അന്റാർട്ടിക്കയിലെ ഹിമപാളികൾ.
പന്ത്രണ്ടു ലക്ഷം വർഷം പഴക്കമുള്ള മഞ്ഞുപാളികൾ ഗവേഷകർ കണ്ടെത്തി! പക്ഷേ, അവർ ലക്ഷ്യമിടുന്നത് പതിനഞ്ചു ലക്ഷം വർഷം പഴക്കമുള്ള ഹിമപാളികളാണ്! അന്റാർട്ടിക്കയിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യൻ ശാസ്ത്രജ്ഞർ. ആർട്ടിക് ആൻഡ് അന്റാർട്ടിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എഎആർഐ) ഗവേഷകർ എന്തിനാണു ദശലക്ഷക്കണക്കിനു വർഷം പഴക്കമുള്ള ഹിമപാളികൾ തേടുന്നത്?
ലക്ഷ്യം കാലാവസ്ഥാ ചരിത്രം പഠിക്കുകയാണ്. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പു ഭൂമിയുടെ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവു മനസിലാക്കാനും, ഭൂമിയുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനും ഗവേഷണം സഹായിക്കുമെന്നാണു പ്രതീക്ഷ. റഷ്യൻ പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, കണ്ടെത്തലുകൾ ആധുനിക കാലാവസ്ഥാ മാതൃകകൾ പരിശോധിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. പഴയകാലത്തെ അന്തരീക്ഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മഞ്ഞുപാളികളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

കടൽ 65 മീറ്റർ ഉയർന്ന നിലയിൽ
ഏകദേശം അഞ്ചു കോടി വർഷങ്ങൾക്കു മുമ്പു ഭൂമിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഇന്നത്തേതിനേക്കാൾ കൂടുതലായിരുന്നുവെന്നു ഗവേഷകർ വ്യക്തമാക്കി. ആ കാലഘട്ടത്തിൽ അന്റാർട്ടിക്കയിൽ മഞ്ഞുപാളികൾ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആഗോള സമുദ്രനിരപ്പ് ഇന്നത്തേതിനേക്കാൾ ഏകദേശം 65 മീറ്റർ ഉയർന്ന നിലയിലായിരുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
മഞ്ഞിൽ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത പരിശോധിക്കുന്നതിലൂടെ, ദശലക്ഷക്കണക്കിനു വർഷങ്ങളായി ഭൂമിയുടെ കാലാവസ്ഥയിൽ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കും. ഭാവിയിലെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചു കൂടുതൽ കൃത്യമായ ചിത്രം നൽകാനും പ്രവചനങ്ങൾ മെച്ചപ്പെടുത്താനും ഇതു വഴിയൊരുക്കും. 15 ലക്ഷം വർഷം വരെ പഴക്കമുള്ള ഹിമപാളികൾ അന്റാർട്ടിക്കയിൽ കണ്ടെത്തുകയാണു തങ്ങളുടെ ദൗത്യമെന്നു ഗവേഷകർ. പുരാതന അന്റാർട്ടിക്കൻ മഞ്ഞിൽനിന്നുള്ള കണ്ടെത്തലുകൾ ദശലക്ഷക്കണക്കിനു വർഷങ്ങളായി ഭൂമിയുടെ കാലാവസ്ഥ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ആഗോള ശാസ്ത്രലോകത്തിന്റെ അറിവ് വർധിപ്പിക്കും.

12 ലക്ഷം വർഷം പഴക്കമുള്ള മഞ്ഞ് കിട്ടി
അന്തരീക്ഷത്തിന്റെ ശേഷിപ്പുകൾ മഞ്ഞുപാളികളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ, ചരിത്രാതീതകാലത്തെ ഹരിതഗൃഹ വാതകങ്ങളുടെ അളവും പഴയ പാരിസ്ഥിതിക സാഹചര്യങ്ങളും പുനർനിർമിക്കാൻ ഗവേഷകർക്കു സാധിക്കും. ദീർഘകാല കാലാവസ്ഥാ രീതികൾ മനസിലാക്കാനും ഇന്നത്തെ കാലാവസ്ഥാ മാറ്റങ്ങൾ വിലയിരുത്താനും ഇത്തരം കണ്ടെത്തലുകൾ വിലപ്പെട്ട തെളിവുകൾ നൽകുന്നു.
ഏകദേശം 15 ലക്ഷം വർഷം പഴക്കമുള്ള മഞ്ഞിനായുള്ള തെരച്ചിൽ ദീർഘകാല ശാസ്ത്രീയ പദ്ധതിയുടെ ഭാഗമാണ്. ഏകദേശം 12 ലക്ഷം വർഷം പഴക്കമുള്ള പുരാതന മഞ്ഞുസാമ്പിളുകൾ ഗവേഷകർ ഇതിനകം ശേഖരിച്ചു വിശകലനം ചെയ്തിട്ടുണ്ട്. പദ്ധയിട്ടിരിക്കുന്ന പര്യവേക്ഷണത്തിലൂടെ ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തിലേക്കു കൂടുതൽ ആഴത്തിൽ കടന്നുചെല്ലാനാണു ലക്ഷ്യമിടുന്നത്.
Tags : Antarctica International ClimateChange AncientIce EarthHistory