വൈക്കം കരിനിലങ്ങളിലെ നെല്‍കൃഷി പ്രശ്‌നങ്ങള്‍
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ മണ്ണ് പൊതുവെ ഫലഭൂയിഷ്ടതയേറിയതാണ്. ഇവിടെ കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും നൂറുമേനി വിളവും ലഭിക്കുന്നു. എന്നാല്‍ കുട്ടനാട്ടിലെ 9000 ഹെക്ടര്‍ വിസ്തൃതിയുള്ള കരിനിലങ്ങളില്‍ അവസ്ഥ വിപരീതമാണ്. അമ്ലതയുടെ ആധിക്യവും മൂലകങ്ങളുടെ അഭാവവും നിമിത്തം ഈ പാടങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് പരിമിതമായ വിളവു മാത്രമേ ലഭിക്കുന്നുള്ളൂ. രണ്ടുതരം കരിനിലങ്ങളാണ് കുട്ടനാട്ടിലുള്ളത്. ഒന്ന് ആലപ്പുഴ ജില്ലയിലെ പുറക്കാട് കരിയും മറ്റേത് കോട്ടയം ജില്ലയിലെ വൈക്കം കരിയും. ഇവയില്‍ വൈ ക്കം കരിനിലങ്ങളിലാണ് പ്രശ്‌നങ്ങളുടെ തീവ്രത ഏറെയുള്ളത്.

കരിനിലങ്ങളിലെ മണ്ണിന്റെ സ്വഭാവം

മണ്ണില്‍ പൊതുവെ ജൈവകാര്‍ബണ്‍ വളരെ കൂടുതലാണ്. എന്നാല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മ ഗ്നീഷ്യം എന്നിവയുടെ ലഭ്യത തീരെ കുറവാണ്. അതേ സമയം സൂക്ഷ്മമൂലകമായ ഇരുമ്പ് അഞ്ച് പിപിഎം അളവില്‍ മാത്രം വേണ്ട പ്പോള്‍ ഈ മണ്ണില്‍ ആയിരമോ അതിലധികമോ പിപിഎം കണ്ടുവരുന്നു. ഇത് നെല്ലിന് ദോഷകരമാണ്. ഇതോടൊപ്പം മറ്റു സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സി ങ്ക്, കോപ്പര്‍ എന്നിവയും ധാരാളമായി ലഭ്യമാണെങ്കിലും അമിത ജൈ വാംശം മൂലം ചിലപ്പോള്‍ കോപ്പറിന്റെ അപര്യാപ്തതയും പ്രകടമാണ്. മറ്റൊരു സൂക്ഷ്മമൂലകമായ ബോറോണിന്റെ അഭാവവും കരിനിലങ്ങളില്‍ വ്യാപകമാണ്.

അടിമണ്ണിലെ സള്‍ഫറിന്റെ ആധിക്യം മണ്ണിന്റെ അമ്ലതയ്ക്കു ള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചും നിലം ഉണക്കുമ്പോള്‍ ഇവ സള്‍ഫ്യൂറിക് അമ്ലമായി മാറുന്നു. കരിനിലങ്ങളില്‍ കൊയ്ത്തു മെതിയന്ത്രം ഇറങ്ങുന്നതിനായി നിലത്തെ പാകപ്പെടുത്തുന്നതിന് വേണ്ടി പലപ്പോഴും മാസങ്ങളോ ളം നിലം ഉണക്കിയിടുന്ന സാഹചര്യമുണ്ട്.

ഇതും പാടങ്ങളില്‍ അമ്ലതയുടെ തോത് ഗണ്യമായി ഉയരുന്നതിനു കാരണമാണ്. ഘനമൂലകമായ അലൂമിനിയവും ഈ മണ്ണില്‍ പൊതുവേ കൂടുതലാണ.് ഇരുമ്പ്, അലൂമിനിയം എന്നിവയുടെ അമിതസാന്നിധ്യം നെല്‍ ച്ചെടിയുടെ വേരുവളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. വേനല്‍ക്കാലത്ത് വേമ്പനാട്ടുകായലില്‍ നിന്നും കയറുന്ന ഉപ്പു വെള്ളം മണ്ണിലെ ലവണാംശം പ്രത്യേകിച്ചും സോഡിയത്തിന്റെ സാന്ദ്രത കൂട്ടുന്നു. പുഞ്ചകൃഷിയില്‍ ഉപ്പുകയറി വിളനാശം സംഭവിക്കുന്നത് ഇവിടെ പതിവാണ്. കരിനിലങ്ങളില്‍ നെല്‍കൃഷിക്കു സ്വീകരിക്കേണ്ട ശാസ്ത്രീയ കൃഷി രീതികള്‍ ചുവടെ.

