നിസാരക്കാരനല്ല ഉലുവ
Monday, October 15, 2018 3:37 PM IST
ഗാലക്‌റ്റോമന്നാന്‍' ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനനിരക്ക് കുറച്ച് ആഗിരണം സാവധാനമാക്കാന്‍ കഴിവുള്ള ഒരു അവശ്യഘടകം. ഫലത്തില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കുന്നു. പ്രമേഹബാധിതര്‍ക്ക് ഇതില്‍പരമൊരു ആശ്വാസം മറ്റെന്ത്?
'4-ഹൈഡ്രോക്‌സിഐസ്‌ളൂഡിന്‍' ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. പ്രമേഹം കൊണ്ട് പൊറുതിമുട്ടുന്നവര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത.
ഈ രണ്ടു ഘടകങ്ങളും അടങ്ങിയിരിക്കുന്നത് ഇത്തിരിക്കുഞ്ഞനായ ഉലുവ എന്ന സുഗന്ധവ്യജ്ഞനവിളയിലാണ്. അതുകൊണ്ടുതന്നെ ടൈപ്പ്- 1, ടൈപ്പ്- 2 പ്രമേഹബാധകളില്‍പെട്ട് വിഷമിക്കുന്നവര്‍ക്ക് ഉലുവ പ്രതീക്ഷയാണ്, ആശ്വാസമാണ്.
എന്നുകരുതി ഉലുവയുടെ സിദ്ധികള്‍ പ്രമേഹപ്രതിരോധത്തില്‍ മാത്രം ഒതുക്കേണ്ട. ഫ്രക്‌റ്റോസ്, സുക്രോസ്, സൈ ലോസ് തുടങ്ങിയ കാര്‍ ബോഹൈഡ്രേറ്റുകള്‍ മ്യൂസിലേജ് ഗാലക്‌റ്റോമന്നാന്‍ പോലുള്ള ഭക്ഷ്യനാരുകള്‍, മ്യൂസിന്‍ എന്ന മാംസ്യം, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ അമി നോ അമ്ലങ്ങള്‍, ലെസിത്തിന്‍ എന്ന കൊഴുപ്പ്, ധാതുലവണങ്ങള്‍, രക്തത്തിലെ പഞ്ചസാരത്തോത് കുറയ്ക്കുന്ന ട്രൈഗോണെല്ലിന്‍, സാപ്പോണിന്‍, ഫ്‌ളോ വനോയിഡുകള്‍, ഫൈറ്റോസ്റ്ററോള്‍, ഫിനോളിക് സംയുക്തങ്ങള്‍, ആല്‍ക്കലോയിഡുകള്‍ തുടങ്ങി ഔഷധ മേന്മയുടെ ഉദാത്തമായ സര്‍വചേരുവകളും ഉലുവയില്‍ ഭദ്രം.
'സൊട്ടോലോണ്‍' എന്ന ചേരുവയാണ് ഉലുവയ്ക്ക് തനതു ഗന്ധം നല്‍കുന്നത്. നാലായിരം ബി.സി മുതല്‍ ഉലുവ കൃഷി ചെയ്തിരുന്നതായി രേഖകളുണ്ട്. 'ട്രൈഗോനെല്ല ഫീനം ഗ്രീക്കം' എന്നാണ് ഉലുവയുടെ സസ്യനാമം. ഇത് ലാറ്റിന്‍ പേരാണ്. അര്‍ഥം 'ഗ്രീക്ക് വൈക്കോല്‍' അഥവാ 'ഗ്രീക്ക് ഹേ'. ഗ്രീസില്‍ ഉലുവക്കച്ചി കാലിത്തീറ്റയായി വ്യാപകമായി ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ മൃതശരീരം സുഗ ന്ധം പൂശാന്‍ ഉലുവ ധാരാളമായി ഉപയോഗിച്ചിരുന്നു. ഉലുവ തിളച്ച എണ്ണയുമായി ചേര്‍ത്ത് ജൂതന്മാര്‍ നഗരവീഥിയിലെ വന്‍മതിലുകളിലും ഭിത്തികളിലും ഒഴിക്കുക പതിവായിരുന്നു. ജൂതനഗരം ആക്രമിക്കാനെത്തുന്ന റോമന്‍ഭടന്മാരെ അകറ്റാനായിരുന്നു ഇത്.
മേത്തി എന്നാണ് ഉലുവ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഉലുവയ്ക്കു പുറമെ ഇതിന്റെ കിളുന്നിലകള്‍ മികച്ച ഇലക്കറിയുമാണ്. ഇന്ത്യയില്‍ ഉലുവ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കൃഷിയുണ്ട്. രാജസ്ഥാനില്‍ ഉലുവ മഞ്ഞുകാലവിളയായാണ് കൃഷി ചെയ്യുന്നത്.
