അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
Thursday, June 5, 2025 12:43 PM IST
സ്വന്തം പുരയിടം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെയും ഉദാത്ത മാതൃകയാക്കി മാറ്റുകയാണ് മൂലമറ്റം സ്വദേശിയായ അഴകൻപറന്പിൽ എ.ടി.തോമസ്.
ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് അപൂർവ ഔഷധസസ്യങ്ങൾ, തനതു കാർഷിക വിളകൾ, കുറ്റിച്ചെടികൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം നട്ടുപരിപാലിക്കുന്ന ഇദ്ദേഹത്തിന്റെ പുരയിടത്തിലെത്തിയാൽ പ്രകൃതിയുടെ ശാന്തത അനുഭവിച്ചറിയാനാകും.
ശലഭങ്ങളുടെയും വിവിധയിനം പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. കടുത്ത വേനൽ വന്നാലും ഇവിടെ ചൂടിന്റെ കാഠിന്യം അൽപം പോലുമില്ല. സുഖശീതളമായ കാലാവസ്ഥയും ഇളംതെന്നലും ഈ തോട്ടത്തെ വേറിട്ടതാക്കുന്നു.
ഗൃഹവൈദ്യത്തിന് ഉപയോഗിക്കുന്ന ദശപുഷ്പങ്ങൾ, നാട്ടുവൈദ്യത്തിന് ഉപയോഗിക്കുന്ന മരുന്നുചെടികൾ എന്നിവയുടെ വിളനിലമാണ് ഈ പുരയിടം. കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധച്ചെടികളും നട്ടുപരിപാലിച്ചുവരുന്നു.
ഇതിനുപുറമേ ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, അവക്കാഡോ, മങ്കോസ്റ്റിൻ, സപ്പോട്ട, റംബുട്ടാൻ, മൾബറി, പേര, ഇലുന്പി, പേരചാന്പ, കിഴങ്ങുവർഗങ്ങളായ മരച്ചീനി, മധുരകിഴങ്ങ്, കാച്ചിൽ, ചേന്പ്, ചേന തുടങ്ങിയവയും കൃഷിചെയ്യുന്നു. സമീപനാളിൽ ചന്ദനവും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
2008-ൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച എ.ടി.തോമസ് സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പരിസ്ഥിതി അവബോധ ക്ലാസും നൽകിവരുന്നുണ്ട്. അറക്കുളം പഞ്ചായത്തിലെ ബയോഡൈവേഴ്സിറ്റി കമ്മിറ്റി കണ്വീനർ, പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ പദ്ധതി, ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗം എന്നിവയുടെ കോ-ഓർഡിനേറ്ററുമാണ്.
സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ വനമിത്ര അവാർഡ്, ബംഗളൂരു സരോജിനി ദാമോദർ ഫൗണ്ടേഷന്റെ ജൈവകൃഷി അവാർഡ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവയുടെ പ്രശസ്തിപത്രം, ജ്വാല അവാർഡ് എന്നിവയെല്ലാം ഇദ്ദേഹത്തിനു ലഭിച്ച ബഹുമതികളാണ്.