പ്രതീകാത്മക ചിത്രം.
ഭൂമിയുടെ ഭ്രമണപഥത്തിൽ ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിക്കാൻ റഷ്യ ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ വിക്ഷേപണം നടന്നേക്കുമെന്നാണു രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. റഷ്യയുടെ നീക്കം ലോകരാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
'സ്പുട്നിക്-എസ്' എന്ന വില്ലൻ
നവംബർ ആദ്യവാരം നാറ്റോ രാജ്യങ്ങൾക്കിടയിൽ കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടിൽ നിർണായക വിവരങ്ങളാണുള്ളത്. 'സ്പുട്നിക്-എസ്' എന്ന ഉപഗ്രഹം വർഷങ്ങൾക്കു മുമ്പേ നിർമിച്ചതാണെന്നും മോസ്കോയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. അറുപതു ദിവസത്തിനുള്ളിൽ വിക്ഷേപണത്തിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ലോ എർത്ത് ഓർബിറ്റിൽ ആണവ സ്ഫോടനം സംഭവിച്ചാൽ, അത് ആഗോളതലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
1967-ലെ ഔട്ടർ സ്പേസ് ട്രീറ്റി പ്രകാരം ബഹിരാകാശത്ത് ആണവായുധങ്ങളും മറ്റു വൻനശീകരണ ആയുധങ്ങളും വിന്യസിക്കുന്നതു നിരോധിച്ചിട്ടുള്ളതാണ്. കരാറിൽ റഷ്യയും ഒപ്പുവച്ചിട്ടുണ്ട്. 2022-ൽ റഷ്യ വിക്ഷേപിച്ച 'കോസ്മോസ് 2553' എന്ന ഉപഗ്രഹവും സമാനമായ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണമാണോയെന്ന് യുഎസ്, പാശ്ചാത്യ ഏജൻസികൾ സംശയിക്കുന്നുണ്ട്.
ബഹിരാകാശത്ത് ആണവായുധം പ്രയോഗിച്ചാൽ ലോകം വൻ പ്രതിസന്ധിയിലകപ്പെടും. ആഗോളതലത്തിലുള്ള ഉപഗ്രഹശൃംഖലകൾ തകരുകയും, ഭൂമിയിലെ വാർത്താവിനിമയ-ഊർജ സംവിധാനങ്ങൾ സ്തംഭിക്കുകയും ചെയ്യും. ഉപഗ്രഹങ്ങളുടെ കൂട്ടനാശമായിരിക്കും സംഭവിക്കുകയെന്നും മണിക്കൂറുകൾക്കുള്ളിൽ മൂന്നിലൊന്ന് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമാകുമെന്നും യുഎസ് സൈനിക വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.
സ്ഫോടനം സംഭവിച്ചാൽ ബഹിരാകാശത്ത് അപകടകരമായ വികിരണവലയങ്ങളും അതിവേഗത്തിൽ സഞ്ചരിക്കുന്ന അവശിഷ്ടങ്ങളും രൂപപ്പെടും. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കും. ബഹിരാകാശത്തെ ആണവ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ ഒരു രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല.
സൈനിക നീക്കങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വാർത്താവിനിമയത്തിനും ഉപഗ്രഹങ്ങളെ ഏറ്റവുമധികം ആശ്രയിക്കുന്നത് പാശ്ചാത്യരാജ്യങ്ങളാണ്. സ്ഫോടനം നടന്നാൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലകപ്പെടും. ഗതാഗത-വാർത്താവിനിമയ സ്തംഭനം ഭീകരമായിരിക്കും. അമേരിക്കയുടെ സൈനിക നിരീക്ഷണ ശേഷിയെയും ഇതു സാരമായി ബാധിക്കും.
വാർത്താവിനിമയം, കാലാവസ്ഥാനിരീക്ഷണം, നാവിഗേഷൻ, വാണിജ്യ സേവനങ്ങൾ എന്നിവയ്ക്കായി ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും റഷ്യയുടെ നീക്കം കനത്ത ഭീഷണിയാകും.
Tags : RussiaSputnikS International AntiSatelliteWeapon SpaceWarfare NATO SpaceSecurity