കൃഷിയറിവുകള്‍
ജൈവവള സമൃദ്ധമായ മണ്ണിലാണ് ഉലുവ നന്നായി വളരുക. എങ്കിലും നീര്‍വാര്‍ച്ചാസൗകര്യമുള്ള മണല്‍ കലര്‍ന്ന കളിമണ്ണിലും വളരും. പാകുന്നതിനു മുമ്പ് ഉലുവ വിത്തുകള്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടി പരിചരിക്കുന്ന പതിവുണ്ട്. ഉത്തരേന്ത്യയില്‍ ഒക്‌ടോബര്‍ അവസാന ആഴ്ച മുതല്‍ നവംബര്‍ ആദ്യം വരെയുള്ള സമയമാണ് വിത്തു പാകാന്‍ ഉത്തമം. എന്നാല്‍ ദക്ഷിണേന്ത്യയിലാകട്ടെ ഒക്‌ടോബര്‍ ആദ്യപകുതിയിലും ജൂണ്‍ മുതല്‍ ജൂലൈ അവസാനം വരെയും ഉലുവ പാകുന്ന പതിവുണ്ട്. ഒരു ഹെക്ടറില്‍ പാകാന്‍ 12 കിലോ ഗ്രാം വിത്തുവേണം. 10 സെന്റീ മീറ്റര്‍ ഇടയകലം നല്കി വേണം വിത്തു പാകാന്‍. അഞ്ചു സെന്റീ മീറ്റര്‍ അധികം താഴ്ചയില്‍ പകാനും പാടില്ല. ഇലക്കറിയായുപയോഗിക്കാനെങ്കില്‍ സെപ്റ്റംബര്‍ മധ്യം മുതല്‍ മാര്‍ച്ച് മധ്യം വരെ കൃഷി ചെയ്യാം. നിലമൊരുക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 30 മുതല്‍ 50 ലോഡ് ചാണകം എന്ന തോതില്‍ ചേര്‍ക്കം. ഹെക്ടറിന് 50 കിലോ ഗ്രാം നൈട്രജന്‍ എന്നതാണ് ആകെ ശിപാര്‍ശ. ഇതില്‍ പകുതി വിത്തുപാകുമ്പോഴും അവശേഷിക്കുന്ന പകുതി നൈട്രജന്‍ തുല്യമായി വീതിച്ച് ആദ്യത്തെയും രണ്ടാമത്തെയും വിളവെടുപ്പിനോടനുബന്ധിച്ചും മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചക്കറിയായുപയോഗിക്കാനെണെങ്കില്‍ വിത്തുപാകി 3-4 ആഴ്ച കഴിഞ്ഞ് നിലനിരപ്പിന് രണ്ടു സെന്റീമീറ്റര്‍ മുകളില്‍ വച്ച് ഉലുവയിലകള്‍ മുറിക്കണം. ഈ വിധം രണ്ടോ മൂന്നോ തവണ ഇലകളെടുക്കാന്‍ കഴിയും. ഉലുവയായി ഉപയോഗിക്കാനാണെങ്കില്‍ വിളവെടുപ്പിന് 90-100 ദിവസത്തെ വളര്‍ച്ച വേ ണം. ഒരു ഹെക്ടറില്‍ വളര്‍ത്തിയാല്‍ 4000-5000 കിലോ വരെ ഉലുവയില കിട്ടും. ഉലുവ വിത്താകട്ടെ 500-700 കിലോയും.
വിത്തു പാകുന്നതിനു മുമ്പുതന്നെ അസോസ്‌പൈറില്ലം ഹെക്ടറിന് 1.5 കിലോഗ്രാം എന്ന തോതിലും ട്രൈക്കോഡെര്‍മ വിറിഡേ ഹെക്ടരിന് 50 ഗ്രാം എന്ന തോതിലും പുരട്ടി നടുന്നത് പില്‍ക്കാല രോഗ പ്രതിരോധശക്തി ചെടികള്‍ക്കു നല്‍കും.
സിഒ-1, രാജേന്ദ്ര കാന്തി, ഞങഠ1, ഞങഠ 143, ഹിസാര്‍ സൊണാലി, പൂസ ഏര്‍ളി ബഞ്ചിങ് തുടങ്ങിയവ ഉലുവയുടെ മികച്ച ഇനങ്ങളാണ്. നേരത്തെ വിളവെടുപ്പിന് തയാറാകുന്ന ഇഛ1 എന്ന ഇനത്തിന്റെ മൂപ്പുകാലം 95 ദിവസമാണ്.
ചെടിയുടെ ചുവടുഭാഗത്തെ ഇലകള്‍ പൊഴിയുകയും കായ്കള്‍ മഞ്ഞ നിറമാകുകയും ചെയ്യുന്നതാണ് വിളവെടുപ്പായി എന്നതിന്റെ മുഖലക്ഷണം. ചെടികള്‍ അരിവാള്‍ കൊണ്ടരിഞ്ഞെടു ക്കാം. വിളവെടുക്കാന്‍ വൈകിയാല്‍ വിത്ത് ചിതറിപ്പോകാനിടയുണ്ട്. വിളവെടുത്ത ചെടികളാകട്ടെ കെട്ടുകളാക്കി അഞ്ചു മുതല്‍ ഏഴു ദിവസം വരെ വെയിലത്ത് ഉണക്കണം. കൈ കൊ ണ്ടും യന്ത്രസഹായത്താലും ചെ ടിയില്‍ നിന്ന് വിത്തുകള്‍ വേര്‍തിരിച്ചെടുക്കാം.
മൈക്രോഗ്രീന്‍: ഉലുവയ്ക്ക് പുതിയ രൂപഭാവം
ഉലുവക്കൃഷിക്ക് കേരളത്തില്‍ പ്രചാരമില്ലെങ്കിലും മൈക്രോഗ്രീന്‍ എന്ന രൂപത്തില്‍ മലയാളികള്‍ ഉലുവ വളര്‍ത്താനും ഇഷ്ടപ്പെടാനും തുടങ്ങിയിരിക്കുന്നു. ഉലുവ വളര്‍ത്തി ഇളം ചെടിയായി ഉപയോഗിക്കുന്ന രീതിയാണിത്. ഇതിനായി ഉലുവ വളര്‍ത്തുന്നത് കൊക്കോപീറ്റ്, വെര്‍മിക്കുലൈറ്റ് എന്നിവ 3:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മാധ്യമത്തിലാണ്. ഉലുവ വിത്ത് മാധ്യമത്തില്‍ വിതറി പേപ്പര്‍ ടൗവ്വലോ മറ്റോ കൊണ്ടു മൂടണം. നനവ് നിര്‍ബന്ധം. 12-16 മണിക്കൂര്‍ നേരം വെളിച്ചവും വേണം. വളപ്രയോഗമാണെങ്കില്‍ കാത്സ്യം ക്ലോറൈഡ് 1.10 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ലായനിയാക്കി തളിച്ചാല്‍ മതി. വിത്ത് പാകി 10-15 ദിവസം മതി വിളവെടുപ്പിന്
ഉലുവയും ഭക്ഷ്യപദാര്‍ഥങ്ങളും
ഉലുവയില്‍ 'ഫെനുഗ്രീക്ക്ഗം' എന്നു പേരായ ഭക്ഷ്യനാര് അടങ്ങിയിട്ടുണ്ട്. ഇത് ഉലുവ ചേര്‍ക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് സവിശേഷമായ രചനയും ഘടനയും ദൃഢസ്വഭാവവും നല്‍ കുന്നു. അതുകൊണ്ടാണ് ഉലുവ വിവിധ ഭക്ഷ്യോത്പന്നങ്ങളില്‍ അവിഭാജ്യചേരുവയായത്. ധാന്യപലഹാരങ്ങള്‍, യോഗര്‍ട്ട്, പോഷ ക പാനീയങ്ങള്‍ എന്നിവയ്ക്കു പുറമെ ഉലുവ പൊടിച്ചത് പഴച്ചാറുകളിലും ഇതര സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിലും ചേര്‍ ക്കാം. മില്‍ക്ക് ഷേക്ക്, സൂപ്പ്, കാന്‍ഡി, മുധരപലഹാരങ്ങള്‍ എന്നിവ കൂടാതെ പിസ, കേക്ക്, റൊട്ടി, ബാഗല്‍ എന്നു പേരായ റൊട്ടി, ബണ്‍, ഗോതമ്പപ്പം തുടങ്ങിയവ തയാറാക്കുന്ന മാവിന്റെ പോഷകഗുണം വര്‍ദ്ധിപ്പിക്കാനും ഉലുവ ഉപയോഗിക്കുന്നു.
പൊടിച്ച ഉലുവ വിത്ത് കുഴമ്പുരൂപത്തിലാക്കി തയാറാക്കുന്ന 'സിമെന്‍' എന്ന ആഹാരം തുര്‍ ക്കിയില്‍ ഏറെ പ്രചാരമുള്ളതാണ്. വെണ്ണ ഉരുളകളായി പിടിക്കാ ന്‍ ഉലുവപ്പൊടി ഉപയോഗിക്കാറുണ്ട്. ഉലുവപ്പൊടി ചേര്‍ത്തു തയാറാക്കുന്ന ഫെനു ഗ്രീക്ക് ബിസ്‌കറ്റ് മികച്ചതാണ്. ഇതില്‍ 10 ശതമാനം മുളപ്പിച്ച ഉലുവ വിത്ത് പൊടിച്ചാണ് ചേര്‍ക്കുന്നത്.
