സ്വന്തം ബ്രാൻഡിൽ അഭിനവിന്റെ കൂൺ
Saturday, May 3, 2025 10:26 AM IST
കൂണ് കൃഷിയിൽ വിജയത്തിളക്കവുമായി കൊച്ചിയിലൊരു 20കാരൻ. എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡിൽ തേവങ്കാട്ട് വീട്ടിൽ ടി.എസ്. അഭിനവ് ആണ് ചിപ്പിക്കൂണ് കൃഷിയിലൂടെ ദിനംപ്രതി ആയിരങ്ങൾ സന്പാദിക്കുന്നത്.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ നിന്ന് ബിരുദം നേടിയ അഭിനവ്, വിദ്യാർഥിയായിരിക്കുന്പോൾ തന്നെ കൂണ് കൃഷിയിൽ ആകൃഷ്ടനായിരുന്നു.
ആദ്യം നഷ്ടം...
പഠനത്തോടൊപ്പം വരുമാനവും എന്ന നിലയ്ക്കാണ് അഭിനവ് കൂണ് കൃഷിയിലേക്കിറങ്ങിയത്. മകൻ കൃഷിയുമായി മുന്നിട്ടിറങ്ങിയതോടെ പിതാവായ സാജനും റിട്ട. അധ്യാപികയായ മാതാവ് റോസിയും പിന്തുണയുമായി ഒപ്പം നിന്നതോടെ അഭിനവ് മഷ്റൂം എന്ന ബ്രാൻഡ് യാഥാർഥ്യമാകുകയായിരുന്നു.
കൂണ് കൃഷിയെക്കുറിച്ചുള്ള യു ട്യൂബ് വീഡിയോകൾ കണ്ടാണ് വീട്ടിൽ പരീക്ഷണം തുടങ്ങിയത്. കൂണ് കൃഷി തനിക്കും വഴങ്ങുമെന്ന് തിരിച്ചറിഞ്ഞതോടെ സംരംഭം തുടങ്ങാൻ തീരുമാനിച്ചു. ചകിരി ചോറിലായിരുന്നു കൃഷിയുടെ തുടക്കം.
എന്നാൽ, ചകിരി ചോറിൽ നടത്തിയ കൃഷി പരാജയപ്പെട്ടെങ്കിലും പിന്നീട് അറക്കപ്പൊടിയിൽ നടത്തിയ കൃഷി വിജയമായി.

കൃഷി വീടിന്റെ ടെറസിലാണ്
സ്വന്തം വീടിന്റെ ടെറസിലാണ് അഭിനവ് കൂണ് കൃഷി നടത്തുന്നത്. ഒരു ഇരുട്ട് മുറിയും രണ്ട് പ്രൊഡക്ഷൻ മുറികളും വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. മില്ലുകളിൽ നിന്ന് ശേഖരിക്കുന്ന അറക്കപ്പൊടി പ്ലാസ്റ്റിക്ക് കവറിൽ നിറച്ചു ചിപ്പി കൂണ് വിത്തുകൾ നിക്ഷേപിച്ച് ഇരുട്ട് മുറിയിൽ 28 ദിവസം സൂക്ഷിക്കും.
പിന്നീട് ഒരാഴ്ചയോളം പ്രൊഡക്ഷൻ റൂമിലും. പ്രൊഡക്ഷൻ റൂമിലേക്ക് മാറ്റിയാൽ മൂന്നു ദിവസം വെള്ളം സ്പ്രേ ചെയ്തു നൽകും. കൂണ് വളച്ചയെത്തുന്നതോടെ വില്പനക്കായി ശേഖരിച്ച് മാർക്കറ്റിലെത്തിക്കും. താപനില 28 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചാണ് കൃഷി.
നിലവിൽ 2000 ബാഗുകൾ സ്ഥാപിക്കാനുള്ള സൗകര്യമുണ്ട്. ഒരു ബാഗിൽ നിന്നു നാല് മാസം വരെ വിളവ് ലഭിക്കും. പ്രതിദിനം ആറ് കിലോ കൂണ് ലഭിക്കുന്നുണ്ടെന്ന് അഭിനവ് പറഞ്ഞു. കിലോ 500 രൂപ നിരക്കിലാണ് വില്പന.
രുചിയിലും പോഷകഗുണത്തിലും മുന്നിൽ
കൂണ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന തെറ്റിദ്ധാരണ ഇപ്പോഴും ജനങ്ങൾക്കിടയിലുണ്ടെന്ന് അഭിനവ് പറഞ്ഞു. ഹരിതകം ഇല്ലാത്ത സസ്യമായ കൂണ് ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും മുന്നിലാണ്. കൂണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കും.
ആളുകളുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും അഭിനവ് നടത്തുന്നുണ്ട്. ഇതിനായി, കൂണ് കൃഷി നടത്താൻ താത്പര്യമുള്ളവർക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ഫാമിലാണ് കൃഷി നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കുന്നത്.
പിന്നീട് സ്വന്തമായി കൃഷി നടത്തി വിജയപ്പിക്കുന്നതിന് സഹായവുമായി അഭിനവ് എപ്പോഴും ഇവർക്കൊപ്പമുണ്ടാകും.
ആദ്യ വിളവ് നാട്ടുകാർക്ക്
ആദ്യം വിളവെടുത്ത കൂണുകൾ കഴിക്കാനായി സ്വന്തം നാട്ടുകാർക്കാണ് നൽകിയത്. കൂണ് ഭക്ഷിച്ചവർ നല്ല അഭിപ്രായങ്ങൾ പറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വില്പനക്കായി എത്തിച്ചു.
വിപണിയിൽ ചിപ്പി കൂണുകളുടെ ലഭ്യതക്കുറവും അഭിനവിന് അനുകൂലമായതോടെ കച്ചവടം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ വർഷം മുഴുവൻ കൂണ് വില്പനയുണ്ട്.
കൃഷിക്കായി വിത്തുകളും തയാർ
ആദ്യഘട്ടത്തിൽ കൃഷിക്കായി വിത്തുകൾ വാങ്ങിയിരുന്നതു മലപ്പുറത്തെ സ്വകാര്യ സംരംഭകനിൽ നിന്നാണ്. കൃഷിയിൽ കൂടുതൽ ആത്മവിശ്വാസം നേടിയതോടെ അഭിനവ് സ്വന്തമായി വിത്ത് ഉത്പാദിപ്പിക്കാനും തുടങ്ങി.
കൂണ് കൃഷി നടത്തുന്നവർക്ക് വിത്ത് നൽകിയതോടെ അത് വഴിയും വരുമാനം ലഭിച്ചു തുടങ്ങിയതായി അഭിനവ് പറയുന്നു. സഹോദരങ്ങളായ അഭിലാഷും അഭിനന്ദും കൃഷിയിൽ അഭിനവിനെ സഹായിക്കുന്നുണ്ട്.