"മുറി' കൃഷിയിൽ വരുമാനം ലക്ഷങ്ങൾ
Friday, July 11, 2025 2:38 PM IST
നിന്നു തിരിയാൻ മാത്രം ഇടമുള്ള ചെറു മുറിയിൽ ചെടി നാന്പുകൾ വളർത്തി ആവശ്യക്കാരിലെത്തിച്ച് ലക്ഷങ്ങൾ വരുമാനം നേടുന്ന ഹൈടെക് കർഷകനാണ് കൊച്ചി നഗരമധ്യത്തിൽ സൗത്ത് ചിറ്റൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മുൻ ബാങ്ക് ഉദ്യോഗസ്ഥൻ അജയ് ഗോപിനാഥ്.
വീടിന്റെ ഭാഗം തന്നെയായ ഓഫീസ് മുറി കടന്നു ചെന്നാൽ എത്തുന്നതു 80 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ശീതീകരിച്ച റൂം ഫാമിലേക്ക്. അവിടെ കാബേജും ചീരയും കടുകും ബീറ്റ്റൂട്ടും ഗ്രീൻപീസുമൊക്കെ വിത്തുമുളച്ച് ചെറുനാന്പുകളായി നിൽക്കുന്നു.
തട്ടുതട്ടുകളായിട്ടാണ് ഫാം സജ്ജീകരിച്ചിരിക്കുന്നത്. ഞാറ് പറിച്ചു നട്ട് വിളകൾ ഉത്പാദിപ്പിക്കുകയല്ല ലക്ഷ്യം. മറിച്ച്, വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ മുറിച്ചെടുത്തു പോഷക ആഹാരമായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണത്.
യൂറോപ്യന്മാരുടെ തീൻ മേശയിൽ റെയിൻബോ മിക്സ് എന്ന പേരിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം അലങ്കാരമായി ഉപയോഗിച്ചിരുന്ന മൈക്രോഗ്രീന്റെ കേരളത്തിലെ വളർച്ചയുടെ കഥയാണ് അജയ്യുടെ ഫാമിന് പറയാനുള്ളത്.
സ്വന്തം ആഹാര ആവശ്യത്തിനായി മുളപ്പിച്ചെടുത്ത മൈക്രോഗ്രീൻ ഇന്ന് ലക്ഷങ്ങൾ ടേണ് ഓവറുള്ള ബിസിനസ് സംരംഭമാക്കി മാറിയിരിക്കുന്നു. ഒപ്പം രാജ്യത്താകെ ഈ നൂതന കൃഷിരീതിയെ അജയ് പരിചയപ്പെടുത്തുക കൂടി ചെയ്യുന്നു.
കൃഷി രീതി
ചെറിയ മുറിയിൽ മൂന്നു റാക്കുകളിൽ വിവിധ തട്ടുകളിലായാണു കൃഷി. പ്ലാസ്റ്റിക്ക് ട്രേയിൽ ചകിരിച്ചോർ നിറച്ചശേഷം വിത്ത് ഇടുന്നതാണ് കൃഷിയുടെ ആദ്യഘട്ടം. ആദ്യത്തെ രണ്ടു ദിവസം ഈ ട്രേകൾ സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കും.
വിത്തുകൾ മുളച്ചു തുടങ്ങിയാൽ ഉടൻ ഗ്രോ റൂമിലേക്കു മാറ്റും. എസി, കൃത്രിമ വെളിച്ചം തുടങ്ങി മൈക്രോഗ്രീനിന്റെ വളർച്ചയ്ക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങളൊക്കെ മുറിയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഡീ ഹുമിഡി ഫയർ ഘടിപ്പിച്ച ഗ്രോ റൂം പൂർണമായും ഈർപ്പരഹിതമാണ്. ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ തൈകൾ രണ്ട് മുതൽ നാല് ഇഞ്ചുവരെ വളരും. ആദ്യ ഇലകൾ മുളപൊട്ടുന്ന ഘട്ടത്തെയാണ് മൈക്രോഗ്രീൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിത്ത് മുളച്ച് നാല് കുഞ്ഞിലകൾ വിരിയുന്നതോടെ വിളവെടുക്കാം. പാകമായാൽ വേരിന് തൊട്ടു മുകളിൽ വച്ചു മുറിച്ചെടുക്കും. തുടർന്നു പായ്ക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്നതാണ് രീതി. സ്വദേശികളും വിദേശികളുമായി മൈക്രോഗ്രീനിന്റെ ഒട്ടേറെ ഇനങ്ങൾ അജയ്യുടെ ഫാമിലുണ്ട്.
