ഇസ്ലാമിക പണ്ഡിതൻ മൗലാന ഗുലാം മുഹമ്മദ് വസ്തൻവി അന്തരിച്ചു
Monday, May 5, 2025 12:36 AM IST
മുംബൈ: ഇസ്ലാമിക പണ്ഡിതനും അക്കൽകുവയിലെ ജാമിയ ഇസ്ലാമിയ ഇഷാത്തുൽ ഉലൂം സ്ഥാപക റെക്ടറുമായ മൗലാന ഗുലാം മുഹമ്മദ് വസ്തൻവി (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഏതാനും ആഴ്ച മുന്പാണ് ഔറംഗബാദിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുജറാത്തിലെ സൂറത്തിൽ ജനിച്ച ഗുലാം മുഹമ്മദും കുടുംബവും 1950 കളിലാണ് മഹാരാഷ്ട്രയിലേക്കു കുടിയേറിയത്. രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളും ഉണ്ട്. സംസ്കാരം ഇന്നലെ അക്കൽകുവയിൽ നടത്തി.