ചില്ലറ പണിക്കാരനല്ല ഡ്രോണ്‍
Tuesday, July 8, 2025 4:57 PM IST
പാടത്തെ ചേറിൽ വിത്തുകൊട്ടയുമായി തെന്നി നടന്നു വിതച്ച് കർഷകൻ ഇനി കഷ്ടപ്പെടേണ്ടതില്ല. ഓരോ പാടത്തിനും വേണ്ട അളവിൽ നെൽവിത്ത് ഡ്രോണ്‍ വിതച്ചു തരും. മുളച്ചു പൊന്തി ഇല വീശിത്തുടങ്ങിയ നെല്ലിനിടയിലൂടെയും വരന്പിലൂടെയും നടന്നു ബുദ്ധിമുട്ടി വളപ്രയോഗവും നടത്തേണ്ടതില്ല.
കൃത്യമായ അളവിൽ ഈ യന്ത്രപ്പറവ വളം സ്പ്രെ ചെയ്യും. കീടനാശിനി പ്രയോഗം നടത്താനും ഡ്രോണുകൾക്കാവും. കുമരകം കൃഷി വിജ്ഞാന കേന്ദ്രം കോട്ടയം, ആലപ്പുഴ ജില്ലകളിൽ വിവിധയിടങ്ങളിലായി 35 ഏക്കറിൽ കഴിഞ്ഞ വർഷം ഡ്രോണ്‍ വിത നടത്തി വിജയം കണ്ടു.
മനുഷ്യസാന്നിധ്യമില്ലാതെ വിദൂര നിയന്ത്രിതമായി പറപ്പിക്കാവുന്ന ചെറുയന്ത്രമാണ് അണ്‍മാൻഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോണ്‍. കൈയിലൊതുങ്ങുന്ന റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണ്‍ കർഷകനു ചെയ്യുന്ന സഹായം അത്ര ചെറുതല്ല.
കോട്ടയം ചെങ്ങളം പുതുക്കാട്ട് പാടശേഖരത്തിൽ കുമരകം കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ ആദ്യകിസാൻ ഡ്രോണ്‍ വിത, പരന്പരാഗത നെൽകർഷകർക്കൊരു വിസ്മയക്കാഴ്ചയായിരുന്നു.
ഇതു വിജയം കണ്ടതോടെയാണു പുതുക്കാട്ട് അൻപതു പാടശേഖരത്തെ അബ്ദുൾ ജലീലിന്റെ 10 ഏക്കർ സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചു വിത നടത്തിയത്. സാധാരണ ഒരേക്കർ പാടം വിതയ്ക്കാൻ രണ്ടര മണിക്കൂർ മനുഷ്യശേഷി വേണ്ടിവരുന്നിടത്ത് ഡ്രോണ്‍ ഉപയോഗിച്ചാൽ പത്തു മിനിറ്റ് ധാരാളം.
കുമരകം കാർഷിക ഗവേഷണ കേന്ദ്രം പത്തു ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഡ്രോണിനു ഒരേ സമയം 10 കിലോ വിത്ത് വഹിക്കാൻ ശേഷിയുണ്ട്. ഒരേക്കറിൽ വിതയ്ക്കാൻ 25 കിലോ നെൽവിത്ത് മതി. തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത വിത്തുകളാണ് വിതയ്ക്കാൻ എടുക്കുന്നത്.
പാടത്തിന് അഞ്ചു മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണിൽ സീഡ് ബ്രോഡ്കാസ്റ്റർ യൂണിറ്റ് (തട്ടുപോലെയുള്ള സംവിധാനം) ഘടിപ്പിച്ചാണ് വിതയ്ക്കുന്നത്. സെക്കൻഡിൽ അഞ്ച് മീറ്റർ വേഗത്തിൽ ഡ്രോണ്‍ സഞ്ചരിക്കും.
കൃത്യമായ അകലത്തിൽ ഘടിപ്പിച്ച സീഡ് ഡിസ്പെൻസർ വേണ്ട അളവിൽ കൃത്യമായി വിത നടത്തും. പരന്പരാഗത രീതിയിൽ വിതയ്ക്കായി പാടത്ത് ഇറങ്ങേണ്ടി വരുന്പോൾ വിത്ത് ചെളിയിൽ താഴ്ന്നു പോകുന്നതിനും പാടത്തെ പുളി ഇളകുന്നതിനും സാധ്യതയുണ്ട്.
ഡ്രോണ്‍ ഉപയോഗിച്ചാൽ ഇതു രണ്ടും സംഭവിക്കില്ലെന്നതു വലിയ നേട്ടമാണ്. പാടത്തിറങ്ങി മരുന്നും വളവും നൽകുന്ന തൊഴിലാളിക്ക് ദിവസം ആയിരം രൂപയ്ക്കു മുകളിലാണ് കൂലി. ഡ്രോണിന് മണിക്കൂറിന് 600 രൂപ മാത്രമാണു വാടക.
ഒരു ദിവസം 40 ഏക്കറിൽ വിത നടത്താൻ ഈ യന്ത്രത്തിനു കഴിയുകയും ചെയ്യും. ഭക്ഷണവും പണവുമൊക്കെയായി തൊഴിലാളികളെ അന്വേഷിച്ചു നടക്കേണ്ടതുമില്ല.

വിലയിലും വലിപ്പത്തിലും ശേഷിയിലും ഡ്രോണുകൾ പലതരമുണ്ട്. ഡ്രോണുകൾ വിലക്കിഴിവോടെ കർഷകർക്കും പാടശേഖരസമിതികൾക്കും സ്വന്തമാക്കാമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അധികൃതർ അറിയിച്ചു.