1. വര്‍ഷകാലകൃഷിമാത്രം ചെയ്യുക. വേനല്‍കൃഷി ചെയ്യുന്നുണ്ടെങ്കില്‍ തുലാമാസത്തില്‍ വിതകഴിയുന്നതരത്തില്‍ ചെയ്യുക.
2. നിലം കഴിവതും ദീര്‍ഘകാലത്തേക്ക് ഉണക്കാതിരിക്കുക.
3. നിലമൊരുക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കായി ചെറിയ ചാലുകള്‍ ഇടുന്നത് പുളി കഴുകി പ്പോകുന്നതിനു സഹായിക്കും.
4. രണ്ടാഴ്ച ഇടവിട്ട് വെള്ളം കയറ്റി പാടം കഴുകിക്കളയുക.
5. കുമ്മായ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കാത്സ്യത്തോടൊപ്പം മഗ്നീഷ്യവും ലഭിക്കുന്ന ഡോളോമൈറ്റ് ഉപയോഗിക്കു കയാണെങ്കില്‍ ചെലവുകുറയും, ഒപ്പം മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാനുമാവും. ഒരു ഏക്കര്‍ നിലത്തിന് 180 കിലോ ഡോളോമൈറ്റ് രണ്ടുതവണകളായി നല്‍കണം. ആദ്യഗഡുവായ 100 കിലോ രണ്ടാം ചാല്‍ ഉഴുന്നതിനൊപ്പം നല്‍കുന്നതാണ് അനുയോജ്യം. ബാക്കിയുള്ള ഡോളോമൈറ്റ് ഒന്നാം വളത്തിന് ഒരാഴ്ച മുതല്‍ 10 ദിവസത്തിന് മുമ്പായും നല്‍കി, മണ്ണിലെ പുളി കഴുകിക്കളയണം. കക്കയാണ് നല്‍കുന്നതെങ്കില്‍ നന്നായി പൊടിഞ്ഞ നീറ്റുകക്ക ഏക്കറിന് 140 കിലോ രണ്ടുതവണകളായി 80 കിലോ, 60 കിലോ എന്ന തരത്തില്‍ നല്‍കണം.


പ്രധാന മൂലകങ്ങളും അവയുടെ പ്രയോഗവും

മണ്ണുപരിശോധിച്ച് ആവശ്യമുള്ള അളവില്‍ മാത്രം വളം നല്‍കുന്നത് മണ്ണിലെ പോഷകമൂലകങ്ങളുടെ സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കും. മധ്യകാല മൂപ്പുള്ള അത്യുത്പാദനശേഷിയുള്ള ഉമ പോലുള്ള നെല്‍ വിത്തിനങ്ങള്‍ക്ക് ആവശ്യമുള്ള വളങ്ങളുടെ തോതും താഴെ സൂ ചിപ്പിക്കുന്നു.

നൈട്രജന്‍

നേരത്തേ സൂചിപ്പിച്ചപോലെ കരിനിലങ്ങളില്‍ ലഭ്യമായ നൈട്രജന്റെ അപര്യാപ്തത വ്യാപകമാണ്. അതിനാല്‍ ഏക്കറിന് 80 കിലോ യൂറിയ വിതച്ച് 15-20-ാം ദിവസം, 30-35-ാം ദിവസം, 50-55-ാം ദിവസവും എന്നിങ്ങനെ മൂന്നു തവണകളായി നല്‍കണം.

