ചെന്നീരൊലിപ്പിനും കൂന്പുചീയലിനും വേപ്പിൻ പിണ്ണാക്ക്
Wednesday, June 18, 2025 10:25 AM IST
തെങ്ങിനെ ബാധിക്കുന്ന ചെന്നീരൊലിപ്പിനെയും കൂന്പുചീയലിനെയും ചെറുക്കാൻ രോഗം ബാധിച്ച തെങ്ങ് ഒന്നിന് 5 കിലോ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നതു നല്ലതാണ്. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ മിശ്രിതമോ തേച്ചു പിടിപ്പിക്കുന്നതും ഫലപ്രദം.
കാറ്റുവീഴ്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂന്പുചീയൽ രോഗം സാധാരണയാണ്. ഇങ്ങനെയുള്ള തെങ്ങിന്റെ നടുനാന്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കണം. പിന്നീട് ബോർഡോ കുഴന്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്ചട്ടികൊണ്ട് മൂടിവയ്ക്കുക.
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങോലകളിൽ തളിച്ചു കൊടുക്കുകയും വേണം. വർഷത്തിൽ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റിയശേഷം രോഗപ്രതിരോധശേഷിയും അത്യുത്പാദനശേഷിയുമുള്ള ഇനങ്ങളുടെ തൈകൾ നടണം.