മലങ്കര ജലാശയതീരത്ത് ദൃശ്യചാരുത പകർന്ന് മുളങ്കൂട്ടം
Thursday, September 18, 2025 11:10 AM IST
മലങ്കര ജലാശയത്തിനു സമീപം ഇടതൂർന്നു വളർന്നുനിൽക്കുന്ന മുളങ്കാടുകൾ സഞ്ചാരികൾക്ക് ദൃശ്യവിരുന്നാകും. ആലക്കോട് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളുടെ സംഗമ സ്ഥാനമായ ആനക്കയം, തലയനാട് പ്രദേശത്തുള്ള ഇവിടം മനോഹരമായ ടൂറിസം കേന്ദ്രമാക്കാനാണ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കുന്നത്.
ആനക്കയം-കോളപ്ര റോഡിന് ഇരു വശത്തുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന മുളങ്കാടുകൾ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യചാരുതയാണ് പകർന്നുനൽകുന്നത്. സിനിമാ രംഗത്തുള്ളവരുടെയും ഇഷ്ട കേന്ദ്രമാണ് ഇവിടം. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടന്പിയുടെ ചിത്രീകരണം ഇവിടെയായിരുന്നു നടന്നത്.
മലങ്കര ജലാശയത്തോട് ചേർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങളുടെ അഴക് ഒന്നു വേറെ തന്നെ. പാതയ്ക്ക് ഇരു വശത്തുമായി നിൽക്കുന്ന മുളങ്കൂട്ടം ഇപ്പോൾ പന്തലിച്ചു നിൽക്കുകയാണ്. ഇതിനിടയിലൂടെ മുളങ്കാടുകളുടെ മർമരം കേട്ട് ജലാശയത്തിൽ നിന്നുള്ള ഇളം തെന്നലേറ്റ് നടക്കാം.
ഇപ്പോൾ തന്നെ ഫോട്ടോ ഷൂട്ടിനായും ചിത്രങ്ങൾ പകർത്താനും ഒട്ടേറെ പേർ ഇവിടെയെത്തുന്നുണ്ട്. പഞ്ചായത്തിന്റെ മുൻ ഭരണ സമിതിയുടെ ശിപാർശ പ്രകാരം 2023-24 വർഷത്തിൽ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനായി അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ച് മുളങ്കാടുകൾ സംരക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഇവിടം മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. മുളങ്കാടുകളുടെ സംരക്ഷണത്തോടൊപ്പം ചിൽഡ്രൻസ് പാർക്ക്, നടപ്പാതകൾ, ഓപ്പണ് ജിംനേഷ്യം എന്നിവയും ആദ്യഘട്ടത്തിൽ ഒരുക്കാനാണ് തീരുമാനം.
പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിനു മുന്നോടിയായി മുൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുളങ്കാടുകൾ സന്ദർശിച്ചിരുന്നു. തുടർന്ന് വിശദമായ പദ്ധതി രേഖ തയാറാക്കാൻ നിർദേശവും നൽകി. പിന്നീട് ഡിപിആർ തയാറാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കി വച്ചതായി പ്രസിഡന്റ് ടോമി കാവാലം പറഞ്ഞു.
വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയാലുടൻ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും. സർക്കാർ ഫണ്ടിനു പുറമേ വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ലഭ്യമാക്കി ആകർഷകമായ പദ്ധതികൾ നടപ്പാക്കാനും ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികൾ പ്രാവർത്തികമായാൽ മലങ്കര തീരത്തെ ഈ മുളങ്കാടുകൾ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമ പകരും.