട്ടി സ്ഥാപനങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രജിസ്‌ട്രേഷനും നിയന്ത്രണവുമുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള വായ്പകള്‍ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പടും. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ വായ്പകള്‍ക്ക് മാത്രമാണ് പദ്ധതി നേരത്തേ ബാധകമാക്കിയത്.
*പദ്ധതി ഗുണഭോക്താക്കള്‍ ഇവര്‍
2024 ജൂലൈ 30ന് ദുരന്തബാധിത പ്രദേശത്ത്(നോ ഗോസോണ്‍)സ്ഥിരമായി താമസിച്ചിരുന്ന വ്യക്തികള്‍, ദുരന്തത്തില്‍ മരണമടഞ്ഞവര്‍, ദുരന്തബാധിതരായ കുടുംബാംഗങ്ങള്‍, പുനരധിവാസത്തിന് തയാറാക്കിയ ഫേസ് ഒന്ന്, 2 എ, 2 ബി പട്ടികകളില്‍ ഉള്‍പ്പട്ടവര്‍, കുടുംബാംഗങ്ങള്‍, അപ്പീല്‍ തീര്‍പ്പാക്കുന്ന മുറയ്ക്ക് വീടിന് അര്‍ഹത നേടുന്നവര്‍, ദുരന്തബാധിതരായ കുടുംബാംഗങ്ങള്‍, നോ ഗോ സോണിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍, കെട്ടിടം ഉടമകള്‍, അംഗീകൃത ഹോംസ്റ്റേ ഉടമകള്‍, ദുരന്തബാധിതരായ കന്നുകാലി കര്‍ഷകര്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാരപ്പക്ഷി കര്‍ഷകര്‍, തേനീച്ചക്കര്‍ഷകര്‍, ടൂറിസ്റ്റ് വാഹന ഉടമകള്‍, വാണിജ്യ വാഹന ഉടമകള്‍ എന്നിവരെ ദുരന്തബാധിതരായി കണക്കാക്കി കടാശ്വാസ പദ്ധതി ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തും.
*റേഷന്‍ കാര്‍ഡില്‍ പേര് നിര്‍ബന്ധമല്ല
റേഷന്‍ കാര്‍ഡില്‍ പേര് ഇല്ലെങ്കിലും ദുരന്തബാധിത പ്രദേശത്ത് താമസിച്ചിരുന്നവരുടെ വായ്പകള്‍ പദ്ധതിയില്‍ ഉള്‍പ്പടുത്തി ഏറ്റെടുക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആധാര്‍, ഇലക്ഷന്‍ ഐഡി, മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ആവശ്യമാകുന്നപക്ഷം ഡിഡിഎംഎ നിയോഗിക്കുന്ന സമിതിയുടെ പ്രദേശിക പരിശോധനയും നടത്തി വ്യക്തികളെ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം.
റേഷന്‍ കാര്‍ഡില്‍ പേര് ഉണ്ടെങ്കിലും വര്‍ഷങ്ങള്‍ മുമ്പ് മാറിത്താമസിച്ചവരുടെ വായ്പകള്‍ക്ക് പദ്ധതി ബാധകമല്ല.2024 ജൂലൈ 30ന് ശേഷം സിബില്‍ സ്‌കോര്‍ സംരക്ഷിക്കുന്നതിനോ വസ്തു ലേലം ഒഴിവാക്കുന്നതിനോ വായ്പ പൂര്‍ണമായോ ഭാഗികമായോ അടച്ച വ്യക്തികള്‍ക്ക് ബാങ്ക് രേഖകള്‍ പരിശോധിച്ച് തുക തിരികേ നല്‍കണം.
പുനരധിവാസ പട്ടികകളില്‍ ഉള്‍പ്പട്ടില്ലെങ്കിലും ജീവനോപാധി സഹായം മാത്രം ലഭിക്കുന്നവരുടെയും നോ ഗോ സോണ്‍ മൂലം യാത്രാ സൗകര്യം തടസപ്പെടുന്നതിനാല്‍ മാറി താമസിച്ചവരുടെയും ദുരന്തം മൂലം ഉപജീവനമാര്‍ഗം സ്ഥിരമായി നഷ്ടപ്പെട്ടവരുടെയും യോഗ്യമായ വായ്പകള്‍ പദ്ധതിയില്‍ ഏറ്റെടുക്കാം.
ദുരന്തബാധിതരുടെ മക്കള്‍ക്ക് ജില്ലയ്ക്കുപുറത്ത് സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് എടുത്ത വിദ്യാഭ്യാസ വായ്പകളില്‍ ദുരന്തബാധിതനായ വ്യക്തിയുടെ പേരിലുള്ളതും ദുരന്തബാധിതന്‍ രക്ഷിതാവായി രേഖപ്പെടുത്തിയതുമായവ പൂര്‍ണമായും കൊടുത്തുതീര്‍ക്കണം. ദുരന്തബാധിതനും ദുരന്തബാധിതന്‍ അല്ലാത്ത വ്യക്തിയും ചേര്‍ന്ന് എടുത്ത സംയുക്ത വായ്പകളില്‍ ദുരന്തബാധിതന്‍റെ ആനുപാതിക ബാധ്യത കൊടുത്തുതീര്‍ക്കണം.
*ബാങ്കുകളുമായി നീക്കുപോക്കിനു ഡിഡിഎംഎയ്ക്ക് അധികാരം
ചില ധനകാര്യ സ്ഥാപനങ്ങള്‍ ഇതിനകം വായ്പകള്‍ എഴുതിത്തള്ളിയിട്ടുള്ളതിനാല്‍ ഇത്തരം കേസുകളും ഒറ്റപ്പെട്ടതുമായ കേസുകളും പരാതികളും പരിശോധിക്കുന്നതിന് ജില്ലാതല ബാങ്കേഴ്‌സ് കമ്മിറ്റി, ഡിഡിഎംഎ എന്നിവ സംയുക്തമായി പരിശോധന നടത്തി ഓരോ കേസിലും സര്‍ക്കാരിലേക്ക് പ്രത്യേകം ശിപാര്‍ശ നല്‍കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ അന്തിമതീരുമാനം സ്വീകരിക്കും.
സര്‍ക്കാര്‍ തുക നല്‍കി തീര്‍പ്പാക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം വായ്പക്കാരന് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട അന്തിമ തുക തീരുമാനിക്കുന്നതിന് ബാങ്കുകളുമായി നീക്കുപോക്ക് നടത്താന്‍ ഡിഡിഎംഎയ്ക്ക് അധികാരം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
November 28, 2026