വിളസമൃദ്ധം ഷൈജുവിന്റെ 800 സ്ക്വയര്‍ ഫീറ്റ് ടെറസ്
Saturday, July 5, 2025 1:28 PM IST
എണ്ണൂറ് ചതുരശ്ര അടി സ്ഥലത്ത് എന്തെല്ലാം കൃഷി ചെയ്യാം? ഏറിയാല്‍ മൂന്നോ നാലോ തെങ്ങുകൾ, അല്ലെങ്കില്‍ പത്ത് വാഴ, അതുമല്ലെങ്കില്‍ കുറച്ചു പച്ചക്കറികള്‍. അപ്പോഴേക്കും സ്ഥലം തീരും.
എന്നാല്‍, എറണാകുളം ജില്ലയില്‍ പാലാരിവട്ടം തമ്മനത്ത് കേളന്തറ വീട്ടില്‍ ഷൈജുവിനു കൃഷി ചെയ്യാന്‍ ആകെയുള്ളത് 800 സ്ക്വയര്‍ ഫീറ്റ് ടെറസാണ്. അതില്‍ വിളയാത്തതായി ഒന്നുമില്ല.
ഒരേക്കര്‍ സ്ഥലത്ത് ചെയ്യാവുന്ന മുഴുവന്‍ കൃഷികളും അദ്ദേഹം അവിടെ ചെയ്തിട്ടുണ്ട്. സമ്മിശ്രകൃഷിയുടെ ചെറുപതിപ്പ് എന്നോ ''കൃഷി ചെയ്യാന്‍ സ്ഥലം വേണ്ടേ'' എന്ന നഗരവാസികളുടെ പതിവ് ചോദ്യത്തിനുള്ള ഉത്തരമോ ആണ് ആ പച്ചത്തുരുത്ത്.
ആട്, മുട്ടക്കോഴി, കരിങ്കോഴി, കാട, മുയല്, താറാവ്, ചെറുതേനീച്ച തുടങ്ങി വീട്ടില്‍ വളര്‍ത്താവുന്ന മുഴുവന്‍ ജീവികളും അവിടെയുണ്ട്. ഓരോന്നിനും സുഖമായി കഴിയാന്‍ പാകത്തില്‍ നിര്‍മിച്ച കൂടുകളിലാണ് അവയുടെ വാസം.
പ്ലാവിലയും പുല്ലുമൊക്കെ തിന്നു വെള്ളവും കുടിച്ച് ഉന്മേഷത്തോടെ അടച്ചുറപ്പുള്ള ഇരുമ്പ് കൂട്ടില്‍ വളരുന്ന ആടിന് രണ്ട് വയസായി. ഗോതമ്പും കോഴിത്തീറ്റയുമൊക്കെ കൊത്തിപ്പെറുക്കി തിന്നുന്ന ബിവി-380 ഇനം മുട്ടക്കോഴികള്‍ മുടങ്ങാതെ ദിവസവും വീട്ടാവശ്യത്തിനുള്ള മുട്ടകള്‍ നല്‍കും.
ഔഷധഗുണമുള്ള കാടമുട്ടകള്ക്കും കരിങ്കോഴിമുട്ടകള്ക്കും പ്രത്യേക രുചി തന്നെയുണ്ടെന്ന് ഷൈജു പറഞ്ഞു. ആധുനിക കൃഷി രീതികളായ അക്വാപോണിക്സും ഹൈഡ്രോ പോണിക്സും ടെറസില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതിന്റെ ബെഡുകളിലാണു പച്ചക്കറികളേറെയും കൃഷി ചെയ്യുന്നത്. 1000 ലിറ്റര്‍ ശേഷിയുള്ള അക്വാപോണിക്സ് ടാങ്കില്‍ 50 ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങളുമുണ്ട്.
മുളകുകളോട് പ്രത്യേക മമതയുള്ള ഷൈജു 14 ഇനം മുളക് ചെടികളാണു നട്ടു നനച്ചു വളര്‍ത്തുന്നത്. വ്യത്യസ്ത നിറത്തിലും വലിപ്പത്തിലുമുള്ള അവ നിറയെ കായ്ച്ചു നില്ക്കുന്നതു സന്തോഷം പകരുന്ന കാഴ്ചയാണ്.
