മധുര തിരുപ്പറംകുൺട്രം മലമുകളിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചപ്പോൾ.
ചെന്നൈ: മധുര തിരുപ്പറംകുൺട്രം മലമുകളിലെ വിവാദ ദീപത്തൂണിൽ സുപ്രീംകോടതി നിർദേശപ്രകാരം കാർത്തിക ദീപം തെളിച്ചു. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. ദീപത്തൂണിന് സമീപം 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. വൈകുന്നേരം 6.15ന് ദീപം തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കഴിഞ്ഞ 24ന് ഒരുതവണ ദീപം തെളിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
എന്നാൽ ഈ ഉത്തരവ് നടപ്പായിരുന്നില്ല. തുടർന്നാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലെത്തിയത്. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ, അത് അപ്പോഴും കത്തുന്നില്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപത്തൂണിൽ വിളക്ക് തെളിക്കാനാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാറും വിപുൽ പഞ്ചോളിയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചത്. ക്ഷേത്ര ഭരണസമിതിയെ താത്കാലികമായി ചുമതലയിൽനിന്ന് മാറ്റി പകരം റിസീവർമാരെ നിയമിച്ചാണ് കോടതി ഉത്തരവ് നടപ്പാക്കിയത്.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. കുന്നിൻമുകളിലെ ദർഗയിൽനിന്ന് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്കുകൊളുത്താൻ അനുമതി തേടി ഹിന്ദു സംഘടനകൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇത്തരമൊരു ആചാരം മുമ്പ് ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ദീപം തെളിച്ചിരുന്നതെന്നുമായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ വാദം.
എന്നാൽ ദീപം തെളിക്കുന്നത് ദർഗയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന തമിഴ്നാട് സർക്കാരിന്റെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെത്തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നുണ്ടായ നിയമനടപടികൾക്കൊടുവിലാണ് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്.
Tags : Supreme Court Order SupremeCourt TamilNadu Madurai DeepamPillar CourtOrder