x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്എംഎ ജീൻ തെറാപ്പി: ആരോഗ്യമന്ത്രിയുടെ പ്രസ്താവന കാര്യം മനസിലാക്കാതെ

വെബ് ഡെസ്ക്
Published: November 28, 2026 05:00 PM IST | Updated: November 28, 2026 05:02 PM IST

പ്രതീകാത്മക ചിത്രം.

കോട്ടയം: കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ജീൻ തെറാപ്പിക്കായി ഫണ്ട് പിരിവ് നടത്തുന്നതിനെതിരേ ആരോഗ്യമന്ത്രി കെ. മുരളീധരന്‍റെ പ്രസ്താവന കാര്യങ്ങൾ വേണ്ടരീതിയിൽ മനസിലാക്കാതെയാണെന്നു വിമർശനം. എസ്എംഎ രോഗത്തിനുള്ള മരുന്ന് സർക്കാരിന്‍റെ കൈവശമുണ്ട് പിന്നെ എന്തിനാണ് കാമ്പയിൻ നടത്തി ഫണ്ട് പിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

എന്നാൽ, ഇതു യാഥാർഥ്യം മനസിലാക്കാതെയുള്ള പ്രസ്താവനയാണെന്ന് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു. എസ്എംഎ ബാധിതരായ രണ്ടു വയസിൽ താഴെയുള്ളവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കൊടുക്കുന്ന ജീൻ തെറാപ്പി മരുന്നും രോഗം മൂർഛിക്കാതിരിക്കാൻ ദിവസം കഴിക്കേണ്ട മരുന്നും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയാണ് മന്ത്രിയുടെ പ്രസ്താവനയെന്നു പറയുന്നു.

യാഥാർഥ്യം ഇങ്ങനെ

16 മുതൽ 18 കോടി രൂപയോളം വിലവരുന്ന, ഒറ്റത്തവണ മാത്രം നൽകുന്ന ജീൻ തെറാപ്പി മരുന്ന് (Zolgensma) കേരള സർക്കാരിന്‍റെയോ കേന്ദ്ര സർക്കാരിന്‍റെയോ കൈവശം സ്റ്റോക്കില്ല. എന്നാൽ, എസ്എംഎ (Spinal Muscular Atrophy) രോഗികൾക്കു കേരള സർക്കാർ സൗജന്യമരുന്ന് നൽകുന്നുണ്ട്. അത് കേരള സർക്കാരിന്‍റെ KARE (Kerala United Against Rare Diseases) പദ്ധതിയിലൂടെ അർഹരായ കുട്ടികൾക്ക് (25 വയസുവരെയുള്ളവർക്ക്) സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം (Risdiplam) എന്ന മരുന്നാണ്. ഇത് ഒറ്റത്തവണ നൽകുന്ന ജീൻ തെറാപ്പി അല്ല, മറിച്ച് രോഗം മൂർച്ഛിക്കുന്നതു തടയാൻ ദിവസവും കഴിക്കേണ്ട മരുന്നാണ്.

ജീൻ തെറാപ്പി (Zolgensma) ലഭ്യമാകുന്ന വിധം: രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്കു നൽകുന്ന ജീൻ തെറാപ്പി മരുന്നായ സോൾജെൻസ്മ (Zolgensma) ഇന്ത്യയിൽ സാധാരണ വിപണിയിലോ സർക്കാർ ആശുപത്രികളിലോ സ്റ്റോക്ക് ചെയ്യാറില്ല. മരുന്ന് നിർമാതാക്കളായ നൊവാർട്ടിസിന്‍റെ (Novartis) ഗ്ലോബൽ മാനേജ്ഡ് ആക്സസ് പ്രോഗ്രാം (GMAP) വഴി നറുക്കെടുപ്പിലൂടെയോ അല്ലെങ്കിൽ ക്രൗഡ് ഫണ്ടിംഗിലൂടെ (Crowdfunding) പണം സമാഹരിച്ച് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തുമാണ് നിലവിൽ ഇതു ലഭ്യമാക്കുന്നത്.

കേന്ദ്ര സർക്കാർ സഹായം: കേന്ദ്ര സർക്കാരിന്‍റെ 'നാഷണൽ പോളിസി ഫോർ റെയർ ഡിസീസസ്' (NPRD) പദ്ധതിക്കു കീഴിൽ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കാറുണ്ട്. തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയാണ് കേരളത്തിലെ ഇതിന്‍റെ നോഡൽ സെന്‍റർ. ചുരുക്കത്തിൽ, ജീൻ തെറാപ്പി മരുന്ന് സർക്കാർ നേരിട്ട് സംഭരിച്ചു വിതരണം ചെയ്യുന്നില്ല; പകരം രോഗനിയന്ത്രണത്തിനുള്ള റിസ്ഡിപ്ലാം മരുന്നാണ് സർക്കാർ സൗജന്യമായി ലഭ്യമാക്കുന്നത്. ഈ വ്യത്യാസം മനസിലാക്കാതെയാണ് കോഴിക്കോട്ട് മൂന്നു കുരുന്നുകൾക്കു വേണ്ടിയുള്ള ഫണ്ട് സ്വരൂപണത്തെ മന്ത്രി എതിർത്തതെന്നു പറയുന്നു.

കോഴിക്കോട് മുക്കം കല്ലുരുട്ടിയിലെ എസ്എംഎ (Spinal Muscular Atrophy) ബാധിതരായ മൂന്ന് കുരുന്നുകളുടെ (എഥൻ, ഒലിവർ, ഡേവിഡ്) ജീൻ തെറാപ്പി ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഏകദേശം 35 കോടി രൂപയോളം ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള ശ്രമം തുടരുകയാണ്.
ജീവൻരക്ഷാ പ്രവർത്തനങ്ങളെ തെറ്റിദ്ധാരണയിൽ മുക്കരുതെന്നു വിവിധ കോണുകളിൽനിന്നു മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Tags : Health Ministers Statement Gene Therapy Kozhikode Controversy SMA Disease

Recent News

Corehub Up