അതിജീവനത്തിന്റെ കൃഷിശാസ്ത്രത്തില്‍ ടോമിക്ക് നൂറില്‍ നൂറ്
അതിജീവനത്തിന്റെ കൃഷിശാസ്ത്രത്തില്‍ ടോമിക്ക് നൂറില്‍ നൂറ്
Wednesday, December 19, 2018 3:35 PM IST
പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്കു തിരിഞ്ഞ ടോമിക്ക് നൂറുമേനി. പ്രതിസന്ധികളില്‍ തളരാതെ വിത്തുമുതല്‍ വിപണിവരെ ഏകീകരിച്ച് മുന്നേറുകയാണ് ഈ യുവകര്‍ഷകന്‍. ചേര്‍ത്തല തിരുനെല്ലൂര്‍ എന്‍.എസ്.എസ് കോളജിനു സമീപം വൃന്ദാവന്‍ ഗാര്‍ഡനിലെ തന്റെ ഒരേക്കറിലാണ് ടോമി കൂമ്പയില്‍ കൃഷിവിസ്മയങ്ങള്‍ തീര്‍ക്കുന്നത്.

എട്ടു വര്‍ഷത്തെ അയര്‍ലന്‍ഡ് ജീവിതത്തിനു ശേഷം തന്റെ സ്വപ്നമായ കൃഷിയിലേക്ക് തിരിയുകയായിരുന്നു ടോമി. പള്ളിപ്പുറത്തെ പഞ്ചാരമണലിനുമുകളില്‍ ഗ്രാവല്‍ ഇറക്കിയാണ് കൃഷിയിടം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഏത്തവാഴയാണ് പ്രധാനവിള. 600 ഏത്തവാഴയും, 200 ഞാലിപ്പൂവന്‍ വാഴയും ഇടവിളയായി കപ്പയും പയറും നട്ടു. തമിഴ്‌നാട്ടിലെ മേട്ടുപ്പാള യത്തു നിന്നാണ് വാഴവിത്തു വാങ്ങിയത്. ഒരടി സമചതുരത്തില്‍ കുഴികളെടുത്തു. കുമ്മായം വിതറി. കൃഷിയില്‍ സുരയും രമേശനും സഹായികളായപ്പോള്‍ അടുക്കും ചിട്ടയും കൈവന്നു. ഒരുകുഴിയില്‍ രണ്ടുകിലോ ലഭിക്കത്തക്ക രീതിയില്‍ ചാണകപ്പൊടിചേര്‍ത്തു. മാര്‍ച്ച് 28ന് നട്ടവാഴ ഏഴുമാസം കൊണ്ട് നവംബറില്‍ വിളവെടുപ്പു പാകമായി. ജൈവ രീതിയാണ് കൃഷിയില്‍ അവലംബിച്ചത്. നട്ട് രണ്ടുമാസത്തിനു ശേഷം തൈ ഒന്നിന് അഞ്ചു കിലോ വീതം ഉണക്കച്ചാണകം നല്‍കി. കോഴിവളം എട്ടുകിലോ വീതവും ചുവട്ടില്‍ നിന്ന് അല്‍പം മാറി ഇട്ടു. 200 ഗ്രാം വീതം പൊട്ടാഷും തൈ ഒന്നിന് എന്ന രീതിയില്‍ നല്‍കി. പുരയിടത്തിലെ കുഴല്‍ക്കിണറാണ് വാഴകള്‍ക്ക് ജീവജലം നല്‍കുന്നത്. വേനല്‍ക്ക് മൂന്നു ദിവസത്തിലൊരിക്കല്‍ നന കൃത്യമായി നടത്തി.

ഇടവിളയായി പച്ചക്കറികളും

ഇടവിളക്കൃഷിയിലൂടെയും ടോമി നല്ല വരുമാനമുണ്ടാക്കി. വാഴവിത്ത് നട്ടയുടനെ പയര്‍ വാഴത്തടത്തിലിട്ടു. വാഴയ്ക്കു നല്‍കുന്ന വളം കൊണ്ട് പയര്‍ നന്നായി വിളഞ്ഞു. ചെറുപയറാണ് കൃഷി ചെയ്തത്. ഇതിനിടയിലായി പച്ചമുളക്, വെള്ളരി എന്നിവയും കൃഷിചെയ്തു. വാഴ ഇവയെയും സഹായിച്ചു.