ഫോസ്ഫറസ്

ഈ നിലങ്ങളിലെ ഇരുമ്പ് , അലൂമിനിയം സംയുക്തങ്ങള്‍ ഫോ സ്ഫറസിന്റെ ലഭ്യത കുറയ്ക്കുന്നു. പുളിരസം കൂടിയ മണ്ണില്‍ മെല്ലെ അലിഞ്ഞു ചേരുന്ന റോക്ക് ഫോസ്‌ഫേറ്റ് , രാജ്‌ഫോസ്, മസൂറിഫോസ് തുടങ്ങിയ വളങ്ങളാണ് ഈ നിലങ്ങള്‍ക്ക് അനുയോജ്യം. രണ്ടാം ചാല്‍ ഉഴുന്നതിനൊപ്പം മുഴുവന്‍ വളവും നല്‍കണമെന്നു മാത്രം. ഇവയില്‍ കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പുളികുറയ്ക്കുന്നതിനും സഹായകമാണ്. ഏക്കറിന് 90 കിലോ രാജ്‌ഫോസ് ഒറ്റത്തവണയായി നല്‍കാം.

പൊട്ടാസ്യം

കൊയ്ത്ത് മെതിയന്ത്രമുപയോഗിക്കുന്നതിനാല്‍ വൈക്കോ ല്‍ ധാ രാളമായി മണ്ണിലടിയുന്ന നിലങ്ങളില്‍ ആവശ്യാനുസരണം പൊട്ടാ സ്യം ലഭ്യമായികാണുന്നു. എന്നാ ല്‍ ഇരുമ്പിന്റെ അമിതമായ സാന്നിധ്യം നെല്ലില്‍ പൊട്ടാസ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. ഇത് പലപ്പോഴും നെന്മണികളുടെ തൂക്കക്കുറവിനും വിളവു കുറയുന്നതിനും കാരണമാകുന്നു. ശിപാര്‍ശ അനുസരിച്ചുള്ള 30 കിലോ പൊട്ടാഷ് മൂന്നു തവണകളായി യൂറിയയ്‌ക്കൊപ്പം നല്‍ കാം.

ഇലവഴിയുള്ള പോഷണം

ഇരുമ്പ്, അലൂമിനിയം, സള്‍ ഫര്‍ തുടങ്ങിയ സംയുക്തങ്ങളുടെ ആധിക്യം മൂലം നെല്ലിന്റെ വേരുവളര്‍ച്ച മന്ദീഭവിക്കുന്നു. അടിക്കണയുടെ സമയത്ത് വേരിന്റെ നീളവും വ്യാപ്തിയും കുറയുന്നു. ഇത് ആവശ്യത്തിനു മൂലകങ്ങള്‍ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു.

അടിക്കണയുടെ ഘട്ടത്തിലു ണ്ടാകുന്ന പോഷണക്കുറവ് നെന്മണിയുടെ തൂക്കത്തെയും വിളവിനെയും ബാധിക്കും. അതിനാല്‍ ഈ സമയത്ത് ഇലകള്‍ വഴി മൂലകങ്ങള്‍ തളിച്ചു കൊടുക്കുന്നത് മൂലകങ്ങളുടെ പ്രത്യേകിച്ചും പൊട്ടാസ്യത്തിന്റെ ലഭ്യതയ്ക്കു സഹായകമാണ്. ഇതിനായി വെള്ളത്തില്‍ അലിയുന്ന പൊട്ടാസ്യം നൈട്രേറ്റ് ഒരു ശതമാനം വീര്യം - 10 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചു കൊടുക്കാം.

സൂക്ഷ്മമൂലകങ്ങളുടെ അപര്യാപ്തതയും ഈ രീതിയില്‍ പരിഹരിക്കാം. കാര്‍ഷിക സര്‍വകലാശാലയുടെ ഉത്പന്നമായ സമ്പൂ ര്‍ണ എന്ന മിശ്രിതം 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടോ മൂന്നോ തവണ നല്‍കിയാല്‍ പ്രധാന മൂലകങ്ങളായ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയും സൂക്ഷ്മമൂലകങ്ങളായ സിങ്ക്, ബോറോണ്‍ എന്നിവയും ലഭിക്കും.

ഇപ്രകാരമുള്ള ശാസ്ത്രീയ വളപ്രയോഗവും അമ്ലതാ നിവാരണ മാര്‍ഗങ്ങളും അവലംബിക്കുക വഴി കരിനിലങ്ങളിലെ വിളവു കൂട്ടാന്‍ നമുക്ക് സാ ധിക്കും.

ഡോ. ദേവി വി. എസ്
അസി. പ്രഫസര്‍, അഗ്രോണമി, കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം