ബോസ്‌കോ കളമശേരി
കൊച്ചി: ഹൈക്കോടതിയില്‍ അനുകൂല വിധി നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 60,500 രൂപ തട്ടിയെന്ന പരാതിയില്‍ പൊതുപ്രവര്‍ത്തകന്‍ ബോസ്‌കോ കളമശേരിക്കെതിരെ കേസ്. കൊല്ലം പരിപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് ആണ് കേസ് എടുത്തത്.
കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയില്‍ പരിഗണനയിലുള്ള രണ്ടു സിവില്‍ കേസുകളുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാന്‍ സ്വാധീനം ചെലുത്താമെന്ന് ബോസ്‌കോ യുവതിയെ വിശ്വസിപ്പിച്ചെന്നാണ് പരാതി.
ഇതിനായി യുവതിയില്‍ നിന്നും ഈ വര്‍ഷം ജൂണ്‍ 13 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ 57,500 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 3,000 രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. പിന്നീട് മറ്റു നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ചോദ്യം ചെയ്യുകയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പണം തിരികെ നല്‍കാന്‍ ബോസ്‌കോ തയാറായില്ല. കൂടാതെ വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. ബിഎന്‍എസ് 318(4), 351(3) വകുപ്പുകള്‍ ചുമത്തിയാണ് ബോസ്‌കോ കളമശേരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Tags : Fraud BoscoKalamassery HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash