കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വോട്ടർ തിരിച്ചറിയൽ കാർഡുകൾ.
കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ നിന്നാണ് കാർഡുകൾ കണ്ടെത്തിയത്. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം തകർന്നുവീണതോടെയാണ് മണ്ണിനടിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന ഐഡി കാർഡുകൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നാട്ടുകാർ പന്തീരാങ്കാവ് പൊലിസിനെയും വില്ലേജ് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ വോട്ടർമാർ 2015 വരെ ഉപയോഗിച്ചിരുന്ന പഴയ തിരിച്ചറിയൽ കാർഡുകളാണിവയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ വോട്ടർമാരിൽനിന്ന് തിരിച്ചുവാങ്ങിയ പഴയ കാർഡുകളാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം.
ഒളവണ്ണയിൽ ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) പ്രവർത്തിച്ചിരുന്നവരിൽ ആരെങ്കിലും കാർഡുകൾ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. എന്നാൽ കാർഡുകൾ എങ്ങനെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എത്തി, ആരാണ് ചാക്കിലാക്കി കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകിയപ്പോൾ ശേഖരിച്ച പഴയ കാർഡുകൾ ചട്ടപ്രകാരം നശിപ്പിക്കാതെ സൂക്ഷിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കണ്ടെത്തിയ കാർഡുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ അർജുൻ അജിത്തിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി.
Tags : Police Investigation Voter IDs Buried Voter ID Cards Olavanna Election Commission