ഗുജറാത്തിലെ ഉഞ്ച, വിസ്‌നഗര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഖജ്‌നര്‍ പഞ്ചാബിലെ മലെര്‍ കൊട്ട്‌ല, ഉത്തര്‍പ്രദേശിലെ വാരാണസി, ഹപൂര്‍, രാജസ്ഥാനിലെ ജയ്പുര്‍, ജോധ്പുര്‍, രാംഗഞ്ച്, ഭാവനി, ബാരന്‍ എന്നിവയാണ് ഉലുവയുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍.
ഉലുവക്കഞ്ഞി
പണ്ട് മലയാളിക്ക് ഒരു പ്രഭാതഭക്ഷണമേ ഉണ്ടായിരുന്നുള്ളു -കഞ്ഞി. ചൂടു കഞ്ഞി കുടുവന്‍ പിഞ്ഞാണത്തില്‍ ചൂടോടെ വിളമ്പുമ്പോള്‍ ചമ്മന്തിയോ ചെറുപയര്‍കറിയോ പുളിങ്കറിയോ ചുട്ട പപ്പടമോ മുളകു കൊണ്ടാട്ടമോ കൂടിയുണ്ടെങ്കില്‍ കേമമായി. ചിലര്‍ അല്പം വെണ്ണയോ നെയ്യോ ചൂടുകഞ്ഞിയിലിട്ടിളക്കും. പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്താല്‍ പാല്‍ക്കഞ്ഞിയായി. എന്നാല്‍ കര്‍ക്കടക മാസമാകുമ്പോള്‍ കഞ്ഞിക്ക് ചില മാറ്റങ്ങള്‍ സംഭവിക്കും. കുറച്ച് അങ്ങാടി മരുന്നുകള്‍ ചേര്‍ക്കും അപ്പോള്‍ കര്‍ക്കടകക്കഞ്ഞി ആയി.
വീടുകളിലും ഒരിനം കര്‍ക്കടകക്കഞ്ഞി തയാറാക്കിയിരുന്നു. ഇതാണ് ഉലുവക്കഞ്ഞി എന്നറിയപ്പെട്ടിരുന്നത്. കാല്‍കപ്പ് അരി, കഴുകി ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിക്കും. തലേന്ന് വെള്ളത്തിലിട്ടു കുതിര്‍ത്ത ഒരു ടീസ്പൂണ്‍ ഉലുവ ഇതിനോടു ചേര്‍ക്കും. ഒന്നു രണ്ട് ഉള്ളിയും ഒരു സ്പൂണ്‍ ജീരകവും ചേര്‍ത്തരയ്ക്കുന്ന മിശ്രിതം വെന്തുവരുന്ന കഞ്ഞിയില്‍ ചേര്‍ത്തിളക്കുക. അല്പം ഉപ്പും ചേര്‍ക്കണം. ഇതാണ് ഉലുവക്കഞ്ഞി.
ഉലുവ വറുത്തു പൊടിച്ചത് കറികളിലും പലഹാരത്തിലും ചേര്‍ക്കാന്‍ നന്ന്. ദോശമാവ് തയാറാക്കുമ്പോള്‍ അരിയോടൊപ്പം കുതിര്‍ത്ത ഉലുവയും ചേര്‍ത്തരയ്ക്കും. ഉലുവ ചേര്‍ത്ത മാവു കൊണ്ടുണ്ടാക്കുന്ന ഇഡ്ഡലിക്കും ദോശയ്ക്കും സുഗന്ധമുണ്ടാകും. ഉത്തരേന്ത്യയിലാകട്ടെ കറികളില്‍ മാത്രമല്ല പലഹാരങ്ങളിലും ഉലുവ സ്ഥിരം ചേരുവയാണ്. ഉലുവ ഇല ചീരയില പോലെയാണ് അവര്‍ ഉപയോഗിക്കുന്നത്.
അറബിവാക്കായ 'ഹുല്‍ബ' യില്‍ നിന്നാണ് മലയാളത്തില്‍ ഉലുവ ഉണ്ടായത്. തമിഴില്‍ 'വെന്തായവും' ഹിന്ദിയില്‍ 'മേത്തിയും' ആണ് ഉലുവ.
ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍
* കൊളസ്‌ട്രോള്‍ കുറയ്ക്കും
* പ്രമേഹം പ്രതിരോധിക്കും
* അര്‍ബുദത്തില്‍ നിന്ന് സംരക്ഷണം
* ശരീരത്തിലെ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റി റോണ്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
* ദഹനസഹായി
* ദുര്‍മേദസ് കുറയ്ക്കാന്‍ സഹായകം
സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
94463 06909.