റാഡിഷിന്റെ മാത്രം അഞ്ച് ഇനങ്ങളുണ്ട്. വൈറ്റ്, റെഡ്, പിങ്ക്, ചൈന റോസ്, വിദേശിയായ സാൻഗോ. കടുകിന്റെ രണ്ട് ഇനങ്ങളും ഗാർനെറ്റ് ചീര അടയ്ക്കം ചീരയുടെ മൂന്ന് ഇനങ്ങളും ഇവിടെ വളർത്തുന്നു.
ഗ്രീൻ മസ്റ്റാർഡ്, അമേരിക്കൻ ഇനമായ എല്ലോ മസ്റ്റാർഡ്, ചൈനീസ് കാബേജായ ബോക്ചോയ്, സണ്ഫ്ളവറിന്റെയും ബീറ്റ് റൂട്ടിന്റെയും രണ്ടു വീതം ഇനങ്ങൾ, ഇംഗ്ലീഷ് ഇനമായ അഫില ഗ്രീൻപീസ്, ബേസിൽ തുളസി, കോളിഫ്ളവർ തുടങ്ങി 14 ഇനം മൈക്രോഗ്രീനുകൾ വേറെയുമുണ്ട് അജയ്യുടെ ഫാമിൽ.
മനുഷ്യ ശരീരത്തിനാവശ്യമായ ഒട്ടുമിക്ക പ്രോട്ടീനുകളും മൈക്രോഗ്രീനിലുണ്ടെന്ന് അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റി 1990 കളിൽ നടത്തിയ പഠനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിലോ കാബേജ് കഴിക്കുന്പോൾ ലഭിക്കുന്ന പ്രോട്ടീൻ വെറും 25 ഗ്രാം മൈക്രോഗ്രീൻ കഴിച്ചാൽ കിട്ടുമത്രേ.
അതുകൊണ്ടു തന്നെ ആരോഗ്യ സംരക്ഷകരാണ് മൈക്രോഗ്രീനിന്റെ ഉപയോക്താക്കളും പ്രചാരകരും. പ്രായത്തിന്റെയും കായികാധ്വാനത്തിന്റെയും അടിസ്ഥാനത്തിൽ ഒരാൾക്ക് ദിവസേന 10 ഗ്രാം മുതൽ 20 ഗ്രാം വരെ മൈക്രോഗ്രീൻ കഴിക്കാം.
ജിമ്മിൽ പോകുന്നവരും കായികമായി അധ്വാനിക്കുന്നവർക്കുമൊക്കെ 25 ഗ്രാം വരെയാകാം. മറ്റുള്ളവർ അതിൽ കുറവും. പുറത്തെ അന്തരീക്ഷത്തിൽ തുറന്നുവച്ചാൽ വാടിപോകുമെന്നതിനാൽ ഫ്രീഡ്ജിൽ തന്നെ സൂക്ഷിക്കണം. സ്റ്റാർ ഹോട്ടലുകളും വൻകിട റിസോർട്ടുകളുമാണ് അജയ്യുടെ ഫാമിൽ നിന്ന് മൈക്രോ ഗ്രീൻ കൂടുതലായും വാങ്ങുന്നുണ്ട്.
ഏഴ് വർഷം മുന്പ് ആരംഭിച്ച മൈക്രോഗ്രീൻ കൃഷി 2020 ലാണ് അജയ് വാണിജ്യവത്കരിച്ചത്. ഇപ്പോൾ ദിവസേന ഏഴ് മുതൽ എട്ട് കിലോ വരെ മൈക്രോഗ്രീൻ വിപണനം നടത്തുന്നുണ്ട്. കിലോയ്ക്ക് 2500 മുതൽ 5000 രൂപ വരെയാണ് വില.