ചീരകള്‍ തന്നെ പല തരമുണ്ട്. വള്ളിച്ചീര, മരച്ചീര, സാമ്പാര്‍ ചീര, പൊന്നാങ്കണ്ണി ചീര... കായ് ഭാരത്താല്‍ പിടിവിട്ടു നില്ക്കുകയാണു കോവലും പടവലവും പീച്ചിലും.
കയര്‍ ചുറ്റി നാട്ടിയിരിക്കുന്ന പിവിസി പൈപ്പില്‍ അട്ടക്കാല് പിടിച്ചു കയറിക്കിടക്കുന്ന കുരുമുളക് ചെടിയില്‍ നിന്നും എല്ലാവര്‍ഷവും മോശമല്ലാത്ത വിളവ് കിട്ടും.
കാബേജും കോളിഫ്ലവറും പുതിനയും തോട്ടത്തിന്റെ അഴകാണ്. ഇഞ്ചിയും മഞ്ഞളും മാര്‍ക്കറ്റില്‍ നിന്നു വാങ്ങാറേയില്ല. കാച്ചിലും ചേനയും വിളവെടുപ്പിന് പാകമായി കിടക്കുന്നു. കാച്ചില് എട്ടു തരമുണ്ട്.
മൂന്നു തരം കപ്പയും ഷൈജു നട്ടിട്ടുണ്ട്. അതും പിഴുതെടുക്കാറായി. നിറഞ്ഞു കായ്ച്ചു കിടക്കുന്ന ചെറുനാരകത്തിലും കമ്പിളി നാരകത്തിലും ആരുടെയും കണ്ണുടക്കാതിരിക്കില്ല.
തെങ്ങിനോടും കമുകിനോടും മലയാളിക്ക് പൊതുവേയുള്ള മമത ഷൈജുവിനുമുണ്ട്. അതുകൊണ്ട് തന്നെ ഒരു തെങ്ങും ഒരു കമുകും അദ്ദേഹം ടെറസില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. ഗംഗാബോണ്ടം ഇനം കുള്ളന്‍ തെങ്ങാണ് ഡ്രമ്മില്‍ വളരുന്നത്.
അടുത്ത വര്‍ഷം അതു കായ്ക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇന്റര്‍മംഗള ഇനം കമുകും വൈകാതെ കായ്ക്കുമെന്നു കരുതുന്നു. അഞ്ചിനം മാവുകളുമുണ്ട്. എല്ലാം നന്നായി കായ്ക്കും.
ചെറുതെങ്കിലും നിറയെ കായ്ച്ചു നില്ക്കുന്ന നാടന്‍ ഇനം വാളംപുളി മരം ആരിലും അദ്ഭുതം ജനിപ്പിക്കും. ആടിന് അത്യവശ്യം വേണ്ട പുല്ല് വളര്‍ത്താനും ടെറസില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
പേരറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമായ 75 ഇനം ഔഷധ സസ്യങ്ങളുമുണ്ട്. തീരെ പൊക്കം കുറഞ്ഞ തായ്മൂസ ഇനം വാഴയില്‍ നിന്നു കണ്ണെടുക്കാനേ തോന്നില്ല. അതു കുലയ്ക്കാറായിട്ടുണ്ടെന്ന് ഷൈജു പറഞ്ഞു.
പ്ലാവ്, രാമച്ചം, മാതള നാരകം, ചൈനീസ് ഓറഞ്ച്, സപ്പോട്ട, ചാമ്പ, ഏത്തവാഴ, അമ്പഴം, കിളി ഞാവല്‍, വെള്ള ഞാവല്‍, സ്റ്റാര്‍ ഫ്രൂട്ട്, മുരിങ്ങ, മുസംബി...തുടങ്ങി കണ്ണിനും മനസിനും കുളിര്‍മ പകരുന്ന വിളകള്‍ എത്രയെത്ര.
വീട്ടാവശ്യത്തിന് സോളാറില്‍ നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പാനലുകള്‍ക്കു കീഴെയാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്.
അതുവഴി കത്തുന്ന വെയിലില്‍ നിന്നു ചെടികള്‍ക്ക് ചെറിയൊരു സംരക്ഷണവും കിട്ടും. കടുത്ത മഴയില്‍ നിന്നു ചെടികളെ രക്ഷിക്കാന്‍ മഴമറയുമുണ്ട്. ആട്, കോഴി, മുയല്, താറാവ് എന്നിവയുടെ കാഷ്ഠമാണ് ചെടികളുടെ പ്രധാന വളം. ആട്ടിന്‍ കാഷ്ഠം ചെറുതായി ചതച്ചിടണമെന്നു മാത്രം.
