മാങ്കോസ്റ്റിൻ: കഴിക്കാൻ പഴം കുടിക്കാൻ ചായ
Saturday, August 9, 2025 4:57 PM IST
പഴവർഗ കർഷകരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ മാങ്കോസ്റ്റിൻ, പഴവിപണിയിൽ മാത്രല്ല, മൂല്യവർധിത ഉത്പന്നങ്ങളിലും ശ്രദ്ധ നേടിത്തുടങ്ങി. രുചിയും ഔഷധഗുണങ്ങളും ഏറെയുള്ള മാങ്കോസ്റ്റിൻ പഴങ്ങൾക്കു ദേശീയ അന്തർദേശീയ മാർക്കറ്റുകളിൽ വലിയ ഡിമാൻഡാണ്.
വിറ്റാമിനുകളും ധാതുക്കളും നിരോക്സികാരികളും അടങ്ങിയ മാങ്കോസ്റ്റിൻ പഴങ്ങൾക്ക് ആവശ്യക്കാരേറെ. കട്ടിയുള്ള പുറംതോടിനുള്ളിൽ കുടംപുളിയുടെ ഉള്ളിലെ മാംസളമായ ഭാഗംപോലെ മൃദുലമായ അല്ലികളുടെ പൾപ്പാണ് കഴിക്കാൻ ഉപയോഗിക്കുന്നത്.
പുറംതോട് പുറത്തേക്കു വലിച്ചെറിഞ്ഞു കളയുകയും ചെയ്യും. അങ്ങനെ വെറുതെ കളയുന്ന പുറംതോടിൽ നിന്നു തൃശൂർ ചാലക്കുടി പരിയാരം മുത്തേടൻ തോംസണും മകൻ മിഥുനും ചേർന്ന് തായ്ലൻഡ് രീതിയിൽ നിർമിച്ചെടുക്കുന്ന ചായപ്പൊടിയാണ് മാർക്കറ്റിലെ ഇപ്പോഴത്തെ താരം.
2017-ലാണ് മാങ്കോസ്റ്റിൻ ചായപ്പൊടിയുടെ ഉത്പാദനം തുടങ്ങുന്നത്. ഇതുവഴി ഇരുവരും നേടുന്നതു മികച്ച വരുമാനം.
തുടക്കം
പരന്പരാഗതമായി മാങ്കോസ്റ്റിൻ കർഷകരാണു മൂത്തേടൻ തോംസണും കുടുംബവും. ഏകദേശം നൂറ് വർഷങ്ങൾക്കു മുന്‍പ് സിലോണ്‍ സന്ദർശനത്തിനു പോയ വല്യപ്പൻ ജേക്കബ് മൂത്തേടനാണ് മാങ്കോസ്റ്റിൻ തൈകൾ നാട്ടിലെത്തിച്ചത്.
അദ്ദേഹം അന്നു നട്ട മരങ്ങളിൽ ചിലത് ഇപ്പോഴും തോംസണ്‍ സംരക്ഷിച്ചു വളർത്തുന്നുണ്ട്. പഴങ്ങൾക്കൊപ്പം തൈ ഉത്പാദനവും വിതരണവും പണ്ടു മുതൽക്കെയുണ്ട്. അന്‍പത് വർഷത്തിലേറെ പ്രായമുള്ളതും മികച്ച വിളവ് നൽകുന്നതുമായ മരങ്ങളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങളാണ് വിത്തിനായി തെരഞ്ഞെടുക്കുന്നത്.
ഉഴുത് മറിച്ച സ്ഥലത്താണ് വിത്തുകൾ പാകി മുളപ്പിക്കുന്നത്. ഇവ പിന്നീട് കവറുകളിലാക്കി രണ്ടു വർഷം വളർത്തി വിൽക്കുന്നതാണ് രീതി. ഗ്രാഫ്റ്റ് തൈകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അവയ്ക്ക് വളർ ച്ചയും വിളവും താരതമ്യേന കുറവായിരിക്കും.
കൃഷി രീതി
നല്ല നീർവാർച്ചയും ധാരാളം ജൈവാംശവുമുള്ള മണ്ണാണ് ഉത്തമം. മങ്കോസ്റ്റിന്റെ വേരുകൾ ഉപരിതലത്തിലാണ് കൂടുതലായും വളരുന്നത്. അതുകൊണ്ട് മണ്ണിന് ഇളക്കം ഉണ്ടാക്കരുത്. നല്ല സൂര്യപ്രകാശം വേണം.
