തങ്കമണിയുടെ സഹ്യ
Thursday, September 11, 2025 11:29 AM IST
ഇടുക്കിക്ക് എപ്പോഴും അതിജീവനത്തിന്റെ അദ്ഭുത കഥയാണ് പറയാനുള്ളത്. കേരളത്തിന്റെ ഊർജത്തിനായി ജലം സംഭരിച്ചു നിർത്തി വെളിച്ചം പകരുകയും കേരളത്തിന്റെ ഉേ·ഷത്തിനായി തേയിലത്തോട്ടങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന മനോഹര ഭൂപ്രദേശം.
ഒരു സഹകരണ പ്രസ്ഥാനത്തിലൂടെ കോർപറേറ്റുകളെ ചെറുത്തു തോൽപിച്ച് കർഷകരെയും തൊഴിലാളികളെയും ചേർത്തുനിർത്തി അതിജീവനത്തിന്റെ പുതുവെളിച്ചം കേരളത്തിനാകെ പകർന്നു നൽകുകയാണ് ഇടുക്കി തങ്കമണി സർവീസ് സഹകരണ ബാങ്കും തങ്കമണി സഹകരണ തേയില ഫാക്്ടറിയും.
സ്വന്തമായി തേയില ഫാക്്ടറിയുള്ള സഹകരണ ബാങ്ക് ഒരുപക്ഷേ കേൾക്കുന്പോൾതന്നെ അതിശയവും കൗതുകവും ഒരേപോലെ തോന്നിപ്പിക്കുന്നു. ഈ ഫാക്ടറി തങ്കമണി സർവീസ് സഹകരണബാങ്കിനു മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്.
വന്പൻ കോർപറേറ്റുകൾ വിഹരിക്കുന്ന തേയില വ്യവസായത്തിൽ സഹകരണസംഘത്തിന് എന്തു ചെയ്യാനാകുമെന്നതിന്റെ ഉത്തരമാണ് സഹ്യ ബ്രാൻഡ് തേയില. തേയില വ്യാപാരത്തിനപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ് സഹ്യ.
തങ്കമണി ഉൾപ്പെടുന്ന കാമാക്ഷി പഞ്ചായത്തിലും സമീപഗ്രാമങ്ങളിലുമായി 50 സെന്റു മുതൽ രണ്ടേക്കർ വരെ തേയില കൃഷി ചെയ്യുന്ന മൂവായിരത്തോളം ചെറുകിട കർഷകരുണ്ട്. സ്വന്തമായി ഫാക്ടറി ഇല്ലാത്ത ഇവർ എസ്റ്റേറ്റ് ഫാക്ടറികൾക്കാണ് തേയില വിറ്റിരുന്നത്.
എസ്റ്റേറ്റുകാർ ഈ തേയില വാങ്ങി സ്വന്തം ഉത്പന്നത്തോടെപ്പം സംസ്കരിച്ചു വിൽക്കുകയായിരുന്നു. എസ്റ്റേറ്റ് ഫാക്ടറികൾ നൽകുന്ന വില സ്വീകരിക്കാൻ ചെറുകിട തേയില കർഷകർ നിർബന്ധിതരാണ്. അതുകൊണ്ടു തന്നെ പലപ്പോഴും കുറഞ്ഞ വിലയേ ലഭിക്കുകയുള്ളൂ.
മികച്ച വിളവുള്ളപ്പോൾ എസ്റ്റേറ്റുകാർ സംഭരണം നിർത്തിവയ്ക്കുകപോലും ചെയ്യും. അഥവാ വാങ്ങിയാലും കൊളുന്ത് നുള്ളുന്നവർക്ക് കൂലി കൊടുക്കാൻ തികയാത്ത തുച്ഛമായ തുക മാത്രം നൽകും.
ഓഫ് സീസണിൽ 30 രൂപയ്ക്ക് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ സീസണായാൽ 10 രൂപ പോലും നൽകാൻ മടിക്കും. സ്വന്തം നിലയിൽ കൊളുന്ത് നുള്ളുന്നവർക്കു പോലും കൃഷി ആദായകരമാകാത്ത ഈ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരമുണ്ടാക്കുന്നതിനാണ് 2017ൽ ബാങ്ക് തേയിലഫാക്ടറി സ്ഥാപിച്ചത്.
പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ 12 രൂപ തറവിലയും പ്രഖ്യാപിച്ചു. ഇതിലും വില താഴ്ത്തി സംഭരിക്കില്ലെന്നാണ് ബാങ്ക് കൃഷിക്കാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. സംയോജിത സഹകരണ വികസന പദ്ധതി പ്രകാരം ടീ ബോർഡിന്റെ ധനസഹായത്തോടെ സ്ഥാപിച്ച ഫാക്ടറിയിൽ 20 ടണ് കൊളുന്ത് സംസ്കരിക്കാൻ ശേഷിയുണ്ട്.
കർഷകരിൽ നിന്നും ശേഖരിച്ച കൊളുന്തുകൾ ബാങ്ക് നിശ്ചയിച്ച ഏജന്റുമാരും കർഷക സംഘങ്ങൾ വഴിയും വാഹനങ്ങളിൽ ഫാക്ടറിയിലെത്തിക്കും. മോണോ റെയിൽ സംവിധാനത്തിലൂടെ ചാക്കുകളിൽ കൊളുന്തുകൾ വെതറിംഗ് പ്രഫിൽ എത്തും.
15,000 കിലോ കപ്പാസിറ്റിയുള്ള പ്രഫാണുള്ളത്. 12 മണിക്കൂർ എയർ നൽകിയശേഷം ലീഫ് ഷെൽട്ടർ വഴി അരച്ചെടുത്ത് ഉണക്കിയും പൊടിച്ചും അഞ്ചു ഘട്ടങ്ങളിലൂടെ കടന്ന് എട്ടു ഗ്രേഡുകളിലായുള്ള തേയിലപ്പൊടിയാണ് ഉല്പാദിപ്പിക്കുന്നത്. തുടർന്ന് വിവിധ ഫ്ളേവറുകളിൽ പായ്ക്കറ്റുകളാക്കുന്നു.

വിപുലമായ മാർക്കറ്റിംഗ് സംവിധാനം
ആദ്യഘട്ടത്തിൽ വിപണനം വെല്ലുവിളിയായിരുന്നെങ്കിലും ബാങ്കിന്റെ നേതൃത്വത്തിൽ പ്രത്യേക മാർക്കറ്റിംഗ് സംവിധാനം രൂപീകരിച്ചതോടെ വില്പന വർധിക്കുകയും വിദേശ വിപണിയിൽ ഇടംപിടിക്കുകയും ചെയ്തു.
ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ സ്വന്തം വാഹനത്തിലുള്ള റൂട്ട് സെയിലും മറ്റു ജില്ലകളിൽ വിതരണശൃംഖലകളുമുണ്ട്. മൂന്നു കയറുമതി ഏജൻസികളുടെ സഹായത്തോടെ യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും തേയില വിൽക്കുന്നുണ്ട്.
സഹകരണവകുപ്പിന്റെ കോ-ഓപ്പറേറ്റീവ് മാർട്ട് എന്ന ബ്രാൻഡിൽ അമേരിക്കയിലും സഹ്യ ലഭിക്കും. മൂന്ന് എക്സോപർട്ട് കന്പനികളുടെ സഹായത്തോടെ നാളിതുവരെ 1,25,000 കിലോ തേയില യുഎഇ, ഖത്തർ വിപണികളിൽ മാത്രം വിൽക്കാൻ സാധിച്ചിട്ടുണ്ട്.
യൂറോപ്യൻ വിപണിയിലേക്കുള്ള ചുവടുവയ്പായി കഴിഞ്ഞ ജൂണിൽ സഹ്യ തേയില യൂറോപ്യൻ രാജ്യങ്ങളിലും എത്തി. ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന തേയില കൊച്ചിയിലെ ലേല കേന്ദ്രത്തിലും വിൽപ്പന നടത്തുന്നുണ്ട്.
കണ്സ്യൂമർ ഫെഡ്, സപ്ലൈകോ, ഇന്ത്യൻ കോഫി ഹൗസ്, റെയ്ഡ്കോ, പോലീസിന്റെ ഉൾപ്പെടെ വിവിധ ഡിപ്പാർട്ടുമെന്റ് സ്റ്റോറുകൾ എന്നിവിടങ്ങളിലും സർക്കാർ അർധ സർക്കാർ സംവിധാനങ്ങളിലും സഹ്യ വിപണനം നടത്തുന്നു.
