പ്രതീകാത്മക ചിത്രം
കൊച്ചി: വില്പത്രങ്ങളിലൂടെയുള്ള ഭൂമി കൈമാറ്റത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
വില്പത്രത്തിലൂടെ സ്വത്ത് ലഭിച്ചവര്‍ക്ക് അതില്‍ അവകാശം സ്ഥാപിക്കാന്‍ നിയമനടപടികളടക്കം തടസമുണ്ടാകുന്നതായി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
1966ലെ ട്രാന്‍സ്ഫര്‍ ഓഫ് ഫ്രീഡം രജിസ്ട്രി റൂള്‍സില്‍ വില്പത്രങ്ങള് വഴിയുള്ള അവകാശ കൈമാറ്റത്തെക്കുറിച്ച് വ്യക്തതയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു സിംഗിള്‍ ബെഞ്ച് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിനി ഷീജ കെ. മേനോന് നല്കിയ അപ്പീല്‍ ഹർജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഭൂമി കൈമാറ്റ നടപടികള്‍ കേവലം നികുതിസംബന്ധമായ ക്രമീകരണം മാത്രമാണെന്നും അത് ഒരാളുടെ നിയമപരമായ അവകാശങ്ങളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ ചട്ടങ്ങള്‍ പ്രകാരം തന്നെ ഇത്തരം അപേക്ഷകളില്‍ തഹസില്‍ദാര്‍മാര്‍ക്കു തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു.
പോക്കുവരവിനായി അപേക്ഷിക്കുമ്പോള്‍ വില്പത്രത്തിന്റെ പകര്‍പ്പിനൊപ്പം ലീഗല്‍ ഹെയര്‍ഷിപ് സര്‍ട്ടിഫിക്കറ്റോ ഫാമിലി മെംബര്‍ഷിപ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം, ഇവ ലഭ്യമല്ലെങ്കില്‍ അനന്തരാവകാശികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം, തുടര്‍ന്നുള്ള നോട്ടീസില്‍ ആരും എതിര്‍പ്പ് അറിയിച്ചില്ലെങ്കിലോ അനന്തരാവകാശികള്‍ എല്ലാവരും സമ്മതം അറിയിച്ചാലോ തര്‍ക്കമില്ലാത്ത കേസായി പരിഗണിച്ച് പോക്കുവരവ് അനുവദിക്കണം, അനന്തരാവകാശികള്‍ വില്പത്രത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയാല്‍ റവന്യൂ ഓഫീസര്‍ കക്ഷികളോടു സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍.കേസ് വീണ്ടും ഡിസംബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
Tags : Land Transfer Wills Stay Guidelines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash