ടെറസ് ഗാർഡനിംഗിൽ തിളങ്ങി ഡോ. ഇന്ദിരാ രാജൻ
Thursday, July 31, 2025 3:36 PM IST
വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം മട്ടുപ്പാവിൽ നിന്നു ശേഖരിച്ച് അടുക്കളയിലെത്തിക്കുന്പോൾ മനസിനു ലഭിക്കുന്ന കുളിർമ അത്ര ചെറുതല്ല. ഒപ്പം വിപണിയുടെ സമ്മർദമോ വിഷാംശം കലർന്നിട്ടുണ്ടെന്ന ഭയമോ ഇല്ലാതെ ശുദ്ധമായ പച്ചക്കറി ആസ്വദിച്ചു കഴിക്കുകയും ചെയ്യാം.
പെരുന്പാവൂരിലെ മിനർവ ടവേഴ്സിലെ വീടിന്റെ ടെറസിൽ കൃഷി ആരംഭിക്കാൻ ഡോ. ഇന്ദിരാ രാജനെ പ്രേരിപ്പിച്ച പ്രധാന ഘടകവും മറ്റൊന്നല്ല.
പെരുന്പാവൂരിലെ പ്രഗതി അക്കാദമിയിൽ ആരംഭിച്ചു വിജയിപ്പിച്ച പച്ചക്കറികൃഷി വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടുമുറ്റത്തേക്കും വ്യാപിപ്പിക്കാൻ സ്കൂളിന്റെ മാനേജിംഗ് ഡയറക്ടറായ ഇന്ദിരാ രാജൻ മുൻകൈ എടുത്തു.
സിബിഎസ്ഇ സ്കൂളുകളുടെ ദേശീയ കൗണ്സിൽ സെക്രട്ടറി ജനറൽ കൂടിയായ ഡോ. ഇന്ദിര രാജൻ, ഔദ്യോഗിക തിരക്കിനിടയിലും ഓരോ ഭവനവും കുട്ടികളും ഭക്ഷ്യ സ്വയം പര്യാപ്ത കൈവരിക്കണമെന്ന സന്ദേശം കൂടിയാണ് ഇതുവഴി നൽകുന്നത്.
പ്രാദേശിക പച്ചക്കറി ഇനങ്ങൾക്കു പുറമേ കോളിഫ്ളവർ, കാബേജ്, ലെറ്റ്യൂസ്, ബ്രോക്കോളി, തക്കാളി, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയവയും വിവിധതരം ഔഷധസസ്യങ്ങളും ഇലച്ചെടികളും പൂക്കളും കൊണ്ടു ടെറസ് വർണാഭമാണ്.
ചോളവും അർമേനിയൻ കുക്കുന്പറും വിവിധതരം ഇഞ്ചിയും മഞ്ഞളും ആരേയും ആകർഷിക്കും. തക്കാളി, വെണ്ട, വഴുതന, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക്, പേര, വാഴ, നാരകം, ഓറഞ്ച്, ചേന, മൾബറി, പാഷൻഫ്രൂട്ട്, പപ്പായ തുടങ്ങിയവയും ഇവിടെ സമൃദ്ധമായി വിളയുന്നു.
വിവിധതരം മുളകുകളും കറിവേപ്പിലയുമൊക്കെ നുള്ളിയെടുക്കാനും ഒടിച്ചെടുക്കാനും പാകത്തിൽ നിൽക്കുന്നതു കാണാൻ തന്നെ പ്രത്യേക അഴകാണ്. 3,500 ചതുരശ്ര അടി ടെറസിൽ ഒരിഞ്ച് സ്ഥലം പോലും കളയാതെയാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്.

2008 മുതൽ ടെറസ് ഗാർഡനിംഗ് പരിശീലിച്ചു വരുന്ന ഡോ. ഇന്ദിരാ രാജൻ, മുൻരാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാം ആരംഭിച്ച ന്ധഗ്രീൻ വില്ലേജ്, ഹെൽത്തി ഇന്ത്യ’ പദ്ധതി സ്കൂളിൽ നടപ്പാക്കിയതോടെയാണ് കൃഷിയിൽ കാര്യമായി ശ്രദ്ധ വച്ചത്.
സ്കൂളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളാണ് കാന്റീനിൽ ഉപയോഗിക്കുന്നത്. ഡിസംബറിൽ പച്ചക്കറികൾ നട്ട് മഴക്കാലത്തിന് മുന്പ് വിളവെടുക്കുന്നതാണ് രീതി. ചാണകം, വേപ്പിൻ പിണ്ണാക്ക്, പുകയില എന്നിവ കൊണ്ടുള്ള ജൈവവളങ്ങളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.
സാധാരണ ആദ്യത്തെ ഫലങ്ങൾ വിത്താക്കി മാറ്റും. മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഇന്ദിര, നാട്ടിലെ അമ്മമാരും കുടുംബിനികളും സമയം കണ്ടെത്തി കൃഷിയിലേക്ക് തിരിയണമെന്ന് ആഗ്രഹിക്കുന്നു.
സുചിത്ര ഷൈജിന്ത് (ഡയറക്ടർ വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ, റീജണൽ കോഡിനേറ്റർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി, മാസ്റ്റർ ട്രെയിനർ ഓഫ് സിബിഎസ്ഇ), സുമിത്ര സുനിൽ വൈസ് പ്രിൻസിപ്പൽ, പ്രഗ അക്കാദമി) എന്നിവരാണ് മക്കൾ.