എന്നാൽ, നട്ട് ഒരു വർഷം വരെ തണൽ അവശ്യമാണ്. ഏക വിളയാണെങ്കിൽ തൈകൾ തമ്മിൽ മുപ്പതടി അകലമുണ്ടാവണം. തായ് ലൻഡ് രീതിയിൽ പ്രൂണ്‍ ചെയ്ത് ഉത്പാദനം കൂട്ടുന്ന രീതിയിലാണെങ്കിൽ ഇരുപത് അടി അകലം മതി. മൂന്നു വർഷത്തിലേറെ പ്രായമുള്ളതും വളർച്ചയുള്ളതുമായ തൈകളാണ് നടാൻ നല്ലത്.
ഒരു മിറ്ററോളം സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് ശീമക്കൊന്നയിലകൾ നിറച്ച് (ജൈവ അവശിഷ്ടങ്ങളുമാകാം) ചാണകവും കോഴിവളവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്ത് മഴയുടെതുടക്കത്തിൽ സമനിരപ്പിൽ നിന്ന് അല്പം ഉയരത്തിൽ മണ്ണിട്ട് മൂടി തൈകൾ നടാം. മഴക്കാലത്ത് ചുവട്ടിൽ വെള്ളം കെട്ടി നിൽക്കരുത്.
ഇലകൾ മണ്ണിൽ അലിഞ്ഞ് ചേരുന്നതനുസരിച്ച് ആവശ്യത്തിന് മണ്ണിട്ടു നൽകണം. വർഷത്തിൽ രണ്ടുവളം മതിയാകും. പച്ചചാണകമാണ് ഏറ്റവും അനുയോജ്യം. മരങ്ങളുടെ ചുവട് കളക്കരുത്.
വളങ്ങൾ ചുവട്ടിൽ വിതറിയശേഷം അതിന് മുകളിൽ മണ്ണ് വിതറുന്ന രീതിയാണ് നല്ലത്. കടുത്ത വേനലിൽ നന അത്യാവശ്യം. പൊതുവെ രോഗകീടബാധ കുറവാണ്. തെങ്ങിൻ തോട്ടങ്ങളിലും മാങ്കോസ്റ്റിൻ കൃഷി ചെയ്യാം.
വിളവെടുപ്പ്
കാലാവസ്ഥയും പരിചരണവും അനുകൂലമായാൽ എട്ടാം വർഷം മാങ്കോസ്റ്റിൻ പുഷ്പിക്കാൻ തുടങ്ങും. പുഷ്പിച്ച് തുടങ്ങിയാൽ മൂന്നാം വർഷം മുതൽ മികച്ച വിളവ് ലഭിച്ചു തുടങ്ങും. പൂവിട്ട് മൂന്ന് മാസം കഴിയുന്നതോടെ വിളവെടുപ്പിന് പാകമാകും.
മികച്ച മരങ്ങളിലെ 10 മുതൽ 15 വരെ കായകൾ ഒരു കിലോ തൂക്കം വരും. കായകൾ മരങ്ങളിൽ നിർത്തി പഴുപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. പ്രായമായ മരങ്ങളിൽ നിന്ന് 20 കിലോയ്ക്ക് മുകളിൽ പഴം ലഭിക്കും. സൂക്ഷിപ്പ് കാലം കൂടുതലുള്ള പഴമാണിത്. വേനലിന്റെ കാഠിന്യത്തെ ചെറുക്കാൻ പറ്റിയ പാനിയമാണ് മാങ്കോസ്റ്റിൻ ജ്യൂസ്.
തൃശൂർ, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണു കൂടുതൽ കൃഷിയുള്ളത്. തൃശൂർ, ചാലക്കുടി, പരിയാരം ഗ്രാമങ്ങളിലെ ഒട്ടുമിക്ക വീടുകളിലും മാങ്കോസ്റ്റിൻ മരങ്ങളുണ്ട്. 20 വർഷം പ്രായമുള്ള മരങ്ങളിൽ നിന്ന് 100 കിലോ വരെ പഴങ്ങൾ ലഭിക്കും.
