"പങ്കീസി'ന് അഴകായി നീലക്കൊടുവേലി
Monday, July 28, 2025 12:05 PM IST
മ ഔഷധസസ്യം ഒട്ടുമിക്ക മലയാളികൾക്കും അത്ര പരിചിതമല്ല. സർവൈശ്വര്യ ദായകി എന്നറിയപ്പെടുന്ന നീലക്കൊടുവേലി നെയ്യാറ്റിൻകര താലൂക്കിലെ മണലൂരിൽ മുൻ ബിസിനസുകാരനായ ബിനു ചന്ദ്രന്റെ പങ്കീസ് എന്ന വീടിന്റെ തൊടിയിലും പുരയിടത്തിലും സമൃദ്ധമായുണ്ട്.
ഇളം നീലനിറത്തിൽ പൂക്കൾ ചൂടി നിൽക്കുന്ന നീലക്കൊടുവേലി കാഴ്ചയിൽ അതിമനോഹരമാണ്. ഇതിനൊപ്പം ഔഷധസന്പന്നമായ വയന്പും പറന്പിലുണ്ട്. ഇളം വയലറ്റും റോസും കലർന്ന ഇതളുകളുള്ള പൂക്കളമായി നിൽക്കുന്ന വയന്പ് അപൂർവ കാഴ്ചയാണ്.
നാട്ടിൻപുറങ്ങളിൽ ഇന്നും ചുമയ്ക്കും ജലദോഷത്തിനും ആസ്ത്മയ്ക്കുമെല്ലാം ഉപയോഗിക്കുന്ന ആടലോടകം, മുടി കറുപ്പിക്കുന്ന നീലയമരി തുടങ്ങിയവയും പങ്കീസിന്റെ ചുറ്റുവട്ടത്തുണ്ട്.
ദഹന പ്രക്രിയയ്ക്കും ശ്വസന പ്രശ്നങ്ങൾക്കും ചുമയ്ക്കും ജലദോഷത്തിനും ആയൂർവേദം നിർദേശിക്കുന്ന പിപ്പലിയും (തിപ്പലി) ഇവിടെ സമൃദ്ധമായി വളർന്നു കിടക്കുന്നു. വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആനച്ചുവടിയും ധാരാളമായി നട്ടിട്ടുണ്ട്.
പനി, വാതം തുടങ്ങി പലവിധ രോഗങ്ങൾക്കു പരിഹാരമായി നാട്ടു ചികിത്സയിൽ നിർദേശിക്കുന്ന കരിനൊച്ചിയും ധാരാളം. കന്പ് വെട്ടി പറന്പിൽ നട്ടാണ് ആടലോടകം വളർത്തിയത്. ബന്ധുവിന്റെ വീട്ടിൽ നിന്നു കിട്ടിയ കിഴങ്ങിൽ നിന്നാണ് വിട്ടുമുറ്റത്ത് വയന്പ് എത്തിയത്.

കൃഷിയോടു പൊതുവേയും ഔഷധ സസ്യങ്ങളോട് പ്രത്യേകിച്ചുമുള്ള ബിനുചന്ദ്രന്റെ സ്നേഹമാണ് ഈ സസ്യ സമൃദ്ധിക്കു കാരണം. അച്ഛനും പ്രശസ്ത ചിത്രകാരൻ പട്ടം ജി. രാമചന്ദ്രൻ നായർ വീടിനു ചുറ്റും ചെടികൾ നടുന്നതു കണ്ടാണ് ബിനുചന്ദ്രന്റെ ഉള്ളിൽ കൃഷി സ്നേഹം നിറഞ്ഞത്.
കുടകിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ നിറയെ ഫലവൃക്ഷങ്ങളും ഒൗഷധചെടികളും സുഗന്ധ വ്യഞ്ജനങ്ങളും പുഷ്പ ചെടികളും വച്ചു പിടിപ്പിക്കണമെന്നായിരുന്നു ചെറുപ്പത്തിൽ ബിനുചന്ദ്രന്റെ മോഹം.
കുടകിലെ കൃഷി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീടിനു ചുറ്റും ബിനുചന്ദ്രൻ ഒരു ചെറിയ കുടകു തന്നെ സൃഷ്ടിച്ചിട്ടുണ്ട്. തീർന്നില്ല, 20 കിലോമീറ്റർ അപ്പുറം ചെന്പൂര് രണ്ടിടത്തായി ഒരേക്കർ ഭൂമി വാങ്ങി അവിടെയും കൃഷി ചെയ്തു വരുന്നു.
വീട്ടുപറന്പിൽ മുഴുവൻ പലതരം ഫലവർഗ ചെടികളുടെയും മരങ്ങളുടെയും നിറവ് കാണാം. കോട്ടുക്കോണം വരിക്ക, മാവ്, മാതളം, ബട്ടർഫ്രൂട്ട്, ചെറി, മൾബറി, ഞാവൽ, മുള്ളാത്ത, പ്ലാവ്, റംബൂട്ടാൻ, ചാന്പ, സപ്പോട്ട, നെല്ലി, കുടംപുളി, അന്പഴം, ജാതി, ആഫ്രിക്കൻ മല്ലി തുടങ്ങി അവയിൽ ചിലതു മാത്രം.
പലതരം ചെത്തി, മുല്ല, കാന, നിത്യകല്ല്യാണി തുടങ്ങി പൂച്ചെടികളും സമൃദ്ധമായി പൂത്ത് നിൽക്കുന്നുണ്ട്. കൃഷിയിടത്തിൽ റബറിന്റെ ഇടവിളയായി കുരുമുളക്, മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
കൃഷി പരിശീലന ക്ലാസുകളിലൊന്നും ബിനുചന്ദ്രൻ ഇതുവരെ പോയിട്ടില്ല. കർഷകരും, കൃഷിസ്നേഹികളും പറയുന്ന കൃഷി അറിവുകളും നാട്ടുശീലങ്ങളുമാണ് അദ്ദേഹത്തിന്റെ കൃഷി പാഠം. പറന്പിന്റെ വടക്കു-കിഴക്കു ഭാഗത്ത് കമുകിൽ വെറ്റിലച്ചെടി പടർത്തുന്നത് വാസ്തുപരമായി നല്ലതെന്ന് അറിഞ്ഞതിനാൽ ഈ ഭാഗത്ത് കമുകിൽ കർപ്പൂര തുളസി വെറ്റ പടർത്തിയിട്ടുണ്ട്.
അപൂർവമായ കർപ്പൂര തുളസി വെള്ളില രാമേശ്വരത്ത് നിന്നു ലഭിച്ചതാണ്. മംഗള ഇനം കമുകുകൾ 145 എണ്ണമുണ്ട്. കടുംവെട്ടിനുശേഷം റബർ വെട്ടി മാറ്റിയ സ്ഥലത്താണ് മരച്ചീനി, വാഴ, തെങ്ങ്, കാപ്പിച്ചെടി, കുരുമുളക് തുടങ്ങിയവ നട്ടിട്ടുള്ളത്. തെങ്ങിന്റെ ചുവട്ടിലാണ് മഞ്ഞൾ കൃഷി. കൊന്നയും മുരിക്കും ആഴാന്തയും (പയ്യാന്നി) നട്ട് അതിലും കുരുമുളകു വള്ളി പടർത്തിയിട്ടുണ്ട്.
നല്ല വിളവ് പ്രതീക്ഷിക്കുന്ന കരിമുണ്ട, പന്നിയൂർ-5 എന്നീ ഇനങ്ങളാണ് നട്ടിരിക്കുന്നത്. ജൂണ് മുതൽ ജൂലൈ 6 വരെ നീളുന്ന തിരുവാതിര ഞാറ്റുവേലക്കാലത്ത് 650 കുരുമുളകു തൈകൾ കൂടി വയ്ക്കാനും ബിനു ചന്ദ്രന് പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ജൂണ് 26 നാണ് കുരുമുളകു തൈ നട്ടത്.
നൂറുമുട്ടൻ എന്ന നാടൻ ഇനം മരച്ചീനിക്ക് ഇത്തവണ നല്ല വിളവാണ് കിട്ടിയത്. ഡിഃറ്റി ഇനം തെങ്ങുകളുമുണ്ട്. ചാണകപ്പൊടി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
അതുകൊണ്ടു തന്നെ കൃഷിയിടത്തിൽ കീടനാശിനികൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ന്ധറബറിച്ച്ന്ധഎന്ന ഹോമിയോ വളം(ഗുളിക) രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി റബറിനു ഒഴിക്കാറുണ്ട്. ഇതുവഴി റബർക്കറയിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ടെന്നും ബിനു പറഞ്ഞു.
തെങ്ങിന് കൊക്കോ റിച്ച് എന്ന ഹോമിയോ വളം (ഗുളിക) ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് അദ്ദേഹം. മണ്ണിലെ മൂലകങ്ങൾ വർധിപ്പിക്കാനും അതുവഴി കായ്ഫലം വർധിക്കാനും ഉപയുക്തമാണ് ഇത്തരം വളങ്ങൾ എന്നാണ് ബിനു ചന്ദ്രന്റെ അഭിപ്രായം.
പല മാരക രോഗങ്ങളെയും ചെറുക്കുന്ന പഴങ്ങളും മറ്റും പുരയിടത്തിൽ നിന്നു പറിച്ചു കഴിക്കാൻ കഴിയുന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് ബിനു വ്യക്തമാക്കി. ഭാര്യ കെ. അനിത മിൽമയിൽ ജൂണിയർ സൂപ്രണ്ടാണ്.
ഏകമകൾ എ. ബി. ആദിത്യചന്ദ്ര എംഎസ്സി ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയാണ്.
ഫോണ്: 6282201226