ജോർജുകുട്ടി
വാഴക്കുളം: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ പൊലിസ് പിടിയിൽ. കോട്ടയം പൂഞ്ഞാർ സ്വദേശിയായ ജോർജുകുട്ടിയാണ് വാഴക്കുളം പൊലിസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചോടെ മടക്കത്താനത്തു വച്ചാണ് ഇയാളെ പിടികൂടിയത്.
പാലായിൽ നിന്ന് കോഴിക്കോടിനു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രയിലുടനീളം ഡ്രൈവിംഗിന് അസ്വാഭാവികത തോന്നിയെന്ന് യാത്രക്കാർ പറഞ്ഞു. പാലാ മുതലുള്ള ഭാഗങ്ങളിലെ കയറ്റവും ഇറക്കവും വളവുകളുമാകാം ഡ്രൈവിംഗിലെ അപാകതക്കു കാരണമെന്ന് യാത്രക്കാർ ആദ്യം കരുതി. തൊടുപുഴ നിന്നുള്ള യാത്രയിൽ അപകടം തോന്നിയ യാത്രക്കാർ മടക്കത്താനം ഭാഗത്തു വച്ച് ബസ് നിർത്തിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. ഇതോടൊപ്പം തൊടുപുഴ ഡിവൈഎസ്പി ഓഫീസിലും വിവരം എത്തിയിരുന്നു. അവിടെ നിന്നും സന്ദേശം ലഭിച്ചതോടെ വാഴക്കുളം പൊലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രഥമദൃഷ്ട്യാ മദ്യപിച്ച ലക്ഷണങ്ങൾ കാണിച്ച ഇയാളെ മെഡിക്കൽ പരിശോധനക്കു വിധേയമാക്കി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് വരെയുള്ള യാത്രക്കാർക്ക് ഇതര വാഹനങ്ങളിൽ യാത്രക്കായി സംവിധാനമൊരുക്കി.
ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. പാലാ ഡിപ്പോയിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് ബസായിരുന്നു ഇത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു.
Tags : DrunkenDrive KSRTC Police Bus Intoxicated Driver Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash