ഡിഎംകെ എംപി കനിമൊഴി പാർലമെന്റിൽ സംസാരിക്കുന്നു.
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഡിഎംകെ എംപിമാരുടെ ഇരിപ്പിടങ്ങൾ പുനഃക്രമീകരിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. ഇന്ത്യ സഖ്യത്തിൽ നിന്ന് മാറ്റിയാണ് ഡിഎംകെ അംഗങ്ങൾക്ക് പുതിയ ഇരിപ്പിടങ്ങൾ അനുവദിച്ചിരിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ പരസ്യമായി തീരുമാനിച്ച അതേ ദിവസമാണ് ഇരിപ്പിട ക്രമീകരണത്തിലും മാറ്റമുണ്ടായത്.
ഇന്ത്യ സഖ്യത്തിൽ നിന്ന് മാറിയതിനെത്തുടർന്ന് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ഡിഎംകെ ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഡിഎംകെ എംപി കനിമൊഴി സ്പീക്കർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണമെന്നാണ് സൂചന. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കെയാണ് ലോക്സഭയിലെ ഇരിപ്പിട മാറ്റവും ശ്രദ്ധ നേടുന്നത്.
ഡിഎംകെ അംഗങ്ങൾക്ക് പുറമെ കോൺഗ്രസ്, സമാജ്വാദി പാർട്ടി, എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ) എന്നീ പാർട്ടികളിലെ എംപിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ക്രമീകരണത്തിൽ എൻസിപി (ശരദ് പവാർ) എംപി സുപ്രിയ സുലെ, കനിമൊഴിക്കും ദയാനിധി മാരനും ഒപ്പമായിരിക്കും ഇരിക്കുക.
Tags : Tamil Nadu Politics Lok Sabha Lok Sabha Secretariat India Alliance Parliament Special Session DMK