മൈക്രോഗ്രീൻ കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് ഗ്രോ ഗ്രീൻസ് എന്ന ബ്രാൻഡിൽ ചെറിയ ഫാമുകൾ അജയ് ഒരുക്കിക്കൊടുക്കുന്നുണ്ട്. എസി സംവിധാനമുള്ള ഒരു മുറി തരപ്പെടുത്തിയാൽ ഒന്ന് മുതൽ 1.50 ലക്ഷം രൂപ ചെലവിൽ മൈക്രോഗ്രീൻ വളർത്താനുള്ള റൂം ഫാമുകൾ തയാറാക്കി നൽകും.
വിത്ത് ഉൾപ്പടെ ഫാമിലേക്ക് ആവശ്യമായ എല്ലാം അജയ് തന്നെ ക്രമീകരിക്കും. കൃഷി രീതിയെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യും. കേരളത്തിൽ എല്ലാ ജില്ലകളിലും അജയ് ഫാമുകൾ തയാറാക്കി നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്ത് നോർത്ത് ഇന്ത്യ അടക്കം 80 സ്ഥലങ്ങളിലും അജയ്യുടെ റൂം ഫാമുകൾ ഉണ്ട്.

കഴിക്കേണ്ട വിധം
പോഷക ഗുണങ്ങൾ ഏറെയുള്ള മൈക്രോഗ്രീൻ കറികൾക്കൊപ്പം പാചകം ചെയ്ത് കഴിച്ചാൽ ഗുണം നഷ്ടപ്പെടും. കറികൾക്കു മീതേ വിതറുകയോ സലാഡിനൊപ്പം ചേർത്ത് കഴിക്കുകയോ ആണ് ചെയ്യേണ്ടത്.
സാധാരണ ഭക്ഷ്യവിളകളിലുള്ളതിന്റെ 40 മടങ്ങുവരെ പോഷകസാന്ദ്രമാണ് മൈക്രോഗ്രീൻ ഭക്ഷണം. എന്നാൽ, മൈക്രോഗ്രീനിന്റെ വേര് ഭക്ഷണമായി ഉപയോഗിക്കാറില്ല.
മൈക്രോഗ്രീൻ ആദ്യം കാണുന്നത് ബംഗളൂരുവിൽ
ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ആയിരുന്നപ്പോഴാണ് അജയ് ആദ്യമായി മൈക്രോഗ്രീൻ കാണുന്നത്. മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു അത്. അതുവരെ മൈക്രോഗ്രീൻ എന്താണെന്ന് അറിഞ്ഞിരുന്നില്ല.
പിന്നീട് അതേക്കുറിച്ച് അറിയാനുള്ള ആഗ്രഹമായി. ഇന്റർനെറ്റിലും യൂടുബിലും സേർച്ച് ചെയ്തു. പിന്നെ സ്വന്തം ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ തുടങ്ങി. വീട്ടിലെ പയറുകളും മറ്റും മുളുപ്പിക്കാനായിരുന്നു ആദ്യ ശ്രമം.
അതു വിജയിച്ചില്ല. സുഹൃത്തുവഴി യുകെയിൽ മൈക്രോഗ്രീൻ കൃഷി ചെയ്യുന്ന ആളുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് മൈക്രോഗ്രീൻ കൃഷിയെക്കുറിച്ച് പറഞ്ഞു തന്നത്. സാധാരണ കൃഷിയിൽ ഉപയോഗിക്കുന്ന വിത്തുകൾ മൈക്രോഗ്രീനു യോജിച്ചതല്ല.
മൈക്രോഗ്രീൻ ഉത്പാദനത്തിന് പ്രത്യേകം വിത്തുകൾ വേണം. ജനിതകമാറ്റം വരാത്തതും സ്വാഭാവിക സാഹചര്യങ്ങളിൽ ഉത്പാദിപ്പിച്ചതുമായ വിത്തുകളാണു വേണ്ടത്. നാട്ടിലെ ചകരിച്ചോറ് മൈക്രോഗ്രീൻ കൃഷിക്ക് പറ്റിയതല്ലാത്തതിനാൽ പൊള്ളാച്ചിയിൽ നിന്നാണ് ചകിരിച്ചോർ വരുത്തുന്നത്.
ഫോണ്: 7306299044