വിശ്രമജീവിതം ഉല്ലാസപ്രദമാക്കാൻ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി
Sunday, November 26, 2023 11:18 AM IST
വിശ്രമജീവിത കാലം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണു കൊല്ലം ജില്ലയിൽ ചാത്തന്നൂർ കാരംകോട് കൃഷ്ണ തീർഥത്തിൽ റിട്ട. ഹെഡ്മിസ്ട്രസ് രമാഭായിയും കേരള ബാങ്ക് സീനിയർ മാനേജരായി വിരമിച്ച പി. ഭുവനചന്ദ്രനും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലെത്തിയത്.
ഏകമകൻ ഡോ. അദ്വൈത് കൃഷ്ണചന്ദ് ഡൽഹിയിലാണെങ്കിലും ഇക്കാര്യത്തിൽ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു. എന്തു കൃഷി ചെയ്യുമെന്നതിനെക്കുറിച്ചായി പിന്നെ ചിന്ത.
ചെയ്യുന്ന കൃഷി എന്തായാലും അതു സമൂഹത്തിനു പ്രയോജനപ്രദമാകണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. കുറഞ്ഞ സ്ഥലത്ത് ദീർഘകാലം നിലനില്‍ക്കുന്ന പരമാവധി കൃഷി എന്നതായിരുന്നു പ്രധാനമായും പരിഗണിച്ചത്.
അങ്ങനെയാണു ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ എത്തിയത്. ലോകത്തെ ഏറ്റവും മികച്ച 20 പഴങ്ങൾ എടുത്താൽ പോഷക സമൃദ്ധിയിൽ ഒന്നാം സ്ഥാനം ഡ്രാഗണ്‍ ഫ്രൂട്ടിനാണെന്ന് രമാഭായി പറയുന്നു.
കരിങ്ങന്നൂരിലെ ഒരേക്കർ സ്ഥലത്തെ റബറും തെങ്ങും മുറിച്ചു മാറ്റിയാണു ഡ്രാഗണ്‍ ഫ്രൂട്ട് നട്ടത്. ഒപ്പം വീടിന്റെ ടെറസിലും വീട്ടുപുരയിടത്തിലും കളമൊരുക്കി. ഒന്നര ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
കൃഷി വളരെ എളുപ്പം
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തണ്ടുകളാണ് നടീൽ വസ്തു. കായ്കൾ പഴുത്ത ശേഷമുള്ള തണ്ടാണ് മുറിച്ചു നടാൻ നല്ലത്. തണ്ട് നട്ടാൽ ഒരു മാസം കൊണ്ട് മുളപൊട്ടും.
എട്ടു മാസം കഴിഞ്ഞ് ഒരു വർഷത്തിനകം പൂവ് വിരിയും. പിന്നെ 30 ദിവസം കൊണ്ടു പഴമാകും. സാധാരണ ഏപ്രിൽ മുതൽ നവംബർ വരെയാണ് വിളവെടുപ്പ്.
ഒരു നല്ല പഴത്തിന് 800- 900 ഗ്രാം വരെ തൂക്കമുണ്ടാകും. കിലോയ്ക്ക് ഏകദേശം 300 രൂപ വില കിട്ടും. കായ്ച്ച് തുടങ്ങിയാൽ 20-25 വർഷം വരെ ആദായമുണ്ടാകും.
തൈകൾ നടുന്പോൾ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. ചെടി വളർന്നാൽ ശിഖരങ്ങൾ പൊട്ടി മുളക്കും. ഇവ സുരക്ഷിതമായി തൂങ്ങി കിടക്കുന്നതിന് അവസരമുണ്ടാകണം. ദൈനംദിന പരിചരണത്തിന്റെ ആവശ്യമില്ല.
ആഴ്ചയിൽ ഒരു ദിവസം വെള്ളം ഒഴിച്ചു കൊടുത്താൽ ധാരാളം. വെള്ളം കിട്ടാതെ തണ്ട് മഞ്ഞളിച്ചു കഴിഞ്ഞാൽ പോലും വെള്ളമൊഴിച്ചു കൊടുത്താൽ തണ്ട് പച്ചയാവുകയും തഴച്ചു വളരുകയും ചെയ്യും.
നല്ല വെയിലും ചൂടും ലഭിക്കുന്ന സ്ഥലത്തായിരിക്കണം കൃഷി ചെയ്യേണ്ടത്. സാധാരണ കീടബാധയുണ്ടാകാറില്ല. രമാഭായി ടീച്ചർ സ്വന്തമായി ഉണ്ടാക്കുന്ന ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്.
കരിയില കന്പോസ്റ്റ്, അടുക്കള കന്പോസ്റ്റ്, മിക്സഡ് കന്പോസ്റ്റ്, ഫിഷ് അമിനോ എന്നിവയാണ് വളമായി കൊടുക്കുന്നത്.

വിദേശി
പിത്താഴപ്പഴം, സ്നോബെറി എന്നീ പേരുകളിലറിയപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിദേശിയാണ്. കള്ളിമുൾച്ചെടിയുടെ വർഗക്കാരൻ.
പത്തൊൻപതാം നൂറ്റാണ്ടു മുതൽ അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി ഇത് കൃഷി ചെയ്തു വരുന്നു. ക്രമേണ ഏഷ്യൻ രാജ്യങ്ങളിലുമെത്തി.
ഇപ്പോൾ കേരളത്തിലും വ്യാപകമാണ്. ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ നിറങ്ങളിലായി നാലിനങ്ങളുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിക്ക് അനുയോജ്യം പിങ്ക് നിറത്തിലുള്ള മലേഷ്യൻ റോയൽ റെഡ് ഇനമാണ്.
ഇതിന്റെ പഴത്തിന് ഭാരക്കൂടുതലുമുണ്ട്. പഴങ്ങളിൽ രണ്ടാമനായ പപ്പായയും രമാഭായി കൃഷി ചെയ്യുന്നുണ്ട്.
രോഗപ്രതിരോധശേഷിയും ഗുണമേന്മയും
ഡ്രാഗണ്‍ ഫ്രൂട്ടിൽ പ്രോട്ടീനുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇരുന്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നിറകുടം. ആന്റി ഓക്സൈഡുകളായ ഫ്ളുവനോയിഡുകൾ, ബീറ്റാ സായാനിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
ഫാറ്റി ആസിഡുകളായ ഒമേഗ3, ഒമേഗ5 എന്നിവ സമൃദ്ധം. കാൻസറിന് കാരണക്കാരായ ഫ്രീ റാഡിക്കലുകളെ കീഴടക്കുന്നു. പ്രമേഹ രോഗികൾക്ക് ഫലപ്രദം. കാഴ്ചശക്തി വർധിപ്പിക്കും, ത്വക്കിനെ സംരക്ഷിക്കുകയും ചെയ്യും.
ഫോണ്‍: 9349937641
പ്രദീപ് ചാത്തന്നൂർ