അബ്ദുവിന്റെ മുറ്റത്തെ അത്ഭുത മാവ്
Saturday, July 26, 2025 12:45 PM IST
നല്ല മാധൂര്യമേറും മാമ്പഴത്തിനായി കൊതിയോടെ കാത്തിരിക്കാത്തവർ ആരുണ്ട്? അങ്ങനെയുള്ളവർ നിശ്ചയമായും കോഴിക്കോട് ജില്ലയിലെ കാരശേരി പോയിലിൽ അബ്ദുവിന്റെ വീട്ടുമുറ്റത്തെ അദ്ഭുത മാവ് ഒന്നു കാണണം.
ഒറ്റമാവിൽ 80 വ്യത്യസ്ത ഇനം മാങ്ങകൾ! ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ, എന്നാൽ വിശ്വസിച്ചേ മതിയാകൂ. മലയോര കർഷകനും പ്രവാസിയുമായ അബ്ദു നട്ടു പരിപാലിക്കുന്ന മാവിന്റെ ചില്ലകളിൽ അത്രയും ഇനം മാങ്ങകളാണു രുചി വൈവിധ്യമൊരുക്കി നിറഞ്ഞു കായ്ച്ചു നിൽക്കുന്നത്.
ഈ മാന്പഴക്കാഴ്ച തേടി ഇതര ജില്ലകളിൽ നിന്നു പോലും നിരവധിപ്പേരാണ് എത്തുന്നത്. കണ്ണിനും മനസിനും കുളിർമയേകുന്ന അപൂർവ ദൃശ്യം.
മാവുകളുടെ ഇഷ്ടതോഴൻ
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അബ്ദു വീട്ടുമുറ്റത്ത് നട്ട മാവിലാണ് ഇപ്പോൾ ഓരോ കൊന്പിലും പല തരം മാങ്ങകൾ കായ്ച്ചു കിടക്കുന്നത്. മാവുകളോടും മാങ്ങകളോടും കുട്ടിക്കാലം മുതലുള്ള പെരുത്തിഷ്ടമാണ് വീട്ടു മുറ്റത്തും പരിസരത്തും മാവുകളുടെ ലോകം തന്നെ സൃഷ്ടിക്കാൻ അബ്ദുവിനെ പ്രേരിപ്പിച്ചത്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അബ്ദു പോകുന്ന നാടുകളിൽ നിന്നൊക്കെ അവിടുത്തെ തനത് മാവിനത്തിന്റെ തൈകളുമായാണു മടങ്ങി എത്താറുള്ളത്. അവ വീട്ടുപരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യും.
അവയിൽ നിന്നുള്ള കന്പുകളാണ് ബഡിംഗ്, ഗ്രാഫ്റ്റിംഗ്, അപ്രോച്ച് ഗ്രാഫ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റമാവിൽ വച്ചുപിടിപ്പിച്ചത്.
മാന്പഴവും കഴിക്കാം...തൈകളും കൊണ്ടുപോകാം...
കൊളന്പ്, രത്നഗിരി ഹാപൂസ്, ചന്ദ്രക്കാരൻ, ആപ്പിൾ റൊമാനിയ, ഗ്രാന്പൂ, ബനാന മാംഗോ, തായ്ലൻഡ് നാസി പസന്ത്, കാറ്റി മോണ് തുടങ്ങിയ വിദേശ ഇനങ്ങളും ചേലൻ, ചക്കരക്കട്ടി, വെള്ള മൂവാണ്ടൻ, നീലൻ, ഒട്ടുമാങ്ങ തുടങ്ങി വിവിധതരം നാട്ടുമാങ്ങകൾ... പേരറിയാത്തവയും ഏറെ.
മാങ്ങകൾ ആവശ്യക്കാർക്ക് നൽകുന്നതിനു പുറമെ തൈകൾ ഉത്പാദിപ്പിച്ചും വിതരണം ചെയ്യുന്നുണ്ട്. ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലൂടെ മാവുകൾ ഉത്പാദിപ്പിക്കുന്ന രീതികൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും.
പാഠ്യപദ്ധതിയിൽ കൃഷി ഒരു പാഠമാക്കണം എന്നതാണ് അബ്ദുവിന്റെ ആവശ്യം. പ്രദേശത്തെ മിക്ക വിദ്യാലയങ്ങളിലും കുട്ടികൾക്ക് അവധിക്കാലത്ത് അദ്ദേഹം പതിവായി കൃഷിപാഠം എടുക്കാറുണ്ട്.
സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഒരുമാവെങ്കിലും നട്ടുപിടിപ്പിക്കാത്ത ആരുമുണ്ടാവരുത് എന്നതാണ് അബ്ദുവിന്റെ ആഗ്രഹം.
മാവിന്റെ എൻസൈക്ളോപീഡിയ
മാവിന്റെ കാര്യത്തിൽ എന്തു സംശയവും തീർക്കാൻ പറ്റുന്ന ഒരു എൻസൈക്ളോപീഡിയയാണ് അബ്ദു. മാവിനെയും മാങ്ങയെയും കുറിച്ച് ഗവേഷണം നടത്തുന്ന അബ്ദു മാവുകൾ തേടി ഇതിനോടകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
15 വർഷത്തോളം പ്രവാസിയായിരുന്നപ്പോഴും മനസ് നിറയെ കൃഷിയായിരുന്നു. പിന്നീട് നാട്ടിലെത്തി ഒട്ടും വൈകാതെ മണ്ണിലേക്കിറങ്ങുകയായിരുന്നു. 125 ലധികം വ്യത്യസ്ത പഴവർഗങ്ങളും അബ്ദു നട്ടു പരിപാലിക്കുന്നുണ്ട്.
പഴങ്ങൾ തിന്നാൻ എത്തുന്ന പക്ഷികളെയും വവ്വാലുകളെയും ഓടിക്കാറുമില്ല. പഴങ്ങൾ അവർക്കു കൂടി അവകാശപ്പെട്ടതാണെന്നാണ് അബ്ദുവിന്റെ നിലപാട്.
കർണാടകയിൽ പത്തേക്കർ
മാങ്ങകൾ വിളവെടുക്കുന്ന ദിവസം സുഹൃത്തുക്കൾ അബ്ദുവിന്റെ വീട്ടിൽ എത്തുന്നത് പതിവാണ്. വരുന്നവരൊക്കെ വയറു നിറച്ചു വ്യത്യസ്തയിനം മാന്പഴം കഴിച്ചാണു മടങ്ങുന്നത്. മാങ്ങകൾ ഇവിടെ വിൽക്കാറില്ല.
എന്നാൽ, കർണാടക ബേഗൂരിൽ അബ്ദുവടക്കം 14 പേർ ചേർന്നു പത്ത് ഏക്കർ സ്ഥലത്ത് മാവ്, ചിക്കു, പപ്പായ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിളവെടുപ്പ് ജുണ് 15 നോട് അടുത്താണ് നടക്കുന്നത്.
ഇവ കേരള വിപണിയിൽ എത്തിച്ച് വിൽപന നടത്തുകയും ചെയ്യും. സുബിനയാണ് അബ്ദുവിന്റെ ഭാര്യ. ഫാത്തിമ തമന്ന, തൻസിഹലി, ദിൻഷാനിയ, ഫാത്തിമ ബെൻഹ എന്നിവരാണ് മക്കൾ.
ഫോണ്: 9846300215.