പ്രതിസന്ധികളില്‍ പതറാതെ


ബോറോണ്‍ അഭാവം മൂലം വാഴയുടെ ഇലകള്‍ ചുരുളുന്നതായിരുന്നു ആദ്യ പ്രതിസന്ധി. പള്ളിപ്പുറം കൃഷിഭവനിലെ അസി.കൃഷി ഓഫീസര്‍ മനുവാണ് ഇത് ബോറോണിന്റെ അഭാവമാണെന്നു കണ്ടെത്തിയത്. ഇതു നികത്താന്‍ ബോറാക്‌സ് ചുവട്ടില്‍ നല്‍കുകയും ഇലകളില്‍ സ്േ്രപ ചെയ്യുകയും ചെയ്തു. അങ്ങനെ ഇതു മാറി വാഴ ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പ്രളയമെത്തുന്നത്. ഏതായാലും ജലം ഒഴുകിപ്പോകാനുള്ള ചാലുകള്‍ കൃത്യമായി നിര്‍മിച്ചിരുന്നതിനാല്‍ പ്രളയത്തെ അതിജീവിക്കാനായി.

വിപണനം നേരിട്ട്

കുലകള്‍ ഒരുമിച്ചു വിളഞ്ഞപ്പോള്‍ കൃഷിയിടത്തിനു മുന്നില്‍ തന്നെ വിപണിയൊരുക്കി. ആവശ്യക്കാര്‍ക്ക് ഫാമില്‍ നിന്നും നേരിട്ട് ഏത്തക്കുലകള്‍ കൊടുത്തു. കൃഷിയിടം സന്ദര്‍ശിക്കുന്നതിനും അവസരമുള്ളതിനാല്‍ വാങ്ങുന്നവര്‍ ഹാപ്പി. നാട്ടിലെ ചെറുവിപണികളും ടോമിയുടെ ഉത്പന്നത്തിന് വിപണിയൊരുക്കി. കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ വിപണിയായ പിഡിഎസിന്റെ സാരഥി വിക്രമന്‍ കൃഷിയിടത്തിലെത്തി കുലകള്‍ വാങ്ങി. മാരാരിക്കുളത്തെ യുവകര്‍ഷകന്‍ സുജിത്തും ടോമിയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിപണിയൊരുക്കാന്‍ രംഗത്തു വന്നു. ഇങ്ങനെയുള്ള വിപണികളെ ആശ്രയിച്ചതിനാല്‍ മൊത്തവിപണിയില്‍ കിലോയ്ക്ക് 28-29 രൂപ വിലയുള്ളപ്പോള്‍ ടോമിക്ക് 42-48 രൂപ ശരാ ശരി ലഭിച്ചു. തോട്ടത്തില്‍ തനി ക്കു സാധിക്കുന്ന പണികള്‍ സ്വ ന്തമായി ചെയ്തു യുവകര്‍ഷകന്‍ യുവജനങ്ങള്‍ക്ക് മാതൃകയാകു കയാണ്. വാഴത്തോട്ടത്തിലെ വിളവെടു പ്പ് ഉദ്ഘാടനം അരൂര്‍ എംഎല്‍ എ അഡ്വ. എ.എം.ആരിഫ് നിര്‍വഹിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ ആശംസകള്‍ നേര്‍ ന്നു. ആദ്യ ഏത്തക്കുല ഗോകു ലംസ്റ്റോഴ്‌സ് ഉടമ ഗോകുലന് കൈമാറി. ആവശ്യക്കാര്‍ക്ക് കൃഷിയിടം സന്ദര്‍ശിച്ച് നേരിട്ട് കുലകള്‍ വാങ്ങാനുള്ള അവസരവും ടോമി ഒരുക്കിയിരുന്നു. ഫോണ്‍: ടോമി- 9745502979.

ടോം ജോര്‍ജ്‌