രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യം നേരിടുന്ന രാഷ്ട്രീയ വിവാദങ്ങളിൽനിന്ന് രക്ഷപ്പെടാനും അധികാരം ഉറപ്പിക്കാനുമുള്ള ബിജെപിയുടെ പുതിയ തന്ത്രമാണ് മണ്ഡല പുനർനിർണയമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനിതാ സംവരണ ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണയം ആവശ്യമില്ല. നിലവിലെ ലോക്സഭയിലെ 543 സീറ്റുകളിൽത്തന്നെ സംവരണം നടപ്പാക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനുപകരം മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
കറുത്ത ഷർട്ട് ധരിച്ചാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ അവതരിപ്പിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ലോക്സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നീക്കം ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകത്തിന്റെ പ്രതീകമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. യുവാക്കൾ 850 എന്ന സംഖ്യ ഓർത്തുവയ്ക്കണമെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ബാധിക്കുന്ന നിർണായക നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് എതിർപ്പില്ല. അതിനെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. നിലവിലെ ലോക്സഭാ സീറ്റുകളിൽത്തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നും ഒബിസി വിഭാഗങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിരോധത്തിലായ ബിജെപി മണ്ഡല പുനർനിർണയത്തെ രക്ഷപ്പെടാനുള്ള രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുകയാണെന്നാണ് രാഹുലിന്റെ ആരോപണം.
മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതല്ല പ്രശ്നം. മണ്ഡലങ്ങളുടെ അതിർത്തികൾ ആരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പുനർനിർണയിക്കുന്നതെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണയ കമ്മിഷന്റെ ഘടനയിലും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനൊപ്പം കേന്ദ്രസർക്കാർ തീരുമാനിക്കുന്ന അംഗങ്ങൾ കമ്മിഷനിലുണ്ടാകുമെന്നും പ്രധാന തീരുമാനങ്ങളിൽ സർക്കാരിന് സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അല്ലെങ്കിൽ അദ്ദേഹം നാമനിർദേശം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ അംഗമായും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉൾപ്പെട്ടുമാണ് കമ്മിഷൻ രൂപീകരിക്കാനുള്ള നിർദേശം. കമ്മിഷന്റെ തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്ന വ്യവസ്ഥയും രാഹുൽ ചൂണ്ടിക്കാട്ടി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.
വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത 14 കോടി പേരുടെ കണക്ക് ഉദ്ധരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എന്നാൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തവരെല്ലാം വോട്ടുചെയ്തവരാണെന്നതിന് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പേരെടുത്ത് വിമർശിച്ച രാഹുൽ ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും പറഞ്ഞു.
Tags : Constituency Delimitation Lok Sabha Opposition Leader Congress BJP Narendra Modi Indian Politics Womens Reservation Bill