സഹ്യ ബ്രാൻഡുകൾ
തേയിലയിൽ മാത്രമല്ല മൂല്യവർധനയുടെ നേട്ടങ്ങൾ കൂടുതൽ കൃഷിക്കാരിലെത്തിക്കുന്നതിനും പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന കാപ്പിക്കുരുവിനും പഴവർഗങ്ങൾക്കും മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും ഒരു കാപ്പിസംസ്കരണ യൂണിറ്റിനും പഴം സംസ്കരണ യൂണിറ്റിനും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.
തങ്കമണിയിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 36 സെന്റ് സ്ഥലത്ത് 4000 സക്വയർ ഫിറ്റ് വലിപ്പമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് സഹ്യ ഫുഡ് പ്രോസസിംഗ് യൂണിറ്റ്. ഡീഹൈഡ്രേഷൻ യൂണിറ്റ്, കൂളിംഗ് ചേന്പർ, ആധുനിക സംവിധാനത്തിലുള്ള ഡ്രയറുകൾ ഉൾപ്പെടെ ഇവിടെയുണ്ട്.
കർഷകരിൽ നിന്നും കപ്പ, ചക്ക, ഏത്തയ്ക്ക, പഴവർഗങ്ങൾ തുടങ്ങിയവ ഡീഹൈഡ്രേഷൻ സാങ്കേതിക വിദ്യ വഴി ഉണങ്ങി സഹ്യ എന്ന ബ്രാൻഡിൽ വിൽപന നടത്തുന്നു. രുചികരമായ ഇടിയിറച്ചിയുമുണ്ട്.
ഡ്രൈഫ്രൂട്സും സ്പൈസസുമുൾപ്പെടെ 60ൽ പരം ഉല്പന്നങ്ങളാണ് വിപണിയിലുള്ളത്. തങ്കമണിക്കു സമീപം പാണ്ടിപ്പാറയിലാണ് കാപ്പിപൊടി യൂണിറ്റ്. സഹ്യ ബ്രാൻഡിലാണ് കാപ്പിപ്പൊടിയുടെയും വിൽപന.

കർഷകർക്കൊപ്പം
ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സ്പോണ്സർഷിപ്പിൽ സഹ്യ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയും പ്രവർത്തിക്കുന്നു. അഞ്ഞൂറോളം കർഷകർ ഇതിൽ അംഗങ്ങളാണ്.
പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി കോ-ഓപ്മാർട്ട്, തങ്കമണിയിലും കാൽവരി മൗണ്ടിലും കാമാക്ഷിയിലും പ്രകാശിലും ഉത്സവകാല ചന്തകൾ, ജനസേവ കേന്ദ്രം, വാഹനപുക പരിശോധന കേന്ദ്രം, വളം ഡിപ്പോ എന്നിവയും ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.
സൈബി തോമസ് കരിന്പൻമാക്കൽ പ്രസിഡന്റായി 15 അംഗ ഭരണസമിതിയാണ് ബാങ്കിനെ നയിക്കുന്നത്. സുനീഷ് കെ. സോമനാണ് സെക്രട്ടറി.
കാർഷിക മേഖലയിൽ കൂടുതൽ മൂല്യവർധിത ഉത്പനങ്ങൾ നിർമിച്ച് കർഷകരെ പരമാവധി ചൂഷണത്തിൽ നിന്നും മുക്തരാക്കാനും സാന്പത്തികമായി സഹായിക്കാനുമുള്ള ശ്രമത്തിലാണ് ബാങ്ക്.
ഉയരം കൂടും തോറും ചായയുടെ ഗുണം കൂടുമെന്ന പരസ്യ വാചകം പോലെ തങ്കമണി ബാങ്ക് കർഷകരെ ചേർത്തു പിടിച്ച് ചായയുടെ പുതിയ വിപണന ലോകം തേടുകയാണ്.
സുനീഷ് കെ. സോമൻ
ഫോണ്: 9947368701.