കാഷ്ഠം വീഴുന്ന കൂടുകളുടെ തട്ടില്‍ അറക്കപ്പൊടി വിതറിയിട്ടുള്ളതിനാല് തെല്ലും ദുര്‍ഗന്ധമില്ല. മൂത്രം കുഴല്‍വഴി സമീപത്തെ കാനയിലേക്ക് ഒഴുക്കിക്കളയുകയാണ്. അക്വാപോണിക്സ് ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് നന. മത്സ്യാവശിഷ്ടങ്ങളടങ്ങിയ വെള്ളമായതിനാല്‍ നല്ല വളക്കൂറുണ്ട്.
പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ ഏറ്റവും നല്ല മാധ്യമമാണ് അക്വാപോണിക്സ് ബെഡുകളെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ഷൈജു വ്യക്തമാക്കി. എത്ര തിരക്കുണ്ടെങ്കിലും ദിവസം ഒരു പ്രാവശ്യമെങ്കിലും ടെറസിലെത്തി ചെടികളോടും പക്ഷികളോടും മൃഗങ്ങളോടും കുശലം പറയാതെ ഷൈജു ഉറങ്ങാറില്ല.
നനയും മുടക്കില്ല. ആഴ്ചയിലൊരിക്കല്‍ ടെറസ് വൃത്തിയാക്കാനും സമയം കണ്ടെത്തും. പത്തു വര്‍ഷത്തെ നിരന്തര പരിശ്രമത്തിലാണ് അദ്ദേഹം ഈ കൃഷിയിടം രൂപപ്പെടുത്തിയെടുത്തത്. ദീര്‍ഘദൂര യാത്രാവേളകളില്‍ ഭാര്യയും മക്കളുമാണ് കൃഷിയിടം പരിപാലിക്കുന്നത്.
വിളകളെല്ലാം നട്ടിരിക്കുന്നതു വ്യത്യസ്ത വലിപ്പത്തിലുള്ള ഡ്രമ്മുകളിലാണ്. അവ ഇരുമ്പ് സ്റ്റാന്‍ഡുകളില്‍ ഉയര്‍ത്തിയാണു വച്ചിരിക്കുന്നത്. അതുകൊണ്ട് നനയ്ക്കുന്ന അവസരത്തില്‍ കൂടുതലായി വീഴുന്ന വെള്ളം തറയില്‍ വീണു പുറത്തേക്ക് ഒഴുകിപ്പോകുന്നതിനാല്‍ ടെറസിനു ചോര്‍ച്ചയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഴമറയുള്ളതിനാല്‍ കടുത്ത മഴയത്തും അധികം വെള്ളം ടെറസില്‍ വീഴില്ല. കൂടുതല്‍ സുരക്ഷയ്ക്കായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ ടെറസ് പെയിന്റ് ചെയ്യുകയും ചെയ്യും.
നഗരമധ്യത്തിലെ ഈ ചെറു സമ്മിശ്ര കൃഷിയിടത്തില്‍ ഒരു പശുവിന്റെ കുറവ് മാത്രമാണുള്ളതെന്നു അല്പം വിഷമത്തോടെ ഷൈജു പറഞ്ഞു. വീടിനുള്ളില്‍ വളര്‍ത്താവുന്ന കുള്ളന്‍ പശുവിനെ കിട്ടിയാല്‍ വാങ്ങി വളര്‍ത്താനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായ ഷൈജു കേളന്തറ, ആശ്വാസം ചാരിറ്റബള്‍ ട്രസ്റ്റിന്റെ മുഖ്യനടത്തിപ്പുകാരനുമാണ്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ പ്രത്യേക താത്പര്യമുണ്ട്.
ഇരുന്നൂറോളം പാട്ടുകളെഴുതിയിട്ടുള്ള ഷൈജു കേളന്തറയ്ക്ക് ഇതിനോടകം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ സുനിതയാണ് ഭാര്യ. മൂന്നു മക്കള്‍: എല്വിൻ, നെവിന്, ക്രിസ്വിന്.
ഫോണ്‍: 9447084491.