ആരോഗ്യം സംരക്ഷിച്ച് പരിപാലിച്ച് വരുന്ന മരങ്ങൾ അൻപത് വർഷമാകുന്നതിന് മുന്‍പായി 500 കിലോ വരെ പഴങ്ങൾ നൽകുന്നുണ്ട്. മൊത്ത വില്പനയിൽ കർഷകന് ലാഭം കുറവാണ്. തൈകൾ ഉത്പാദിപ്പിച്ച് വില്പന നടത്തിയാൽ മികച്ച നേട്ടം ഉറപ്പാണ്.
മൂല്യവർധന
ബാംഗളൂരിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന മിഥുൻ തോംസണ്‍, ജോലിയുടെ ഭാഗമായി നടത്തിയ തായ്ലൻഡ് യാത്രയിലാണ് മാങ്കോസ്റ്റിൻ ചായയുടെ രുചി അറിഞ്ഞത്. തിരിച്ചെത്തിയ മിഥുൻ പിതാവുമായി ആലോചിച്ച് ഒരു പരീക്ഷണമെന്ന നിലയിൽ ചായപ്പൊടി നിർമിക്കാ നുള്ള ശ്രമം തുടങ്ങി.
തൈകളുടെ ഉത്പാദനത്തിനായി വിത്തുകൾ ശേഖരിക്കുന്പോൾ പാഴാക്കി കളയുന്ന പുറംതൊണ്ട് ശുദ്ധീകരിച്ച് ഉണക്കിപ്പൊടിച്ചാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. അങ്ങനെയുണ്ടാക്കിയ ചായപ്പൊടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞെടുത്തവർക്ക് നൽകി. നല്ല പ്രതികരണമാണ് അവരിൽ നിന്ന് ലഭിച്ചത്.
തുടർന്ന് നാല് തരത്തിലുള്ള മാങ്കോസ്റ്റിൻ ചായപ്പൊടികൾ മാർക്കറ്റിലെത്തിച്ചു. പുറംതൊണ്ട് പൊടിയും ജാതി പത്രി, മിന്റ് എന്നിവയും ചേർത്തുണ്ടാക്കുന്ന ഹെർബൽ ടീയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഒരു പായ്ക്കറ്റിൽ അഞ്ച് ഗ്രാം വീതമുള്ള 20 ടീ ബാഗുകളുണ്ടാകും.
349 രൂപ യാണ് വില. ഇതിൽ 96 ശതമാനവും മാങ്കോസ്റ്റിൻ പൊടിയാണുള്ളത്. നല്ലപോലെ തിളച്ച ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ബാഗ് ഇട്ട് ആവശ്യത്തിന് മധുരം ചേർത്താണ് കുടിക്കേണ്ടത്.
40 ശതമാനം ജൈവ ചായപ്പൊടിയും ബാക്കി മാങ്കോസ്റ്റിൻ പൊടിയും ചേർത്തുണ്ടാക്കുന്നതും പൂർണമായും മാങ്കോസ്റ്റിൻ മാത്രമുള്ളതും ജാതി പത്രും കുരുമുളളകും ചേർത്ത മാങ്കോസ്റ്റിൻ ചായപ്പൊടിയും മാർക്കറ്റിലെത്തിച്ചിട്ടുണ്ട്.
ഓണ്‍ ലൈനാ യിട്ടാണ് പ്രധാന വില്പന. പരിയാരത്ത് ഒരു ഔട്ട്ലറ്റ് ഉണ്ട്. ആവശ്യക്കാർക്ക് എക്സ്പോർട്ട് ക്വാളിറ്റി മാങ്കോസ്റ്റിൻ പഴങ്ങളും ഓണ്‍ലൈനായി എത്തിച്ചു കൊടുക്കുന്നുണ്ട്.
വില കിലോയ്ക്ക് 500 രൂപ. ആദ്യകാലത്ത് പൾപ്പ് ഉപയോഗിച്ച് ഹൽവ, മിഠായി തുടങ്ങിയവ തോംസണിന്റെ ഭാര്യ കൊച്ചുറാണി ഉണ്ടാക്കിയിരുന്നു. സീസണിൽ ജ്യൂസും ഉത്പാദിപ്പിക്കുമായിരുന്നു.
ഫോണ്‍: മിഥുൻ - 9946070908, തോംസണ്‍-9946634161.