പ്രതീകാത്മക ചിത്രം
മുംബൈ: ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിലും (എടിഎം), പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളിലും പണം പിൻവലിക്കുന്നതു സംബന്ധിച്ച് ഏകീകൃത നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി.
എടിഎം വഴി പണം പിൻവലിക്കൽ, സൗജന്യ ഇടപാടുകൾ, ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കുകൾ, വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം പിൻവലിക്കൽ എന്നിവ സംബന്ധിച്ച് നിലവിലുള്ള നിർദേശങ്ങളെല്ലാം ഏകീകരിച്ചാണ് പുതിയ നിർദേശം പുറത്തിറക്കിയത്.
സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ അനുവദിക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം. എ ടി എം ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
പ്രതിമാസ സൗജന്യ എടിഎം ഇടപാടുകളിൽ എത്ര എണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് എത്ര തുക ഈടാക്കുമെന്നും ബാങ്കുകൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണം. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 23 രൂപയും ബാധകമായ നികുതിയും ഈടാക്കാം.
സാങ്കേതിക തകരാർ, പണത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ പാടില്ല. ഇത്തരം ഇടപാടുകൾ സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്താനും പാടില്ല. ഇടപാട് പരിധിയും സേവനനിരക്കുകളും ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ എടിഎമ്മുകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
പുതിയ നിർദേശത്തിൽ മറ്റു ബാങ്കുകളുടെ എടിഎമ്മിൽനിന്ന് ഒരു ഇടപാടിൽ പിൻവിലക്കാവുന്ന പരമാവധി തുക 10,000 രൂപയായി നിർദേശിച്ചു.
വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ വഴി ഡെബിറ്റ് കാർഡും യു പി ഐയും ഉപയോഗിച്ച് ഒറ്റത്തവണ പരമാവധി രണ്ടായിരം രൂപയും പ്രതിമാസം പതിനായിരം രൂപയും പിൻവലിക്കാം.
ബാങ്കിങ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും അപ്രതീക്ഷിത സേവനനിരക്കുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് പുതിയ നടപടി. നവംബർ 27 മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.
Tags : ATM cash withdrawals RBI guidelines Business Banking