ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ 11 വരെ ദർശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുനാളാണ് ദർശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്.
ഇടവകസ്ഥാപിതമായിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ നടത്തപെടുന്ന തിരുനാളിന് മെൻ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.
ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം നടത്തപെടുന്ന പതാകയുയർത്തലോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമാവുക. അന്നത്തെ വി. കുർബാനയ്ക്ക് ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കും.
ഗുജറാത്ത് മിഷന്റെ സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ ജയരാജ് സന്ദേശം നൽകും. തുടർന്ന് തിങ്കൾ മുതൽ ബുധൻ വരെ ആഘോഷമായ ദിവ്യബലിയും മരിയൻ സന്ദേശത്തോടുകൂടിയുള്ള തിരുക്കർമങ്ങളും നടത്തപ്പെടും.
ഫാ. ജോസ് തറക്കൽ, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോബി പന്നൂറയിൽ, ഫാ. ജോബി വെള്ളൂക്കുന്നേൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്.
പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 10ന് റാസ കുർബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. എട്ടിനും ഒമ്പതിനും കൂടാരയോഗ കലാമേളയും കലാസന്ധ്യയും നടത്തപ്പെടും. 11ന് നടത്തപെടുന്ന മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയോടും സെമിത്തേരി സന്ദർശനത്തോടെയുമാണ് തിരുക്കർമങ്ങൾ അവസാനിക്കുക.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാൾ കോഓർഡിനേറ്റേഴ്സായ സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഷിക്കാഗോ നിവാസികളുടെ ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്ക് പരിശുദ്ധ അമ്മ വഴിയായി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുവാനും നിയോഗങ്ങൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി യാചിക്കുവാനും ഈ ദർശന തിരുനാൾ ആചാരണത്തിലൂടെ സാധിക്കട്ടെ എന്നും ഏവർക്കും ഈ തിരുനാളിലേക്ക് സ്വാഗതം അരുളുകയും ചെയ്യുന്നുവെന്നും ഇടവകവികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.