കർഷക ഉത്പാദകസമിതികൾക്കും സബ്സിഡിയോടെ ഡ്രോണ്‍ സ്വന്തമാക്കാം. ഡ്രോണ്‍ ഉയോഗിച്ച് വിതച്ചുകൊടുക്കാനും വാടകയ്ക്ക് കൊടുക്കാനും വിവിധ ജില്ലകളിൽ നിരവധി സംരംഭകർ മുന്നോട്ടു വരുന്നുണ്ട്.
വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജൈവവളവും ചാഴിമരുന്നുമൊക്കെ ഡ്രോണിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരേക്കർ മരുന്നു തളിച്ചുപോകാൻ ഇതിന് പരമാവധി അഞ്ചു മിനിറ്റ് മതി. വാടക മണിക്കൂറിന് 700 രൂപ.
പത്തു ലിറ്റർ മുതൽ ഇരുപത് ലിറ്റർ വരെ കീടനാശിനി നിറച്ച ടാങ്കുകളാണ് ഡ്രോണുകളിൽ ഘടിപ്പിക്കുന്നത്. ഇലകളിൽ സൂക്ഷ്മ മൂലകങ്ങളും ജൈവവളങ്ങളും നേരിട്ട് തളിക്കുന്നത് വിളവ് വർധിപ്പിക്കാൻ സഹായകരമാകും.
ഡ്രോണുകളിലൂടെ തളിക്കുന്നത് സൂക്ഷ്മ കണികകൾ ആയതിനാൽ ചെടികൾക്ക് വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും സാധിക്കും. നിശ്ചിത അകലത്തിൽ നെൽച്ചെടികൾ വളരുന്നതിനാൽ ചെടികൾക്കിടയിലേക്കു കാറ്റും വെളിച്ചവും കയറി വളർച്ച സുഗമമാകുകയും ചെയ്യും.
കൃഷിച്ചെലവു കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും ഡ്രോണ്‍ ഏറെ ഉപകാരപ്രദമാണ്. ഡ്രോണ്‍ വിത നടത്തിയ പാടത്തു സാധാരണയിൽ കൂടുതൽ വിളവ് ലഭിക്കുന്നുണ്ടെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം വ്യക്തമാക്കി.
പതുക്കാട്ട് അൻപതു പാടശേഖരത്തിൽ അബ്ദുൾ ജലീലിന്റെ അഞ്ച് ഏക്കർ ഡ്രോണ്‍ ഉപയോഗിച്ചും അഞ്ച് ഏക്കർ സാധാരണ രീതിയിലും കഴിഞ്ഞ ഒക്ടോബറിൽ വിതച്ചിരുന്നു.
ഡ്രോണ്‍ വിതച്ച പാടത്ത് ഏക്കറിന് 30 ക്വിന്റൽ വിളവ് ലഭിച്ചപ്പോൾ സാധാരണ രീതിയിൽ വിതച്ച പാടത്ത് 20 ക്വിന്റലാണ് കിട്ടിയത്. ഇത്തരത്തിൽ ഡ്രോണ്‍ വിതയിൽ പത്ത് ക്വിന്റൽ അധികം ലഭിച്ചതോടെ ഏക്കറിൽ 28,000 രൂപ കൂടുതൽ വരുമാനമുണ്ടായി.
ഒരേക്കറിൽ ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കാൻ 500-700 രൂപയാണ് ചെലവ് വരുന്നത്. ഒരേക്കറിൽ 30 ക്വിന്റൽ വിളവ് ലഭിച്ചാൽ നിലവിലെ വരുമാനം 84,960 രൂപ. മനുഷ്യശേഷിയിൽ നടത്തുന്ന വിത നടത്താൻ ദിവസ വേതനം 800-1000 രൂപ. 20 ക്വിന്റൽ വിളവുണ്ടായാൽ ലഭിക്കാവുന്ന വരുമാനം 56, 640 രൂപ.
കേരളത്തിലെ കൃഷിയിടങ്ങളിൽ യന്ത്രവത്കരണം ഏറ്റവുമധികവും ഏറ്റവുമാദ്യവും സാധ്യമായ വിള നെല്ലാണ്. ട്രാക്ടറിലും ടില്ലറിലും തുടങ്ങിയതാണ് നെൽപ്പാടങ്ങളിലെ യന്ത്രസാന്നിധ്യം.
പിന്നാലെ സ്പ്രേയറുകൾ, കോണോവീഡറുകൾ, സീഡറുകൾ എന്നിവ മുതൽ കൊയ്ത്ത് മെതി യന്ത്രം വരെ എത്തി. ഡ്രോണിന്റെ വരവോടെ പാടത്തിറങ്ങാൻ ആളില്ലെന്ന പരാതിക്കു കൂടി പരിഹാരമാകും.
മാത്രവുമല്ല, ഡ്രോണ്‍ ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവർ വേണമെന്നതിനാൽ പുതിയ തലമുറയിൽ ഏറെ തൊഴിൽ അവസരങ്ങളും മുന്നിലുണ്ട്. വിളകളുടെ വളർച്ചഘട്ടങ്ങൾ, ആരോഗ്യം, മണ്ണിന്റെ വ്യതിയാനം എന്നി വയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും ഇക്കാലത്ത് ഡ്രോണ്‍ പ്രയോജനപ്പെടുന്നുണ്ട്.
നെല്ലിൽ മാത്രമല്ല റബർ തോട്ടങ്ങളിലെ സ്പ്രെയിംഗിനും ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്ന കാലം വിദൂരമല്ല. കൃഷിയിടം നനയ്ക്കാനും ഡ്രോണുകൾക്ക് കഴിയും.
ഫോണ്‍: 6238092782