കേരള ഹൈക്കോടതി
കൊച്ചി: വിവാഹിതയായ മകള്‍ക്കും ആശ്രിതനിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹിതയായ മകളെ ആശ്രിത നിയമന പദ്ധതിയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയുള്ളതിനാല്‍ വിവാഹിതയാണെന്ന കാരണത്താല്‍ മാത്രം അപേക്ഷ തള്ളരുത്.
മറ്റു യോഗ്യതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസ് പി. ഗോപിനാഥ് ഉത്തരവിട്ടു. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന എം.സി. ഉല്ലാസ് കുമാറിന്റെ മകള്‍ ഷമല്യ ഉല്ലാസ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
തലശേരി സ്വദേശിനിയായ അച്ഛൻ മരിച്ചതിനെത്തുടര്‍ന്നാണ് ഷമല്യ ആശ്രിത നിയമനത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍, വിവാഹിതയായ മകള്‍ അച്ഛനെ പൂര്‍ണമായി ആശ്രയിച്ചുകഴിയുന്ന വ്യക്തിയല്ലെന്നു ചൂണ്ടിക്കാട്ടി കമ്പനി അധികൃതര്‍ അപേക്ഷ നിരസിച്ചു. ഇതോടെ ഹര്‍ജിക്കാരിയുടെ അമ്മയും പിന്നീട് സഹോദരനും ആശ്രിത നിയമനത്തിനായി അപേക്ഷിച്ചു.
സഹോദരനു ജോലി വാഗ്ദാനം ലഭിച്ചെങ്കിലും ന്യൂസിലന്‍ഡില്‍ ജോലി ലഭിച്ചതിനാല്‍ അതു സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഷമല്യ ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ അമ്മയെ സംരക്ഷിക്കുന്നതു താനാണെന്നും ഷമല്യ ചൂണ്ടിക്കാട്ടി. വിവാഹിതയായ മകള്‍ക്കും ആശ്രിത നിയമനത്തിന് അവകാശമുണ്ടെന്ന് സായര ഖാത്തൂന് കേസില്‍ സുപ്രീംകോടതി വിധിയുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
Tags : Married daughter compassionate appointment Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash