ഡിഎംകെ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ.
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡിഎംകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കനിമൊഴി, ടി.ആർ. ബാലു, എ. രാജ, ദയാനിധി മാരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അമിത് ഷായെ കണ്ടത്. ബില്ലിലെ നിർണായക മാറ്റങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഡിഎംകെ നടത്തുന്ന നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമാവുകയാണ്.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനാണ് ഡിഎംകെ നേരത്തേ തീരുമാനിച്ചത്. തമിഴ്നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പാർലമെന്റിൽ സംസ്ഥാനത്തിന്റെ നിലവിലെ പ്രാതിനിധ്യ അനുപാതത്തിൽ കുറവുണ്ടാകില്ലെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുന്നതായി ഡിഎംകെ നേതാവ് എ. രാജ എംപിയും വ്യക്തമാക്കിയിരുന്നു.
എന്നാൽ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോഴും തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം പ്രാതിനിധ്യം നിലനിർത്തണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം. മണ്ഡല പുനർനിർണയം നീതിപൂർവവും സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
സീറ്റ് എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിലൂടെ തമിഴ്നാടിന്റെ ലോക്സഭാ പ്രാതിനിധ്യത്തിലും വർധനയുണ്ടാകുമെന്ന് എ. രാജ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.
Tags : Delimitation Bill T.R. Baalu A. Raja Dayanidhi Maran Tamil Nadu Politics BJP Parliament Indian Politics